കേരളത്തിൽ എംടെക്: അപേക്ഷ 7 വരെ
Mail This Article
കേരളത്തിലെ സർക്കാർ / എയ്ഡഡ് / സ്വാശ്രയ എൻജിനീയറിങ് കോളജുകളിലെ എംടെക്, എംആർക്, എംപ്ലാൻ പ്രവേശനത്തിന് 7 വരെ www.admissions.dtekerala. gov.in വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. രേഖകൾ അപ്‌ലോഡ് ചെയ്യണം. രേഖകളോ അപേക്ഷയുടെ പ്രിന്റോ അയച്ചുകൊടുക്കേണ്ട. പ്രവേശനവേളയിൽ നേരിട്ടു സമർപ്പിച്ചാൽ മതി. അപേക്ഷാഫീ 800 രൂപ ഓൺലൈനായി അടയ്ക്കാം; പട്ടികവിഭാഗം 400 രൂപ. വിവരങ്ങൾക്ക്: www.dtekerala.gov.in
ഓരോ ബ്രാഞ്ചിലെയും സീറ്റുകൾ 4 വിഭാഗങ്ങളിലായി തിരിച്ച് നിശ്ചയിച്ചിട്ടുണ്ട്.
1. സർക്കാർ കോളജുകൾ: കോളജ് ഓഫ് എൻജിനീയറിങ്, തിരുവനന്തപുരം / പാമ്പാടി, കോട്ടയം / തൃശൂർ / കണ്ണൂർ / ബാർട്ടൻ ഹിൽ, തിരുവനന്തപുരം / കോഴിക്കോട് / ഇടുക്കി / ശ്രീകൃഷ്ണപുരം, പാലക്കാട് / വയനാട്
2. എയ്ഡഡ് കോളജുകൾ: ടികെഎം കൊല്ലം / എംഎ കോതമംഗലം / എൻഎസ്എസ് പാലക്കാട്
3. സർക്കാർ ചെലവു പങ്കുവയ്ക്കുന്ന കോളജുകൾ: കേപ് (കിടങ്ങൂർ, പുന്നപ്ര, പെരുമൺ, തലശ്ശേരി), കെഎസ്ആർടിസി (ശ്രീചിത്ര, പാപ്പനംകോട്), എൽബിഎസ് (കാസർകോട്, വനിത പൂജപ്പുര), സിസിഇ (മൂന്നാർ), ഐഎച്ച്ആർഡി (ചേർത്തല, ചെങ്ങന്നൂർ, കരുനാഗപ്പള്ളി, മോഡൽ എറണാകുളം)
4. സ്വകാര്യ സ്വാശ്രയ കോളജുകൾ (എയ്ഡഡ് കോളജുകളിലെ 50% സ്വാശ്രയ സീറ്റുകൾ): ടികെഎം കൊല്ലം, എംഎ കോതമംഗലം
സീറ്റ് അലോട്മെന്റ്, ഫീസ് എന്നിവയിൽ 4 വിഭാഗങ്ങൾ തമ്മിൽ വ്യത്യാസമുണ്ട്. ഓരോ കോളജിലെയും പഠനശാഖകൾ, സീറ്റുകൾ, എഴുതേണ്ട ഗേറ്റ് പേപ്പറുകൾ എന്നിവ സൈറ്റിലെ എ, ബി, സി അനുബന്ധങ്ങളിലുണ്ട്.
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ അലോട് ചെയ്യുന്നവയാണ് സർക്കാർ സീറ്റുകൾ. ആദ്യത്തെ 3 വിഭാഗങ്ങളിലും ഇവയുണ്ട്. എയ്ഡഡ്, സ്വാശ്രയ കോളജുകളിലെ മാനേജ്മെന്റ് സീറ്റുകളിലെ പ്രവേശനത്തിന് ബന്ധപ്പെട്ട കോളജുകളിലേക്ക് വെവ്വേറെ അപേക്ഷിക്കണം. സ്വാശ്രയ കോളജുകളിലെ 50% സീറ്റുകളിലേക്കു മാനേജ്മെന്റ് അപേക്ഷ ക്ഷണിച്ച്, സർക്കാർ റാങ്ക്‌ലിസ്റ്റ് അനുസരിച്ച് സംവരണക്രമം പാലിച്ച് സിലക്‌ഷൻ നടത്തും. വേണ്ടത്ര അപേക്ഷകരില്ലെങ്കിൽ യോഗ്യതയുള്ള മറ്റു കുട്ടികളെ പ്രവേശിപ്പിക്കാം.
60% മൊത്തം മാർക്കോടെ യോഗ്യതാ പരീക്ഷ ജയിച്ചവർക്കാണു പ്രവേശനം; പിന്നാക്ക വിഭാഗത്തിന് 55%. പട്ടികവിഭാഗക്കാർ പരീക്ഷ ജയിച്ചാൽ മതി. ബി സെക്‌ഷന് 55% മാർക്കും ഗേറ്റ് സ്കോറുമുള്ള എഎംഐഇ / എഎംഐഇറ്റിഇക്കാരെയും പരിഗണിക്കും.
ആറാം സെമസ്റ്റർ വരെ എല്ലാ വിഷയങ്ങളും ജയിച്ചിട്ടുള്ള പക്ഷം ഫൈനൽ സെമസ്റ്റർ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം; 5–വർഷ പ്രോഗ്രാം ആകയാൽ, ബിആർക്കിന്റെ എട്ടാം സെമസ്റ്റർ വരെ. സാധാരണ ഗതിയിൽ ഗേറ്റ് സ്കോർ നോക്കിയാണ് സിലക്‌ഷൻ. വേണ്ടത്ര ഗേറ്റുകാരില്ലെങ്കിൽ ഗേറ്റില്ലാത്ത കേരളീയരെയും, അതിലും വേണ്ടത്ര അപേക്ഷകരില്ലെങ്കിൽ ഇതരസംസ്ഥാനക്കാരെയും പരിഗണിക്കും. ഗേറ്റ് സ്കോറില്ലാത്തവരുടെ സിലക്‌ഷന് ബിടെക് ആറാം സെമസ്റ്റർ വരെയുള്ള മൊത്തം മാർക്ക് നോക്കും. ബിആർക്കെങ്കിൽ എട്ടാം സെമസ്റ്റർ വരെ.ഗേറ്റ് സ്കോറുള്ളവർക്ക് എഐസിടിഇ മാനദണ്ഡപ്രകാരം നിബന്ധനകൾക്കു വിധേയമായി 24 മാസം വരെ സ്കോളർഷിപ് ലഭിക്കും.
Content Summary : Kerala M.Tech Admission 2022