ADVERTISEMENT

സ്വന്തം അധ്യാപകർക്കൊപ്പം പഠിപ്പിക്കാൻ അവസരം ലഭിക്കുന്നത് ഭാഗ്യമാണ്. അതുപോലൊരു ഭാഗ്യം തന്റെ ജീവിതത്തിലേക്കു കൊണ്ടു വന്ന ഗുരുനാഥനെ അനുസ്മരിക്കുകയാണ് ഗുരുസ്മൃതിയിൽ റിയ വർക്കി. പ്രിയ അധ്യാപകന്റെ ഉപദേശങ്ങളും സഹായങ്ങളും ജീവിതത്തെ മാറ്റിമറിച്ചതിനെക്കുറിച്ച് റിയ പറയുന്നു: 

 

വായിച്ച് പാതിയെത്തിയൊരു പുസ്തകം തെറ്റായിരുന്നുവെന്ന് മനസ്സിലാക്കുകയും ‘എക്സിസ്റ്റൻഷ്യൽ ക്രൈസിസി’ന്റെ ഇങ്ങേയറ്റത്ത് മൂക്കും കുത്തി വീഴാനിരിക്കുകയും ചെയ്തൊരു സമയത്താണ് ഞാൻ മൂവാറ്റുപുഴ നിർമല കോളജിൽ പിജിക്ക് ജോയിൻ ചെയ്യുന്നത്. മനുഷ്യന്മാരെക്കുറിച്ച് ഞാനെത്ര മുൻവിധിക്കാരിയാണെന്നുള്ള സ്വയംബോധം എനിക്ക് വന്നു ചേരുന്നതും ഇതേ കാലയളവിലാണ്. ഒരൊറ്റ സെമ്മിൽ വായിച്ച് തീർക്കാൻ വിക്കിപീഡിയയിൽ പോലും സമ്മറി ലഭിക്കാത്ത പത്തുപതിമൂന്നു നോവലുകളും എഴുതിയവർക്കു പോലും പിന്നീട് വായിച്ചാൽ മനസ്സിലാകാത്ത എണ്ണംപറഞ്ഞ കുറേ എസ്സേയുമൊക്കെ സിലബസിൽ ഉൾപ്പെടുത്തിയ യൂണിവേഴ്സിറ്റിയെ മനസ്സിൽ ശപിച്ചും തരം കിട്ടുമ്പോഴൊക്കെ ക്ലാസ് കട്ട്ചെയ്ത് സിനിമയ്ക്ക് പോയും ക്യാന്റീനിൽപോയി ചായ കുടിച്ചും സൊറ പറഞ്ഞുമൊക്കെ നടന്ന് പിജി ലൈഫ് ആനന്ദകരമാക്കാൻ ഞങ്ങളങ്ങനെ പെടാപ്പാടുപെടുന്നതിന്റെ ഇടയ്ക്കാണ് ഒരു നാടകം ചെയ്താലോ എന്ന ബുദ്ധി നിബു സാറിന്റെ തലയിൽ ഉദിക്കുന്നത്. (An idea can change your life എന്നാണല്ലോ, അതിപ്പോ വേറെ ആരുടെ ആണേലും). അങ്ങനെ ഡോ.ഫോസ്റ്റസിനെ ക്ലാസിൽ പഠിപ്പിച്ച ജേക്കബ് സാർ തന്നെ സ്റ്റേജിൽ ഫോസ്റ്റസിന് ജീവൻ പകരാനെത്തി. നാടകത്തിന്റെ പരിശീലനഘട്ടത്തിലാണ് ഞാൻ ജേക്കബ്സാറിനോട് കൂടുതൽ മിണ്ടിത്തുടങ്ങുന്നതും. ചായയിൽ മധുരം ഇടാതെ കുടിക്കുന്ന സർ ഞങ്ങൾക്ക് ഡിപ്പാർട്ട്മെന്റിൽനിന്ന് മധുരമുള്ള ചായകൾ ഉണ്ടാക്കിത്തന്നു സംസാരിച്ചു. 

 

‘‘ഈ മനുഷ്യന് എന്തൊരു ജാഡയാണ്’’ എന്ന ആദ്യ തോന്നലിൽനിന്ന്, എന്തും ഏതും വിളിച്ചു പറയാൻ പറ്റുന്ന നല്ലൊരു മനുഷ്യനിലേക്ക് വളരെപ്പെട്ടെന്നുതന്നെ ജേക്കബ്സാറിനെക്കുറിച്ചുള്ള ധാരണ മാറി എന്നുവേണം പറയാൻ. ഞങ്ങളൊരുപാട് സംസാരിച്ചു, രാഷ്ട്രീയവും മതവുമൊക്കെ ഞങ്ങളുടെ ചർച്ചകളിലെ സ്ഥിരം സാന്നിധ്യങ്ങളായി, പരസ്പരം വിയോജിക്കുമ്പോഴും ന്യായീകരിക്കുന്നതിലെ ശരികൾ കൂടി കാണിച്ച് തന്ന് കൂടുതൽ ഉയരത്തിൽ സ്വപ്നം കാണാനും ആഴത്തിൽ ചിന്തിക്കാനും പഠിപ്പിച്ചുതന്നത് ഈ മനുഷ്യനാണ്. മുൻപ് സൂചിപ്പിച്ച തെറ്റിപ്പോയ പുസ്തകത്തിലേക്ക് വീണ്ടും വായനയ്ക്കായി മടങ്ങിപ്പോകേണ്ടെന്ന് സാരോപദേശം തന്ന്, തളർന്നു പോകുമ്പോൾ ആരും താങ്ങിയില്ലെങ്കിലും കരഞ്ഞുകൊണ്ടാണെങ്കിലും എഴുന്നേൽക്കണമെന്ന് പറഞ്ഞ് എന്നെ ഒരു ദുരിതക്കയത്തിൽനിന്ന് കയറ്റിയതും ഇതേ മാഷാണ്. പിജി പഠനം കഴിഞ്ഞ് വീട്ടിൽ ഈച്ചയെ ആട്ടിയിരിക്കുന്ന സമയത്ത് തൊടുപുഴ ന്യൂമാൻ കോളേജിലേക്ക് എന്നെ പഠിപ്പിക്കാൻ ക്ഷണിച്ചതിനും എല്ലാ ദിവസവും രാവിലെ ‘good morning Riya Misse’ എന്നുപറഞ്ഞ്, പഠിപ്പിച്ച അധ്യാപകർക്കൊപ്പം പഠിപ്പിക്കാൻ ഒരവസരം ഉണ്ടാക്കിത്തന്നതിനും വാങ്ങിത്തന്നിട്ടുള്ള ചായയ്ക്കും ഷെയ്ക്കിനും പേപ്പർ നോക്കാൻ വാങ്ങിത്തന്ന ചുവന്ന മഷിപ്പേനയ്ക്കും സെൻസും സെൻസിബിലിറ്റിയും ഇല്ലാത്ത എന്റെ സംശയങ്ങൾക്ക് മറുപടി തന്നതിനും എനിക്കെന്നും നന്ദിയുണ്ട് കേട്ടോ... ഈ ലോകം അത്ര നല്ലതല്ലെങ്കിലും വായിക്കാനും പഠിപ്പിക്കാനും ചില മനുഷ്യരുള്ളപ്പോൾ it's worth living എന്ന് ഞങ്ങൾ വിദ്യാർഥികളെക്കൊണ്ട് ചിന്തിപ്പിക്കാനും ഇനിയുമിനിയും കഴിയട്ടെ...

 

പിന്നെ ഇതൊക്കെ നേരിട്ട് പറയാൻ സ്വാതന്ത്ര്യം ഉണ്ടെന്നിരിക്കെ ഇവിടെ പറഞ്ഞത് എന്തിനാണെന്നല്ലേ? അമ്പലത്തിന്റെ നടയിൽവച്ചല്ലെങ്കിലും പരസ്യമായ ഒരു ഗുരുപൂജ, അത്രയേ ഞാൻ ഉദ്ദേശിച്ചിട്ടുള്ളൂ...

 

Content Summary : Career Guru Smrithi  Riya Varkey Talks About Her Favorite Teacher

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com