ADVERTISEMENT

ബിരുദതല തസ്തികകളിലേക്കുള്ള പിഎസ്‍സി പ്രിലിമിനറി പരീക്ഷ അടുത്തമാസം നടക്കും. നേരത്തേ നടത്തിയ പത്താം ക്ലാസ്, പ്ലസ്ടു തല പ്രിലിമിനറി പരീക്ഷകളിൽ നിന്നു വ്യത്യസ്തമായി കൂടുതൽ നിലവാരത്തിലുള്ള ചോദ്യങ്ങളാണ് പ്രതീക്ഷിക്കേണ്ടത്. കഴിഞ്ഞവർഷം നടന്ന ബിരുദ പ്രിലിമിനറി പരീക്ഷയിൽ ഉന്നത നിലവാരത്തിലുള്ള ചോദ്യങ്ങൾ നമ്മൾ കണ്ടതാണ്. ഒപ്പം ഉയർന്ന കട്ട് ഓഫ് മാർക്കും കാണിക്കുന്നതു ഡിഗ്രിതല പരീക്ഷകളിലെ മത്സരത്തിന്റെ കാഠിന്യം തന്നെയാണ്. അതുകൊണ്ടു പഠനവും കൂടുതൽ ആഴത്തിൽ തന്നെയാവണം. ഇതിനായി ഹിസ്റ്ററി, ജ്യോഗ്രഫി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ് എന്നിവയ്ക്ക് പ്ലസ്ടു ടെക്സ്റ്റ് ബുക്കുകളിൽ വരുന്ന സിലബസിലെ ഭാഗങ്ങൾ മുഴുവനായും നോക്കേണ്ടതാണ്. 

 

അധിക വിവരങ്ങൾക്കായി സർവകലാശാലകളുടെ വിദൂര വിദ്യാഭ്യാസ പുസ്തകങ്ങൾ കൂടി ഉപയോഗിക്കാം. ഇവ കൂടാതെ പിഎസ്‍സി ബുള്ളറ്റിൻ പുറത്തിറക്കുന്ന ഇന്ത്യ ചരിത്രം, ശ്രീധരമേനോന്റെ കേരള ചരിത്രം, ലക്ഷ്മികാന്തിന്റെ ഇന്ത്യൻ പൊളിറ്റി എന്നീ പുസ്തകങ്ങൾ കൂടി അധികവായനയ്ക്ക് ഉപയോഗിക്കാവുന്നതാണ്. സയൻസ് ഭാഗത്തു ഹയർസെക്കൻഡറി വിഭാഗത്തിലെ പാഠപുസ്തകങ്ങളിൽ നിന്നു കൂടുതൽ ചോദ്യങ്ങൾ കാണാറുണ്ട്. മലയാളം, ഇംഗ്ലിഷ്, കണക്ക്, കറന്റ് അഫയേഴ്സ് എന്നിവ മാറ്റമില്ലാതെ തുടരുന്ന മേഖലകളാണ്. അതിനാൽ ഈ മേഖലകളിലെ മാർക്ക് പ്രിലിമിനറി മറികടക്കുന്നതിൽ നിർണായകമാണ്. 

 

ഇവിടെ നിന്ന് 20–30 മാർക്കെങ്കിലും നേടാൻ കഴിഞ്ഞില്ലെങ്കിൽ പ്രിലിമിനറി മറികടക്കാൻ ബുദ്ധിമുട്ടും. കറന്റ് അഫയേഴ്സിൽ ഇന്ത്യ, കേരളം എന്നീ ഭാഗങ്ങൾക്കു കൂടുതൽ പ്രാധാന്യം നൽകുക. സിലബസിൽ ഉൾപ്പെട്ട ഭാഗങ്ങളിൽ സ്കൂൾ പാഠപുസ്തകങ്ങളുടെയും ചോദ്യശേഖരത്തിന്റെയും സ്വാധീനം കണ്ടതാണ്. ഈ പരീക്ഷയ്ക്കും ഇതിൽ നിന്നു ചോദ്യങ്ങൾ പ്രതീക്ഷിക്കാം.

 

1) കണക്ക്- മാനസിക വിശകലനശേഷി- 20 

2) ഇംഗ്ലീഷ്- 20 

3) മലയാളം- 10 

4) കല, കായികം,സാഹിത്യം- 10 

5) ഹിസ്റ്ററി- 10 

6) സിവിക്സ്- 5 

7) ഭരണഘടന- 5 

8) ഇൻഫർമേഷൻ ടെക്നോളജി - 5 

9) ഇക്കണോമിക്സ്- 5 

10) സയൻസ് ആൻഡ് ടെക്നോളജി - 5 

11) ജ്യോഗ്രഫി - 5 

 

എന്നിങ്ങനെ ഏകദേശം മാർക്കുകൾ പ്രതീക്ഷിക്കാം. അവസാന റൗണ്ടിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പഠിച്ച കാര്യങ്ങൾ വീണ്ടും ഉറപ്പുവരുത്തുക, അവാർഡുകൾ (കേന്ദ്രത്തിലെയും കേരളത്തിലെയും), പദവികൾ, മന്ത്രിസഭ, കമ്മിഷനുകളുടെ പ്രവർത്തനങ്ങൾ, ചുമതലകൾ, എന്നിങ്ങനെയുള്ള കാര്യങ്ങൾ ഒരിക്കൽ കൂടി ശ്രദ്ധ കൊടുത്ത് മനസ്സിൽ ഉറപ്പിക്കുക. സിലബസിന് അകത്തു പറഞ്ഞ കാര്യങ്ങളിൽ ഒരിക്കൽ കൂടി ഓടിയെത്താൻ ശ്രമിക്കുക. പ്രിലിമിനറി പരീക്ഷ ആണെന്നു കരുതി നിശ്ചിത മാർക്ക് നേടാൻ മാത്രം ശ്രമിക്കരുത്. ഓരോ തസ്തികകയ്ക്കും കട്ട് ഓഫ് മാർക്ക് വ്യത്യസ്തമായിരിക്കും. അതിനാൽ പരമാവധി മാർക്ക് നേടാനുള്ള ശ്രമം നടത്തുക. ഒഴിവുകൾ കുറഞ്ഞ തസ്തികയ്ക്ക് കട്ട് ഓഫ് മാർക്ക് ഉയരും. പരമാവധി മാർക്ക് നേടുന്നത് കൂടുതൽ തസ്തികകൾക്കുള്ള യോഗ്യത നേടാൻ സഹായിക്കും.

 

Content Summary : Kerala PSC Degree Level Exam Preparation Tips and Strategies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com