അധ്യാപകരുടെ മകനെന്ന മേൽവിലാസം നൽകിയ ഭാരത്തെ ഉഴപ്പിത്തോൽപ്പിച്ചു; അപ്പനെന്ന ഗുരുനാഥന്റെ വെളിച്ചത്തിൽ പിന്നെ അധ്യാപകനായി
Mail This Article
അധ്യാപകരുടെ മക്കളാണെങ്കിലോ വീട്ടിൽ മറ്റ് അധ്യാപകരുണ്ടെങ്കിലോ സ്കൂളിലെത്തുമ്പോൾ അധ്യാപകരുടെ വക ഒരു എക്സ്ട്രാ നോട്ടം കിട്ടാറുണ്ട് ചില വിദ്യാർഥികൾക്ക്. അത്തരം നോട്ടം കിട്ടിയിട്ടും അച്ഛനമ്മമാർ അധ്യാപകരായിട്ടും ഉഴപ്പിയ ബാല്യകാലത്തിന്റെ ഓർമയാണ് റാഫി നീലങ്കാവിൽ ഗുരുസ്മൃതി എന്ന പംക്തിയിലൂടെ പങ്കുവയ്ക്കുന്നത്. കുട്ടിക്കാലത്തെ മടി മാറിയത് അധ്യാപകനായ അപ്പൻ പറഞ്ഞൊരു കഥ കേട്ടിട്ടാണെന്നും ആ ഉപദേശം തന്നെ ഇന്നൊരു അധ്യാപകനാക്കിയെന്നും പറഞ്ഞുകൊണ്ട് റാഫി ഓർമകൾ പങ്കുവയ്ക്കുന്നതിങ്ങനെ : -
ഒമ്പതാം ക്ലാസില്‍നിന്ന് പത്താം ക്ലാസിലേക്ക് ജയിച്ചതോടെ എന്‍റെ വീട്ടുകാര്‍ക്ക് ആവലാതിയായി. പരീക്ഷകളില്‍ തോല്‍ക്കുന്ന, പഠിപ്പിച്ചാല്‍ ഒന്നും മണ്ടയില്‍ കയറാത്ത ഇവന്‍ പത്താതരം പരീക്ഷ തോറ്റ് വീടിന് മാനക്കേടുണ്ടാക്കും. എന്‍റെ അപ്പനാണെങ്കില്‍ വീടിനടുത്തെ സ്കൂളിലെ ഹെഡ്മാഷും അമ്മ ടീച്ചറുമാണ്. മക്കളാണെങ്കില്‍ ഞാനൊഴിച്ച് ആരും മോശക്കാരല്ല. ചേച്ചി 501 മാര്‍ക്ക് വാങ്ങിയാണ് പത്താംതരം പാസ്സായത്. ചേട്ടന്‍മാര്‍ക്കും മാര്‍ക്കുണ്ട്. ഇവരൊക്കെ നാലാം ക്ലാസിലും എഴാം ക്ലാസിലും സ്കോളര്‍ഷിപ്പ് നേടിയവരും. എനിക്കാണെങ്കില്‍ സ്കോളര്‍ഷിപ്പ് പരീക്ഷ എഴുതാനുളള യോഗ്യതാ മാര്‍ക്ക് പോലുമില്ല.
വീട്ടില്‍നിന്നു സൈക്കിളില്‍ സ്കൂളിലേക്കു പോകുമ്പോള്‍ വഴിയോരത്തേക്ക് തൂങ്ങി നിന്നിരുന്ന മാങ്ങയും കശുമാങ്ങയും എല്ലാം രുചിക്കുന്ന തിരക്കാവും. സ്കൂളിലെത്തിയാല്‍ പിന്നെ ലഗോറിക്കളിയായി. ഏഴ്കല്ല് അടക്കിവെച്ച് അതില്‍ ബോളെറിഞ്ഞ് വീഴ്ത്തി എതിര്‍ടീമംഗങ്ങളില്‍ നിന്ന് ഏറ്കൊളളാതെ അടുക്കിവയ്ക്കണം. കാലത്തും ഇന്‍റര്‍വെല്ലിനും ഉച്ചയ്ക്കും നാലുമണിക്ക് സ്കൂള്‍ വിട്ടും കളിക്കാനുള്ള സമയം ഞാന്‍ കണ്ടെത്തിയിരുന്നു. ഇതിനിടയില്‍ എപ്പോഴെങ്കിലും കുറച്ച് പഠനം. അത്രതന്നെ.
അങ്ങനെ തുടരുമ്പോഴാണ് അടുത്ത സ്കൂളിലെ മിടുക്കന്‍മാര്‍ കൂട്ടത്തോടെ അവിടെനിന്ന് പേരുവെട്ടി എന്‍റെ സ്കൂളിലേക്ക് വന്നത്. അവിടെ സ്കൂളിൽ തൊപ്പിസമരം. സമരം ദിവസങ്ങള്‍ പിന്നിട്ടതോടെ സ്കൂളിലെ കുട്ടികളുടെ മാതാപിതാക്കള്‍ കുട്ടികളെ മാറ്റിച്ചേര്‍ത്തു. പുതുതായിവന്ന എല്ലാ മിടുക്കന്‍മാര്‍ക്കും എന്‍റെ ടീമില്‍ അംഗത്വം നല്‍കി. ലഗോറി കളിക്ക് അന്തസ്സായി. ഒരുദിവസം വൈകിട്ട് എന്നോടൊപ്പം കളിക്കാന്‍ പലര്‍ക്കും ഒരു വിഷമം. ഞാന്‍ കാര്യമന്വേഷിച്ചു. ‘‘ടീച്ചര്‍മാര്‍ നിന്നോടൊപ്പം കളിക്കരുതെന്ന് പറഞ്ഞു.’’ എനിക്കവരോട് സഹതാപം തോന്നി. ‘‘നിങ്ങള്‍ പേടിക്കണ്ട. സ്കൂളിന് സമീപത്തുളള പള്ളിക്കടുത്തേക്ക് കളി മാറ്റാം. അവിടെ ആരും കാണില്ല.’’ എല്ലാവരും ഈ നിര്‍ദേശത്തോട് യോജിച്ചു. ഞങ്ങള്‍ കളി തുടര്‍ന്നു. ദിവസങ്ങള്‍ക്കകം അവിടത്തെ കളിയും കണ്ടുപിടിക്കപ്പെട്ടു. പന്തും മറ്റ് സാധനങ്ങളും സ്കൂളിലേക്ക് കണ്ടുകെട്ടി. പോരാത്തതിന് ടീച്ചര്‍മാരുടെ അടിയും ചീത്തയും.
പരീക്ഷകളില്‍ എന്‍റെ തോല്‍വികള്‍ തുടര്‍ക്കഥയായി. തോറ്റ പ്രോഗ്രസ്സ് റിപ്പോർട്ടുകളില്‍ നിസ്സഹായനായി അപ്പച്ചന്‍ ഒപ്പിട്ടുതന്നു. കാക്കൊല്ലപ്പരീക്ഷയിലും അരക്കൊല്ലപ്പരീക്ഷയിലും തോറ്റു. പിന്നീട് വന്ന ക്ലാസ് ടെസ്റ്റുകളിലും തോല്‍വി തുടര്‍ന്നു. ഒരു ദിവസം അപ്പന്‍ എനിക്ക് ഒരു കഥ പറഞ്ഞുതന്നു. ഒരു മഹാന്‍റെ കഥ. അദ്ദേഹം ചെറുപ്പകാലത്ത് പഠിച്ചതൊന്നും തലയില്‍ കയറാത്ത തിരുമണ്ടനായിരുന്നു. പഠനത്തില്‍ ഏറെ പിന്നിലായതിന്‍റെ പേരില്‍ എല്ലാവരാലും അവന്‍ കളിയാക്കപ്പെട്ടു. കരഞ്ഞ് ദുഃഖിച്ചിരുന്ന അവനെ സ്നേഹത്തോടെ ഗുരു വിളിച്ചു. കിണറ്റിന്‍ കരയില്‍, വെള്ളം കോരിക്കൊണ്ട് പോകുന്ന സ്ത്രീകള്‍ മണ്‍കലം വെച്ചിരുന്ന കരിങ്കല്ല് അവന് കാട്ടിക്കൊടുത്തു.
ആ കരിങ്കല്ല് കുടം വെക്കാന്‍ പാകത്തില്‍ കുഴിഞ്ഞ് പാകം വന്നിരുന്നു. നിരന്തരമായ സമ്പര്‍ക്കംകൊണ്ട് ഈ കരിങ്കല്ലിനെ പാകപ്പെടുത്താന്‍ മണ്‍കലത്തിന് കഴിഞ്ഞു. ഇതുപോലെ നിരന്തര പരിശ്രമത്തിലൂടെ എന്തിനേയും കീഴടക്കാം. വിജയിക്കുംവരെ നിരന്തരപരിശ്രമം തുടരുക. അവന്‍ പഠിച്ചു. പില്‍ക്കാലത്ത് വലിയ കവിയായി മാറി ‘‘മോനെ, നിനക്ക് ഇനി പരീക്ഷ്ക്ക് ഒരു മാസം കൂടിയുണ്ട് . നിന്‍റെ ജീവിതത്തിലെ അവസാനത്തെ പഠനമാണെന്ന് കരുതി നീ പഠിക്കുക. നല്ല മാര്‍ക്ക് കിട്ടിയാല്‍ നിന്നെ മാഷാക്കാം.’’ അപ്പന്‍ പറഞ്ഞുനിര്‍ത്തി. അപ്പനെപ്പോലെ മാഷാവണം. എന്നെ തല്ലിയ, കളിയാക്കിയ മാഷുമ്മാര്‍ക്ക് പകരം ഞാന്‍തന്നെ ഒരു മാഷ്. തോറ്റവരെയും സ്നേഹിക്കുന്ന മാഷ്– ഞാന്‍ മനസ്സില്‍ കുറിച്ചിട്ടു.
അപ്പന്‍ പറഞ്ഞതു പോലെ ജീവിതത്തില്‍ ആദ്യമായി ഞാന്‍ പഠിക്കാനിരുന്നു. അപ്പന്‍റെ ചാരു കസേരയില്‍ പുസ്തകങ്ങള്‍ മാറിമാറി വായിച്ച് ഒരു മാസം. തലയില്‍ കയറിയത് എന്താണെന്ന് ആര്‍ക്കും മനസ്സിലായില്ല. പരീക്ഷവന്നു. എഴുതി. റിസള്‍ട്ട് വന്നു. ക്ലാസിലെ ആകെയുളള ഡിസ്റ്റിങ്ഷൻ എനിക്ക്. സ്നേഹത്തോടെ അപ്പന്‍ അന്ന് പറഞ്ഞ വാക്കുകള്‍ പിന്നീട് എന്റെ പരീക്ഷകളില്‍ മാത്രമല്ല ജീവിതത്തിലും ഇടപെട്ടു. ചാവക്കാട് കടപ്പുറത്തെ സ്കൂളിലെ കുറുമ്പു കാട്ടുന്ന കുട്ടികളെ സ്നേഹത്തോടെ ഞാന്‍ വിളിക്കുമ്പോള്‍ അപ്പന്‍റെ വാക്കുകള്‍ എന്‍റെ മനസ്സില്‍ വന്നുകൊണ്ടിരുന്നു.
Content Summary : Career Guru Smrithi Rafi Neelankavil Talks About His Father