മര്യാദ പെരുമാറ്റത്തിൽ മാത്രം പോര ഫോൺവിളിയിലും വേണമെന്നു പഠിപ്പിച്ച ജെന്റിൽമാൻ ക്ലയന്റ്...
Mail This Article
ആളും തരവും നോക്കി പെരുമാറണമെന്ന് ചിലർ പറയാറുണ്ട്. സാഹചര്യത്തിനനുസരിച്ച് പെരുമാറ്റത്തിലും മാറ്റം വേണമെന്ന ഓർമിപ്പിക്കലാണത്. ആളുകളോടു നേരിട്ട് ആശയവിനിമയം നടത്തുമ്പോൾ മാത്രം പോര മര്യാദയും മാന്യതയും എന്ന് ഓർമിപ്പിക്കുന്ന ഒരു അനുഭവമാണ് പൂന്തോട്ടത്ത് വിനയകുമാർ പങ്കുവയ്ക്കുന്നത്.
ഞാൻ ജോലി ചെയ്യുന്ന കമ്പനിയിലെ പ്രോജക്ട് വിഭാഗത്തിലെ ക്ലയന്റ് ഒരു മലയാളിയായിരുന്നു. അദ്ദേഹം പ്രോജക്ടിലേക്ക് ‘ഒരാളെ വേണ്ട’ എന്നു പറഞ്ഞാൽ മാനേജ്‌മെന്റ് അത് അംഗീകരിക്കുന്നത്ര സ്വാധീനമുള്ളയാൾ. അദ്ദേഹവുമായി എനിക്ക് നല്ല പരിചയവുമുണ്ടായിരുന്നു. ഹൈ പ്രൊഫൈൽ ഉള്ള ഒരു ജന്റിൽമാൻ. പലപ്പോഴും അദ്ദേഹം എന്നെ നേരിട്ട് വിളിക്കാറുണ്ട്. ഇടക്കിടയ്ക്ക് അദ്ദേഹത്തിന്റെ ആളുകൾ ഓരോ ആവശ്യവുമായി വരും. അത് വളരെ പ്രയാസപ്പെട്ട് ഒരു വിധം പൂർത്തിയാകുമ്പോഴേക്ക് അടുത്ത ആവശ്യവുമായി വേറൊരാൾ എത്തിയിരിക്കും.
അദ്ദേഹം അത്ര പവർ ഉള്ള ആളായതുകൊണ്ട് മറുത്തൊന്നും പറയാതെ എത്രയും വേഗം അവർ പറയുന്ന കാര്യം ചെയ്തു കൊടുക്കും. ഞങ്ങളുടെ ഡിപ്പാർട്മെന്റിലെ അസിസ്റ്റന്റ് മാനേജർ മലയാളിയാണ്. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. പൊതുവെ ഓഫിസിൽ നല്ല തിരക്കുള്ള ദിവസം. തല പെരുത്തു പണി ചെയ്തു കൊണ്ടിരിക്കുന്നതിനിടയിൽ സൈറ്റിൽനിന്ന് അസിസ്റ്റന്റ് മാനേജരുടെ ഫോൺ വന്നു.
‘‘നമുക്ക് ഇന്നലെ ചെയ്ത വർക്കല്ല വേണ്ടത്. മുഴുവൻ മാറ്റി ഇങ്ങനെ വേണം’’. സുഹൃത്ത് പറഞ്ഞു മുഴുമിപ്പിക്കുന്നതിനിടയിൽ ഞാൻ എന്റെ ജോലിഭാരത്തെക്കുറിച്ചും ക്ലയന്റിന്റെ ദിവസേനയുള്ള ഈ ‘പണിതരലിനെ’ക്കുറിച്ചും കട്ടക്കലിപ്പിൽ ചീത്തവിളി തുടങ്ങി. പകുതി കളിയായും പകുതി കാര്യമായും അത്ര മര്യാദയില്ലാത്ത വാക്കുകൾ ഉപയോഗിച്ചായിരുന്നു സംസാരം.
എന്റെ ക്യാബിനിൽ ഞാൻ മാത്രമേ ഉള്ളൂ. റൂം അടച്ചിട്ട് ഉറക്കെ സംസാരിച്ചാലും പുറത്ത് കേൾക്കില്ല എന്ന ധൈര്യവുമുണ്ട്. ഞാൻ പറയുന്നത് ഇടക്ക് നിർത്താൻ സുഹൃത്ത് കിണഞ്ഞു ശ്രമിക്കുന്നത് അറിഞ്ഞിട്ടും ഞാൻ നിർത്തിയില്ല. ഒടുവിൽ ഇത്ര കൂടി പറഞ്ഞു. “അയാളോട് പോയി വേറെ പണി നോക്കാൻ പറയൂ. അങ്ങേർക്കിത്ര നിർബന്ധമാണെങ്കിൽ അയാളോട് ചെയ്‌തു കൊണ്ട് വരാൻ പറയൂ..” സുഹൃത്ത് ഫോൺ കട്ട്ചെയ്‌തു.
ഞാൻ എന്റെ ജോലിയിലേക്കു മടങ്ങി. ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ സുഹൃത്ത് വാടിയ മുഖത്തോടെ ഓഫീസ് റൂമിലെത്തി. കക്ഷി വിയർത്തു വിളറിയിട്ടുണ്ട്. ഞാൻ പതിവു പോലെ തികച്ചും സാധാരണ ഗതിയിൽ കുശലം ചോദിച്ചു.
അദ്ദേഹം വളരെ ദയനീയമായി പറഞ്ഞു: ‘‘ ഇനി സംസാരിക്കുമ്പോൾ ഇത്രയും കട്ടിക്ക് പറയരുത്’’.
ഒരു പന്തികേട് എനിക്ക് തോന്നി.
‘‘എന്തു പറ്റി’’ ഞാൻ ചോദിച്ചു.
സുഹൃത്ത് കാര്യത്തിന്റെ ഗൗരവം വിശദമാക്കി. ഞാൻ ചീത്തവിളിച്ച ക്ലയന്റ് സുഹൃത്തിനൊപ്പം ഉണ്ടായിരുന്നു. അദ്ദേഹമാണ് തലേദിവസം ചെയ്തതിൽനിന്നു വ്യത്യസ്തമായി ജോലി ചെയ്യണമെന്ന് എന്റെ സുഹൃത്തിനോട് ആവശ്യപ്പെട്ടത്. സൈറ്റിൽ ആയതു കൊണ്ട് സുഹൃത്തിന്റെ മൊബൈൽ നല്ല വോളിയത്തിൽ ആണ് വച്ചിരുന്നത്. അടുത്ത് നിൽക്കുന്ന ആൾക്ക് വ്യക്തമായി കേൾക്കാം. ഞാൻ കയർത്തു സംസാരിക്കുന്നതും ക്ലയന്റ് റെപ്രസന്ററ്റീവിനെപ്പറ്റി കടുത്ത ഭാഷയിൽ പറഞ്ഞതുമെല്ലാം അടുത്തു നിന്ന ആൾ കേട്ടു എന്നർഥം. കഷ്ടകാലത്തിന് സുഹൃത്തിന്റെ ഇയർ ഫോൺ കംപ്ലെയന്റും. ഫോൺ കട്ട് ചെയ്യാൻ നടത്തിയ ശ്രമം പാഴാവുകയും ചെയ്‌തു.
ക്ലയന്റ് ഒന്നും മിണ്ടാതെ അവിടെ നിന്നു തിരിച്ചു പോവുകയും ചെയ്തെന്നുള്ള വാർത്ത എന്നെ ശരിക്കും പരിഭ്രമിപ്പിച്ചു. പറ്റിയ അബദ്ധം ഓർത്ത് ഞാൻ ഒരുപാടു വിഷമിച്ചു. തമാശയ്ക്കു പറഞ്ഞ ചില വാചകങ്ങൾ. എന്തും സംഭവിക്കാം. ഒരു പക്ഷേ ജോലി തന്നെ പോയേക്കാം. അതു വരെ വളരെ റിലാക്സ് ചെയ്തിരുന്ന ഞാൻ വെട്ടിവിയർത്തു. ഇനി ഒന്നും പറഞ്ഞിട്ട് രക്ഷയില്ല. എല്ലാം സംഭവിച്ചു കഴിഞ്ഞു.
ഉച്ച ഭക്ഷണം കഴിക്കുന്നതിന് തൊട്ടു മുമ്പാണ് ഇതെല്ലാം സംഭവിച്ചത്. കഴിക്കാനിരുന്നിട്ട് തൊണ്ടയിൽനിന്നു ഭക്ഷണം ഇറങ്ങുന്നില്ല. വൈകുന്നേരം നാലുമണിയായപ്പോൾ സൗത്ത് ആഫ്രിക്കക്കാരനായ മാനേജരുടെ മുറിയിൽനിന്ന് എന്നെ വിളിച്ചു. എന്തിനായിരിക്കും എന്നുവളരെ ശങ്കിച്ച് ഞാൻ ഡോർ തുറന്നകത്തു കയറിയപ്പോഴാണ് ശരിക്കും വിയർത്തു പോയത്.
അദ്ദേഹത്തിന് മുൻപിൽ ക്ലയന്റ് ഇരിക്കുന്നു. ഉച്ചയ്ക്ക് നടന്ന കാര്യങ്ങളുമായി ബന്ധപ്പെട്ടായിരിക്കണം ഇവിടെ എത്തിയിരിക്കുന്നത്. സോറി പറഞ്ഞിട്ടൊന്നും ഒരു കാര്യവും ഇല്ലല്ലോ.
ക്ലയന്റ് യാതൊരു ഭാവഭേദവും കൂടാതെ സീറ്റിൽനിന്ന് എഴുന്നേറ്റു. എന്നിട്ട് എന്നെ അമ്പരപ്പിച്ചു കൊണ്ട് കുറേ ഡോക്യുമെന്റുകൾ എനിക്ക് നേരെ നീട്ടി ചിരിച്ച മുഖത്തോടെ പറഞ്ഞു.
“ഉച്ചയ്ക്ക് പറഞ്ഞ ഡോക്യുമെന്റുകൾ ഞാൻ തന്നെ തയാറാക്കിയിട്ടുണ്ട്’’.
ശരിക്കും അടി കിട്ടിയ പ്രതീതി. ഞാൻ അതു കൈ നീട്ടി വാങ്ങി പുറത്തു കടക്കുമ്പോൾ ചിരിക്കണോ കരയണോ എന്നെനിക്കറിയില്ലായിരുന്നു.
പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും
Content Summary : Career Work Experience Series - Poonthottathu Vinayakumar Memoir