ADVERTISEMENT

കാഴ്ചക്കുറവുള്ളയാൾ അതേ പ്രയാസം അനുഭവിക്കുന്ന പതിനായിരത്തോളം പേർക്കു ജോലി നൽകുന്ന സ്ഥാപനത്തിന്റെ ഉടമയായി വളർന്ന അവിശ്വസനീയ ജീവിതമാണു ഭാവേഷ് ഭാട്യയുടേത്

 

‘നിനക്ക് ഈ ലോകത്തെ കാണാൻ കഴിയില്ലെങ്കിലും ഒരു ദിവസം ഈ ലോകം നിന്നെ കാണും’–ഭാവേഷ് ഭാട്യയുടെ കാതിൽ അമ്മ പറഞ്ഞ ഈ വാക്കുകൾ എന്നുമുണ്ട്. കാഴ്ചശേഷിയില്ലാത്ത മകനെ ചേർത്തുപിടിച്ച് അമ്മ പറഞ്ഞ ആ വാക്കുകൾ ഇന്നു നക്ഷത്രംപോലെ തിളങ്ങുന്നത്, പതിനായിരത്തോളം കുടുംബങ്ങളിലേക്കു വെളിച്ചമായി ഭാവേഷ് എത്തിയതുകൊണ്ടാണ്.

 

മഹാരാഷ്ട്രയിലെ മഹാബലേശ്വർ സ്വദേശിയാണു ഭാവേഷ്. സാധാരണ കുട്ടികൾക്കൊപ്പം മകനെ പഠിപ്പിക്കാനാണ് അമ്മ നിശ്ചയിച്ചത്. പക്ഷേ, അവിടെ നേരിട്ടതു കയ്പേറിയ അനുഭവങ്ങളായിരുന്നു. ഓരോ ഇടർച്ചയിലും അമ്മ മകനു ശക്തിയേകി, അവനിൽ ആത്മവിശ്വാസത്തിന്റെ വിത്തുകൾ പാകി.

 

പതിനാറാം വയസ്സിൽ ഭാവേഷ് സുഹൃത്തിനൊപ്പം ഒരു നീണ്ട സൈക്കിൾ ടൂറിനു പോയി. ഭാവേഷിനു കാഴ്ചക്കുറവുണ്ട്. ഒപ്പമുള്ള സുഹൃത്തിന് ഒരു കാലുമില്ല. അവനു ചവിട്ടാനാകാത്ത പെഡൽ ഭാവേഷ് ചവിട്ടിക്കൊടുത്തു. ഭാവേഷിനു കാണാനാകാത്തതിന്റെ കുറവ് സുഹൃത്ത് നികത്തി. 45 ദിവസംകൊണ്ട് ഇരുവരും ചേർന്നു സൈക്കിളിൽ സഞ്ചരിച്ചത് 6,000 കിലോമീറ്റർ! ആ യാത്ര ഭാവേഷിന്റെ ജീവിതത്തെ പുതുവഴിയിലേക്കു നയിക്കുകയായിരുന്നു.

vijaya-theerangal-bhavesh
Photo Credit: Twitter

 

പക്ഷേ, തിരിച്ചടികൾ പിന്നെയുമുണ്ടായി. കാൻസർ ബാധിതയായ അമ്മ വൈകാതെ മരിച്ചു. തീർക്കാനാകാത്ത കടത്തിന്റെ കൂമ്പാരമായിരുന്നു ഭാവേഷിന്റെ മുന്നിൽ. ഇരുപത്തിനാലാം വയസ്സിൽ നാഷനൽ അസോസിയേഷൻ ഫോർ ദ് ബ്ലൈൻഡിൽ ചേർന്ന് മെഴുകുതിരി നിർമാണം പഠിച്ചുതുടങ്ങി. പിന്നെയും പല ജോലികൾ ചെയ്തു. കൈവണ്ടിയിൽ മെഴുകുതിരികൾ കൊണ്ടുപോയി വിൽക്കുകയായിരുന്നു പ്രധാന വരുമാനമായത്. വൈകാതെ ‘സൺറൈസ് കാൻഡിൽസ്’ എന്ന പേരിൽ അതൊരു സ്ഥാപനമാക്കി.

 

ഒറ്റയ്ക്കിരുന്നു മെഴുകുതിരി വിൽക്കുന്ന ഭാവേഷിനെ കാണാൻ എന്നും ഒരു യുവതി എത്തുമായിരുന്നു–നീത. ക്രമേണ അവർ ഭാവേഷിനെ സഹായിക്കാൻ തുടങ്ങി. പതിനെട്ടാമത്തെ ദിവസം അവൾ ഭാവേഷിനൊപ്പം ജീവിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ഒരു മാസത്തിനകം അവർ വിവാഹിതരായി പുതിയ ജീവിതം തുടങ്ങി. വീണ്ടും ഭാവേഷിന്റെ ജീവിതം പുതുവഴികളിലേക്കു തിരിയുകയായിരുന്നു.

 

കാഴ്ചശേഷിയില്ലാത്ത കൂടുതൽ പേരെ സഹായിക്കണമെന്നു നിർദേശിച്ചതു നീതയാണ്. വഴിയരികിലിരുന്നു ഭിക്ഷ യാചിച്ച 5 പേരെയാണ് ആദ്യം ‘സൺറൈസി’ന്റെ ഭാഗമാക്കിയത്. കാഴ്ചക്കുറവുള്ള 9,500ലേറെപ്പേർ ഇന്നു ഭാവേഷിന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. 14 സംസ്ഥാനങ്ങളിലായി 71 നിർമാണ യൂണിറ്റുകൾ ഈ സ്ഥാപനത്തിലുണ്ട്. റെയിൽവേ സ്റ്റേഷനുകളിൽ ഉറങ്ങിയിരുന്ന എത്രയോ പേർക്ക് ഭാവേഷിന്റെ കൈത്താങ്ങിൽ വീടുകൾ കിട്ടി.

 

രാഷ്ട്രപതിയിൽനിന്നു 3 ദേശീയ അവാർഡുകൾ, പാരാലിംപിക്സിലടക്കം പങ്കെടുത്ത് 117 മെഡലുകൾ... ഡോ. ഭാവേഷ് ഭാട്യയുടെ നേട്ടങ്ങൾ എല്ലാ ശേഷികളുമുള്ളവർക്കുപോലും സ്വപ്നതുല്യമാണ്. ഓരോ ചുവടു കയറുമ്പോഴും ഭാവേഷ് ഓർക്കുന്നത് അമ്മയുടെ ആ വാക്കുകളാണ്: ‘ഒരു നാൾ ഈ ലോകം നിന്നെ കാണും’!

 

ഇല്ലായ്മകൾ കണ്ടെത്തി സ്വയം ന്യായീകരിക്കാൻ ശ്രമിക്കുന്ന ചിലരെങ്കിലുമുണ്ട്. അവർ കാണണം, തന്റെ ഇല്ലായ്മയെ കണ്ടില്ലെന്നു നടിക്കാതെ ജീവിതത്തിൽ കുതിച്ചു മുന്നേറിയ ഈ മനുഷ്യനെ. ഒരു വിജയതീരവും ആർക്കും അപ്രാപ്യമല്ലെന്ന് ഭാവേഷിന്റെ ജീവിതവും നമ്മെ പഠിപ്പിക്കുന്നു.

 

Content Summary : Content Summary : Vijayatheerangal Column by G Vijayaraghavan - Success story of Dr. Bhavesh C Bhatia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com