കാത്തിരിക്കുന്നത് വൻ അവസരങ്ങൾ, അറിഞ്ഞു പഠിക്കാം കംപ്യൂട്ടർ സയൻസും ഐടിയും
Mail This Article
കംപ്യൂട്ടർ സയൻസിനെ സോഫ്റ്റ്‌വെയറും ഹാർഡ്‌വെയറുമായി തിരിക്കാം. പ്രോഗ്രാമുകൾ, പാക്കേജുകൾ മുതലായവ തയാറാക്കി പ്രയോഗിക്കുന്നതാണു സോഫ്റ്റ്‌വെയർ. കംപ്യൂട്ടറിന്റെ രൂപകൽപന, സർക്യൂട്ടുകൾ, നിർമാണം, യാന്ത്രികപ്രവർത്തനം മുതലായവ ഹാർഡ്‌വെയറിൽപ്പെടും. സോഫ്റ്റ്‌വെയറിലാണ് കൂടുതൽ തൊഴിലവസരങ്ങൾ.
കംപ്യൂട്ടർ സയൻസിന്റെ സഹോദരശാഖയാണ് ഐടി (ഇൻഫർമേഷൻ ടെക്നോളജി). കംപ്യൂട്ടർ, കമ്യൂണിക്കേഷൻ, ഇൻഫർമേഷൻ, ഇന്റലിജൻസ്, ഇന്റർനെറ്റ്, ടെക്നിക്കൽ അഡ്മിനിസ്ട്രേഷൻ എന്നിവ ഒത്തുചേരുന്നതാണ് ഐടി എന്നു പറയാം. ഇൻഫർമേഷൻ ശേഖരിച്ചു വിലയിരുത്തി പാകപ്പെടുത്തിയുള്ള വിതരണവും ഇതിൽപ്പെടും. ബിസിനസ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ചെയ്യുന്നു.
അവസരം ധാരാളം
ഐടി എല്ലാവരുടെയും നാവിലുണ്ടെങ്കിലും സങ്കീർണമായ പലതും അതിൽ അടങ്ങിയിട്ടുണ്ട്. ഡേറ്റ, ഉപകരണങ്ങൾ, പ്രവർത്തകർ, പ്രശ്നപരിഹാരരീതികൾ, ആസൂത്രണം, ബിസിനസ് പ്രവർത്തനങ്ങളുടെ നിയന്ത്രണം എന്നിവയുടെ സംഗമമാണിത്. സ്ഥാപനത്തിന്റെ ആവശ്യമനുസരിച്ചു ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും തിരഞ്ഞെടുക്കുന്നതും ഐടിയുടെ മേഖലയാണ്. നെറ്റ്‌വർക്കുകൾ ഡിസൈൻ ചെയ്തു സ്ഥാപിക്കുക, സുരക്ഷ ഉറപ്പുവരുത്തി അവ ഉപയോഗിക്കുക, വെബ് പേജുകൾ ഡിസൈൻ ചെയ്യുക, മൾട്ടിമീഡിയ ഘടകങ്ങൾ വികസിപ്പിക്കുക, സിസ്റ്റങ്ങൾ കാലാനുസൃതമായി നിരന്തരം മെച്ചപ്പെടുത്തുക എന്നിവയെല്ലാം ഐടി വിദഗ്ധർ ചെയ്യേണ്ടതുണ്ട്.
സിസ്റ്റം അനലിസ്റ്റ്, സോഫ്റ്റ്‌വെയർ ഡവലപ്പർ, ഡേറ്റ പ്രോസസിങ് മാനേജർ, വെബ് ഡിസൈനർ, ഇ–കൊമേഴ്സ് അഡ്മിനിസ്ട്രേറ്റർ, നെറ്റ്‌വർക്കിങ് എക്സ്പെർട്ട്, ചിപ് ഡിസൈനർ, ഡേറ്റ ബേസ്/ഇ–കൊമേഴ്സ് അഡ്മിനിസ്ട്രേറ്റർ, മാർക്കറ്റിങ് അഡ്വൈസർ തുടങ്ങിയ നിലകളിൽ പ്രവർത്തിക്കാം.
പ്ലസ്ടു കഴിഞ്ഞ് എൻട്രൻസ് എഴുതി എൻജിനീയറിങ് കോളജുകളിൽ ബിടെക് കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ് ബിരുദം നേടുന്ന വഴി ഏവർക്കുമറിയാം. ജെഇഇ മെയിൻ എഴുതി എൻഐടികളിലും, തുടർന്ന് ജെഇഇ അഡ്വാൻസ്ഡും എഴുതി മികവു തെളിയിച്ച് ഐഐടികളിലും കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ് ബിടെക് പ്രോഗ്രാമിനു ചേരുകയുമാവാം. പിജി ലെവലിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേക്കു കടക്കാൻ ഈ രണ്ടു ശാഖകളിലെയും ബിടെക് നല്ല തുടക്കമാവും.
എംടെക് കഴിഞ്ഞ്
ബിടെക്കിനു ശേഷം ഗേറ്റ് എഴുതി, കംപ്യൂട്ടർ സയൻസ് എംടെക് നേടുന്നവർക്ക് എൻജിനീയറിങ് കോളജ് അധ്യാപകജോലിക്ക് അർഹതയുണ്ട്. ജൂനിയർ റിസർച് ഫെലോഷിപ്പോടെ പിഎച്ച്ഡി ഗവേഷണവും തുടർന്ന് താൽപര്യമുണ്ടെങ്കിൽ ഗവേഷണ കരിയറുമാകാം. സർക്കാർ മേഖലയിൽ സിഎസ്ഐആർ, ഡിആർഡിഒ, ഐഎസ്ആർഒ തുടങ്ങി ധാരാളം സ്ഥാപനങ്ങളിൽ ഗവേഷണാവസരങ്ങളുണ്ട്.
സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിങ്സ് തുടങ്ങിയ പുതുമേഖലകളിലേക്കു കടക്കാനും ഈ യോഗ്യതയുള്ള ഉത്സാഹികൾക്കു കഴിയും. കംപ്യൂട്ടറിലെ ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ ജോലികൾക്കും ധാരാളം സാധ്യതകളുണ്ട്. കംപ്യൂട്ടർ സയൻസിൽ ബിഎസ്‌സി, എംഎസ്‌സി പ്രോഗ്രാമുകളുമുണ്ട്.
എംഎസ്‌സി കംപ്യൂട്ടർ സയൻസ് ജയിച്ചവർക്കു സോഫ്റ്റ്‌വെയർ ഡവലപ്മെന്റ്, ഹാർഡ്‌വെയർ ഡിസൈൻ, ഡേറ്റ സയൻസ്, സൈബർ സെക്യൂറിറ്റി തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കാൻ കഴിയും. നിത്യവും മാറ്റം വരുന്ന വിഷയങ്ങളാകയാൽ അറിവിലും പ്രയോഗത്തിലും കാലികപൂർണത വരുത്താൻ നിരന്തരം പ്രയത്നിക്കുന്നതു പ്രധാനം.
Content Summary : Career Scope of Computer Science and IT Courses