ADVERTISEMENT

ജനുവരിയിൽ നടക്കുന്ന ‘സെറ്റ് ’ പരീക്ഷയ്ക്ക് ഇനിയുള്ള 2 മാസത്തിനകം തയാറെടുക്കേണ്ടത്‌ എങ്ങനെയെന്നു നിർദേശിക്കുന്നു, പ്രശസ്ത പരിശീലക രാജേശ്വരി വിനോദ്

 

കേരളത്തിലെ ഏറ്റവുമധികം മത്സരാധിഷ്ഠിതമായ പരീക്ഷകളിലൊന്നാണു സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് അഥവാ ‘സെറ്റ്’. സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിലേക്കു കാര്യക്ഷമതയുള്ള അധ്യാപകരെ തിരഞ്ഞെടുക്കാ നായി നടത്തുന്ന ഈ യോഗ്യതാപരീക്ഷ ജനുവരിയിലാണ് ഇനി നടത്തുക. അപേക്ഷാസമർപ്പണത്തിനു മുൻപേ തയാറെടുത്തു തുടങ്ങിയവരുണ്ടാകാം. എങ്കിലും, ഇനിയുള്ള രണ്ടു മാസത്തിലേറെ സമയം തയാറെടുപ്പ് സജീവമാക്കി വിജയം ഉറപ്പാക്കാനുള്ളതാണ്. 

 

 ആദ്യമറിയണം, പരീക്ഷാഘടന 

വർഷത്തിൽ രണ്ടു തവണയാണു ‘സെറ്റ്’ നടത്താറുള്ളത്. രണ്ടു പേപ്പറുകൾ ഉണ്ടാകും. പരീക്ഷകൾ അതതു ദിവസം രാവിലെയും ഉച്ചകഴിഞ്ഞുമായി നടത്തിവരുന്നു. 240 മാർക്കിന്റേതാണു പരീക്ഷ. അതിൽ പൊതുവായി 48% മാർക്ക് കിട്ടിയാലേ ഹയർ സെക്കൻഡറി അധ്യാപകരാകാനുള്ള ‘സെറ്റ്’ അർഹതയാവൂ. 

 

∙ജനറൽ പേപ്പർ: ജനറൽ പേപ്പർ വിഷയത്തിൽ, പരീക്ഷ എഴുതുന്നയാളുടെ അധ്യാപന അഭിരുചി അളക്കാനും റീസണിങ്, ആനുകാലികം, പൊതുവിജ്ഞാനം തുടങ്ങിയ മേഖലകളിലെ അറിവു പരിശോധിക്കാനുമാണ് ഉദ്ദേശിക്കുന്നത്. 

 

∙കോർ പേപ്പർ: അതതു വിഷയത്തിലെ പരിജ്ഞാനം അളക്കാനുള്ളതാണ് ഈ പേപ്പർ.

 

 കരുതലോടെ നേരിടാം, ജനറൽ പേപ്പർ

 

ജനറൽ പേപ്പറിൽ 40% നേടിയാലേ ആ വിഭാഗത്തിൽ കടന്നുകൂടാൻ കഴിയൂ. ആകെ 120 മാർക്കിനുള്ള ഈ പേപ്പറിൽ 60 മാർക്ക് ബിഎഡിലെ സൈക്കോളജി, ഫിലോസഫി, പെഡഗോഗി മേഖലകളിൽനിന്നുള്ളതും അടുത്ത 60 മാർക്ക് റീസണിങ്, ആനുകാലികം, പൊതുവിജ്ഞാനം ഇവയിൽനിന്നുള്ളതുമാണ്. 

 

ചിട്ടയായ പരിശീലനത്തിലൂടെ വിജയം നേടാവുന്നതും ഉദ്യോഗാർഥിയുടെ ആത്മവിശ്വാസം കൂട്ടുന്നതുമായ മേഖലയാണിത്. ബിഎഡ് ക്ലാസുകളിൽ പഠിച്ച പഠനസിദ്ധാന്തങ്ങളും ബുദ്ധിസിദ്ധാന്തങ്ങളും വ്യക്തിത്വസിദ്ധാന്തങ്ങളും വളരെ പ്രാധാന്യത്തോടെതന്നെ പഠിക്കണം. ഒപ്പം റിസർച് മെതഡോളജി, ടീച്ചിങ് ആപ്റ്റിറ്റ്യൂഡ് എന്നിവ ആവർത്തനപഠനത്തിലൂടെയും മുൻകാല ചോദ്യ പേപ്പർ വിശകലനത്തിലൂടെയും നന്നായി മാർക്ക് നേടാൻ സാധിക്കുന്ന മേഖലകളാണ്. വിദ്യാഭ്യാസ തത്വശാസ്ത്രവും സാമൂഹികശാസ്ത്രവും ഒഴിച്ചുകൂടാൻ പറ്റാത്ത മേഖലകളാണ്. 

ആറു യൂണിറ്റുകളിലായി വ്യാപിച്ചുകിടക്കുന്ന സെറ്റ് ജനറൽ പേപ്പറിന്റെ അടുത്ത കടമ്പ പത്താം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളുടെ വിശകലനാത്മക പഠനമാണ്. സെറ്റ് ജനറൽ പേപ്പറിനെ കാര്യക്ഷമമായ രീതിയിൽ പരിശീലിച്ചു പഠിക്കുന്നവർക്ക് നല്ലൊരു ഭാഗം മാർക്ക് നേടിയെടുക്കാൻ വലിയ പ്രയാസമില്ല. 

 

 വേണം പരിഗണന, കോർ പേപ്പറിന് 

അതതു വിഷയത്തിൽ ബിരുദാനന്തര ബിരുദത്തിൽ പഠിച്ച കാര്യങ്ങൾ അവലോകനം ചെയ്തുള്ള ചോദ്യങ്ങളാണു കോർ പേപ്പർ പരീക്ഷയിൽ നേരിടേണ്ടി വരുക. അതതു വിഷയങ്ങളുടെ പാഠ്യക്രമം മനസ്സിലാക്കി മികച്ച പഠനക്രമീകരണത്തിലൂടെ നല്ല മാർക്ക് നേടാൻ ഇവിടെ വലിയ ബുദ്ധിമുട്ടില്ല. അതിനു വേണ്ടത് ചിട്ടയായ ആവർത്തനപരിശീലനമാണ്. ക്രമമായ പഠനരീതി അവലംബിച്ചാൽ 120 മിനിറ്റിൽ 40% മാർക്കിനു മുകളിൽ നേടാൻ ബുദ്ധിമുട്ടില്ലാതെ സാധ്യമാകും. 

 

 പ്രായതടസ്സമില്ല, നെഗറ്റീവ് മാർക്കില്ല

നിശ്ചിത പ്രായപരിധി ഇല്ല എന്നുള്ളതും നെഗറ്റീവ് മാർക്ക് ഇല്ല എന്നുള്ളതും അധ്യാപക മാനദണ്ഡ പരീക്ഷകളുടെ സവിശേഷതകളാണ്. എന്നിരുന്നാലും പഠനത്തെ ലഘുവായി കണ്ടാൽ ഇത്തരം പരീക്ഷകളിൽ തോൽവി സംഭവിച്ചേക്കാം. 

 

ഈ മാനദണ്ഡ പരീക്ഷ നമ്മുടെ കൈകളിൽ ഒതുക്കാൻ ഉദ്യോഗാർഥികൾ ആദ്യമായി ചെയ്യേണ്ടത് പരീക്ഷാ സിലബസ് നന്നായി മനസ്സിലാക്കുക എന്നതാണ്. കൃത്യമായ സമയം നിശ്ചയിച്ച് കൃത്യമായ പഠനക്രമത്തിലൂടെ കൃത്യതയോടെ പഠിച്ചാൽ നേടാൻ സാധിക്കുന്ന പരീക്ഷയാണു സെറ്റ്. വരാനിരിക്കുന്ന ജനുവരിയിലെ സെറ്റ് പരീക്ഷയ്ക്കായി ഇപ്പോഴേ കാര്യക്ഷമമായ പഠനം ആരംഭിച്ചാൽ, വിജയം കയ്യകലത്താകുമെന്ന് ഉറപ്പിക്കാം. 

 

Content Summary : SET 2023 Preparation Tips: Study Plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com