‘കട’ ചോദിച്ച് പഞ്ചാബി കസ്റ്റമർ, കട മുഴുവൻ ചുറ്റിക്കാണിച്ച് സെയിൽസ്മാൻ: അനുഭവകഥ
Mail This Article
ഭാഷ അറിയാത്തൊരു ദേശത്തു ജോലി ചെയ്യേണ്ടി വന്നാൽ എന്താവും സംഭവിക്കുക? മറക്കാനാവാത്ത അനുഭവങ്ങളുണ്ടാകും. അങ്ങനെയൊരു അനുഭവം പങ്കുവയ്ക്കുകയാണ് അരുൺദേവ്.
കുറച്ചു വർഷങ്ങൾക്കു മുൻപ് കേരളത്തിലെ പ്രശസ്തമായ ജ്വല്ലറിയിൽ കാഷ്യർ ആയി ജോലി ചെയ്യുന്ന സമയം. ഡൽഹിയിൽ ആദ്യമായി പുതിയ ബ്രാഞ്ച് തുറന്നു. കേരളത്തിൽ ഉള്ളതിനേക്കാളും മെച്ചപ്പെട്ട ശമ്പളം ലഭിക്കും എന്നതിനാൽ ഞാനും മൂന്നുനാലു സുഹൃത്തുക്കളും കൂടി അവിടേക്ക് സ്ഥലം മാറ്റം വാങ്ങി പോയി. കൂട്ടത്തിൽ ഹിന്ദി അറിയാവുന്നത് എനിക്കും സൂപ്പർവൈസർ ആയി ജോലി ചെയ്യുന്ന ഒരു സുഹൃത്തിനും മാത്രം. കൂടെയുള്ള മറ്റൊരു സുഹൃത്തിന് മലയാളം അല്ലാതെ വേറെ ഒരു ഭാഷയും അറിയില്ല. അങ്ങനെ ഞങ്ങൾ ഡൽഹിയിൽ എത്തി ജോലിയിൽ പ്രവേശിച്ചു. ആദ്യദിനം നല്ല തിരക്കുളള സമയം ഹിന്ദി അറിയുന്ന സുഹൃത്താണ് കടയിൽ വരുന്ന കസ്റ്റമറെ സ്വീകരിക്കുന്നത്. അതിനു ശേഷം അവൻ പിന്നിൽ നിൽക്കുന്ന മലയാളം മാത്രം അറിയുന്ന കൂട്ടുകാരനോടു പറയും. അവർക്ക് ആവശ്യമായ ഭാഗത്തേക്ക് കൊണ്ടു പോകും.
അങ്ങനെ ആ തിരക്കിൽ ഒരു പഞ്ചാബി കസ്റ്റമർ വന്നു. മുന്നിൽ നിൽക്കുന്ന കൂട്ടുകാരനോട് ആ കസ്റ്റമർ പറഞ്ഞു ‘കട ദേഖ്നെ കേലിയെ’ (ഹിന്ദിയിൽ ‘കട’ എന്നാൽ ആണുങ്ങൾ ഇടുന്ന ഇടിവള). അവൻ തിരിഞ്ഞു പുറകിൽ നിൽക്കുന്ന മലയാളം മാത്രം അറിയാവുന്ന നമ്മുടെ കൂട്ടുകാരനോട് പറഞ്ഞു ‘ഡാ... ഈ കസ്റ്റമർക്കു കട കാണിച്ചു കൊടുക്ക്...’ ‘ശരി’ എന്ന് പറഞ്ഞ് അവൻ ആ പഞ്ചാബിയെയും കൊണ്ട് ഒന്നാം നിലയിലേക്ക് പോയി. എന്നിട്ട് അവൻ അറിയാവുന്ന മുറിഇംഗ്ലിഷിൽ ഓരോ സെക്‌ഷൻ കാണിച്ചിട്ട് അയാളോട് പറഞ്ഞു, ‘സർ ദിസ് ഈസ് നെക്‌ളേസ് സെക്‌ഷൻ, ദിസ് ഈസ് റിങ് സെക്‌ഷൻ’. അങ്ങനെ ആ നിലയിലെ എല്ലാ സെക്‌ഷനും പഞാബിയെ കാണിച്ചിട്ട് അവൻ അയാളെ രണ്ടാം നിലയിലേക്ക് കൊണ്ടു പോയി. എന്നിട്ട് പറഞ്ഞു, ‘സർ ദിസ് ഈസ് ഔർ ഡയമണ്ട് സെക്‌ഷൻ’. അയാളെ മൂന്നാം നിലയിൽ കൊണ്ടുപോയിട്ട് പറഞ്ഞു, ‘ദിസ് ഈസ് ഔർ സിൽവർ സെക്‌ഷൻ’.
എല്ലാം കാണുമ്പോഴും പഞ്ചാബി ‘ഓക്കേ’ പറഞ്ഞു. അങ്ങനെ മൂന്നു നിലയും കാണിച്ച് അവൻ അയാളോട് നന്ദി പറഞ്ഞു താഴേക്ക് പോന്നു. പഞ്ചാബി അവിടെനിന്ന് ആകെ ദേഷ്യപ്പെടാൻ തുടങ്ങി. ആകെ ഒച്ചപ്പാടും ബഹളവും പഞ്ചാബി ഭാഷയിൽ ചീത്തവിളിയും തുടങ്ങി. പെട്ടെന്ന് എല്ലാവരും ഓടിവന്ന് അയാളുടെ ചുറ്റും നിന്ന് സമാധാനിപ്പിക്കാൻ തുടങ്ങി. അയാളോട് എന്താണുണ്ടായത് എന്നു ചോദിച്ചു. അയാൾ നമ്മുടെ സുഹൃത്തിനെ ചൂണ്ടി പറഞ്ഞു ‘മേം കട ദേഖ്നെ കേലിയെ ആയാ, യെ ആദ്മി പൂര ഷോറൂം ഘുമാഖേ ദിഖായ’ (ഞാൻ ഇവനോട് കട കാണിക്കാൻ പറഞ്ഞു, ഇവൻ എന്നെ ഷോപ് മുഴുവൻ ചുറ്റിക്കാണിച്ചു). അപ്പോഴാണ് നമ്മുടെ ഹിന്ദി അറിയാവുന്ന സുഹൃത്ത് പറഞ്ഞത്, അവൻ പഞാബിയെ ‘കട’ (ആണുങ്ങൾ ഇടുന്ന ഇടിവള) കാണിക്കാൻ ആണ് പറഞ്ഞത്. പക്ഷേ ഭാഷ അറിയാത്ത നമ്മുടെ സുഹൃത്ത് ‘കട’ എന്നു കേട്ടപ്പോൾ ഷോപ് മുഴുവൻ കാണിക്കാനാണ് എന്നോർത്തു പഞ്ചാബിയെയും കൊണ്ട് ഷോപ്പ് ചുറ്റി. എന്തായാലും ഭാഷ അറിയാതെ പറ്റിയ അബദ്ധം ആണെന്ന് പറഞ്ഞ് അയാളോട് ക്ഷമയും പറഞ്ഞു, മേൽ പറഞ്ഞ കൂട്ടുകാരൻ അന്ന് വൈകിട്ടത്തെ ട്രെയിനിന് നാട്ടിലേക്കു സ്ഥലം വിട്ടു. അവനിത് വായിക്കുന്നുണ്ടാകുമോ?
പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും
Content Summary : Career Work Experience Series - Arun Dev Memoir