ADVERTISEMENT

ചെറിയ കുറ്റങ്ങൾക്കുപോലും തൂക്കുമരമായിരുന്നു രാജാവ് നൽകിയിരുന്ന ശിക്ഷ. ഒരു ദിവസം ജോലിക്കാരിലൊരാൾ കൊട്ടാരത്തിലുണ്ടായിരുന്ന 20 പൂപ്പാത്രങ്ങളിൽ ഒന്നു പൊട്ടിച്ചു. രാജാവ് അയാളെയും തൂക്കിലേറ്റാൻ വിധിച്ചു. എല്ലാമറിഞ്ഞ ഒരു വയോധികൻ രാജാവിനോടു പറഞ്ഞു: എനിക്കു ചിന്നിച്ചിതറിയ ആ പാത്രം പഴയതുപോലെയാക്കാൻ കഴിയും. രാജാവ് സമ്മതിച്ചു. കൊട്ടാരത്തിനുള്ളിലെത്തിയ അയാൾ മറ്റ് 19 പാത്രങ്ങളും അടിച്ചുപൊട്ടിച്ചു. വിവരമറിഞ്ഞു രോഷാകുലനായെത്തിയ രാജാവിനോട് അയാൾ പറഞ്ഞു: ഈ പാത്രങ്ങൾ ഇവിടെയിരുന്നാൽ ഭാവിയിൽ അവ ആരെങ്കിലും പൊട്ടിക്കാൻ സാധ്യതയുണ്ട്. താങ്കൾ അവർക്കെല്ലാം മരണശിക്ഷ വിധിക്കും. ആ 19 പേർക്കു പകരം ഞാനൊരാൾ മരിക്കുന്നതാണ് നല്ലത്. അങ്ങ് എന്നെ വധിച്ചോളൂ. 

 

 

തീർപ്പുകൾ രണ്ടുവിധത്തിൽ സംഭവിക്കാം; അഹന്തയുടെ അകമ്പടികൊണ്ടും അനന്തരഫലത്തിന്റെ പ്രയോജനം കൊണ്ടും. അധികാരമോ അവകാശമോ ഉള്ളവർ തീരുമാനങ്ങളെടുക്കുമ്പോൾ നുഴഞ്ഞുകയറുന്ന അഹംഭാവം മൂലം അനർഹമായ ശിക്ഷകളേറ്റുവാങ്ങേണ്ടിവരുന്നവർ ദർബാറുകളിൽ മാത്രമല്ല വീടിനകത്തുമുണ്ട്. സ്ഥാനത്തിരിക്കുന്ന വരാണ് മിക്കപ്പോഴും തീരുമാനങ്ങളുടെ ഉറവിടം. പരിണതഫലങ്ങളെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും വീണ്ടുവിചാരമില്ലാതെ അധികാരികൾ കൽപിക്കുന്ന എല്ലാ തീർപ്പുകളും സ്വന്തം പ്രഭാവവും പ്രാപ്തിയും പ്രദർശിപ്പിക്കുന്നതിനു മാത്രമാണ്. വിഡ്ഢിത്തങ്ങൾ മാത്രം ചെയ്യുമ്പോഴും തങ്ങളാണു ശരി എന്ന അബദ്ധചിന്തയിൽ അവർ അടിയുറച്ചു നിൽക്കും. 

 

വിധിന്യായങ്ങൾക്കു തിരുത്തൽശേഷിയുണ്ടാകണം. അപകർഷതാബോധത്തിലേക്കോ അനാരോഗ്യത്തിലേക്കോ നയിക്കുന്ന തീരുമാനങ്ങൾ ആരെയും വിചിന്തനത്തിനോ തിരിച്ചുവരവിനോ പ്രേരിപ്പിക്കില്ല. ചെയ്ത കുറ്റവും ഏൽക്കുന്ന ശിക്ഷയും തമ്മിൽ പാരസ്പര്യമുണ്ടാകണം. വലിയ കുറ്റത്തിനു നൽകുന്ന ചെറിയ ശിക്ഷയും ചെറിയ തെറ്റിനു നൽകുന്ന വലിയ ശിക്ഷയും വിധികർത്താക്കളുടെ വ്യക്തിതാൽപര്യങ്ങൾ മാത്രമാണു പ്രകടിപ്പിക്കുന്നത്. ആളിനല്ല, തെറ്റിനാണു ശിക്ഷ വിധിക്കേണ്ടത്. വ്യക്തിയെ വിധിച്ചാൽ വ്യക്തിബന്ധങ്ങളും വ്യക്തിയുടെ വലുപ്പച്ചെറുപ്പവുമെല്ലാം വിധിയെ സ്വാധീനിക്കും. തെറ്റിനെ പരിഗണിച്ചാൽ ആ തെറ്റിന്റെ കാഠിന്യം മാത്രമാകും പ്രസക്തം.

 

Content Summary : Punish the mistakes, not the person

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com