ADVERTISEMENT

നല്ല കാറ്റുള്ള സ്ഥലത്താണോ വീട് ? എങ്കിൽ കാറ്റിൽനിന്നു വൈദ്യുതിയുണ്ടാക്കി വീട്ടാവശ്യങ്ങൾ നിറവേറ്റാം. കാറ്റിൽനിന്നു ചെറിയ ടർബൈനുകൾ വഴി കുറഞ്ഞ ചെലവിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്ന മലയാളി സ്റ്റാർട്ടപ് സംരംഭത്തിന്റെ വിജയകഥയാണ് അവാൻ ഗാർദ് ഇന്നവേഷൻസ് എന്ന കമ്പനിയിലൂടെ തിരുവനന്തപുരം സ്വദേശികളായ സഹോദരങ്ങൾ അരുൺ ജോർജും അനൂപ് ജോർജും പറയുന്നത്.

 

യുഎൻ അംഗീകാരം ലഭിച്ചിട്ടുള്ള ഇവരുടെ കാറ്റ് വൈദ്യുതി പദ്ധതിയുടെ ഉപഭോക്താക്കളിൽ യുഎസ് സർക്കാരുമുണ്ട്. അന്റാർട്ടിക്കയും ഓസ്ട്രേലിയയും ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും ഇവരുടെ ചെറിയ വിൻഡ് ടർബൈനുകൾ പ്രവർത്തിക്കുന്നു. രണ്ടു തവണ ലോകത്തിലെ ഏറ്റവും മികച്ച 20 ക്ലീൻടെക് സ്റ്റാർട്ടപ്പുകളിലൊന്നായി യുഎൻ ഇവരുടെ കമ്പനിയെ തിരഞ്ഞെടുക്കുകയും ചെയ്തു.

 

∙ സൈന്യത്തിന്റെ പക്കലും

 

പ്രതിദിനം ഒരു വീടിനാവശ്യമായ ശരാശരി 3 കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ അവാൻ ഗാർദിന്റെ ചെറു ടർബൈനുകൾക്കു കഴിയും. ഏതു കാലാവസ്ഥയിലും പ്രവർത്തിക്കും. ചുഴലിക്കാറ്റും കൊടുംചൂടും അതിശൈത്യവും ബാധിക്കുകയുമില്ല. ഇന്ത്യയിലെ പലഭാഗത്തും പല കാലാവസ്ഥകളിലും ടർബൈനുകൾ പ്രവർത്തിക്കുന്നുണ്ട്.

2021 ൽ ലഡാക്കിൽ ഇന്ത്യൻ സേന 11,000 അടി ഉയരത്തിൽ മൈനസ് 30 ഡിഗ്രി സെൽഷ്യസിൽ വിൻഡ് ടർബൈൻ സ്ഥാപിച്ചിരുന്നു. രാജ്യത്തു നിലവിൽ ഏറ്റവും ഉയരത്തിലുള്ള വിൻഡ് ടർബൈനാണിത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള ചെറിയ വിൻഡ് ടർബൈൻ ഈമാസം സിക്കിമിലെ ഇന്ത്യ- ചൈന അതിർത്തിയിൽ 16,000 അടി ഉയരത്തിൽ സ്ഥാപിക്കാനൊരുങ്ങുകയാണ് ഇന്ത്യൻ സേന.

 

∙ എങ്ങനെയും എപ്പോഴും

 

എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാമെന്നതും സ്ഥലപരിമിതി പ്രശ്നമല്ലെന്നതും ഇത്തരം ചെറു വിൻഡ് ടർബൈനുകളുടെ മെച്ചമാണ്. സ്ഥാപിക്കാനുള്ള ചെലവും പരിപാലനച്ചെലവും കുറവാണുതാനും. അനെർട്ടിന്റെ പഠനറിപ്പോർട്ട് അനുസരിച്ച് കേരളത്തിൽ 2000 മെഗാവാട്ട് വൈദ്യുതി വിൻഡ് ടർബൈനുകളിലൂടെ ഉൽപാദിപ്പിക്കാനാകും. സോളർ പ്ലാന്റിനു നൽകുന്നതുപോലെ വിൻഡ് ടർബൈനിനും സർക്കാർ സബ്സിഡി നൽകണമെന്നാണ് അരുണിന്റെയും അനൂപിന്റെയും അഭ്യർഥന.

 

പരേതനായ കോവളം മുൻ എംഎൽഎ ജോർജ് മേഴ്സിയറിന്റെയും തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്ക് ഡയറക്ടറായിരുന്ന പ്രസന്നകുമാരിയുടെയും മക്കളാണ് ഇരുവരും. ഓസ്ട്രേലിയയിലെ ജയിംസ് കുക്ക് സർവകലാശാലയിൽനിന്ന് എംബിഎയും ഡിസ്പ്യൂട്ട് റസല്യൂഷൻ ആൻഡ് കോൺഫ്ലിക്റ്റ്സ് മാനേജ്മെന്റിൽ ഉപരിപഠനവും പൂർത്തിയാക്കിയിട്ടുണ്ട് അരുൺ ജോർജ്.

 

Content Summary : Startup from the Wind: Two Brothers Share Their Success Secret

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com