ADVERTISEMENT

ഓഡിറ്റിങ്ങിനു രാജ്യാന്തരതലത്തിൽ യോഗ്യത നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ടെന്നു കേൾക്കുന്നതു ശരിയാണോ? എങ്ങനെയാണ് അതിന്റെ അംഗമാകുക? ജോലി സാധ്യതയുണ്ടോ?

 

ശരിയാണ്. നിങ്ങൾ ഉദ്ദേശിക്കുന്നത് യുഎസ് ആസ്ഥാനമായ ഐഐഎ ആണ്. The Institute of Internal Auditors, 1035 – Greenwood Blvd., Suite 401, Lake Mary, FL 32746 USA, ഫോൺ: +1-407-937-1111; ഇ–മെയിൽ: CustomerRelations@theiia.org, വെബ്: https://www.theiia.org. 40 വർഷത്തിലേറെയായി പ്രവർത്തിച്ചു വരുന്ന ഈ സ്ഥാപനത്തിന്റെ CIA (സർട്ടിഫൈഡ് ഇന്റേണൽ ഓഡിറ്റർ) അംഗത്വം രാജ്യാന്തരതലത്തിൽ ഓഡിറ്റർ ജോലിക്ക് മികച്ച യോഗ്യതയായി കരുതിവരുന്നു. 

 

1974 മുതൽ ഇതുവരെ 170 രാജ്യങ്ങളിലായി രണ്ടു ലക്ഷത്തിലേറെ സിഐഎ–അംഗത്വം നൽകിയിട്ടുണ്ട്. യുഎസ്, യുകെ, ഓസ്ട്രേലിയ, കാനഡ, ഗൾഫ് രാജ്യങ്ങൾ എന്നിവയിൽ നല്ല വേതനത്തോടെ പ്രവർത്തിക്കാൻ സിഐഎമാർക്ക് അവസരമുണ്ട്. സ്വകാര്യമേഖലയിൽ ഇന്ത്യയിലുമുണ്ട് സാധ്യതകൾ. പക്ഷേ ഇവിടെ ചാർട്ടേർഡ് അക്കൗണ്ടന്റുമാർക്കുള്ള സ്റ്ററ്റ്യൂട്ടറി അധികാരം സിഐഎയ്ക്കു കിട്ടില്ല.

 

ചുമതലകൾ

 

ഫിനാൻഷ്യൽ/ടാക്സ് /സ്റ്റോക് /റിസ്ക് മാനേജ്മെന്റ്,  കമ്പനി ഓ‍ഡിറ്റ് മുതലായ പല ചുമതലകളും സിഐഎ കൈകാര്യം ചെയ്യും. കണക്കുകളിൽ കൃത്യത പാലിച്ച് ബിസിനസ് പ്രവർത്തനങ്ങൾ സത്യസന്ധവും കാര്യക്ഷമവും ആക്കുന്നതിനുള്ള ഉപദേശം നൽകുക, റിസ്ക് മാനേജ്മെന്റ് സമർഥമെന്ന് ഉറപ്പാക്കുക, മുഖ്യ പ്രവർത്തനങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകൾ തയാറാക്കി പ്രസക്ത അധികാരികൾക്കു വിതരണം ചെയ്യുക തുടങ്ങി  ഉത്തരവാദിത്തങ്ങളും നിർവഹിക്കും.

 

പ്രവേശനയോഗ്യത

 

ബാച്‌ലർ ബിരുദമോ ഇന്റേണൽ ഓഡിറ്റിൽ 5 വർഷത്തെ പരിചയമോ ഉള്ളവർക്ക് അപേക്ഷിക്കാം. ഫൈനൽ ഇയർ വിദ്യാർഥികൾക്കും പരീക്ഷയെഴുതാമെങ്കിലും ബിരുദം നേടിയിട്ടേ സർട്ടിഫിക്കറ്റ് ലഭിക്കൂ. മറ്റു ചില യോഗ്യതകളും ഇക്കാര്യത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് നിർദേശിച്ചിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രഫഷനൽ സർട്ടിഫിക്കേഷൻ ബോർഡിന്റെ എല്ലാ വ്യവസ്ഥകളും സ്വീകരിക്കണം. 

 

 പഠനവും പരിശീലനവും

 

പരീക്ഷയുടെ സിലബസിൽ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളടങ്ങിയ 3 പാർട്ടുണ്ട്.

1. Essentials of Internal Auditing: 150 മിനിറ്റ്, 125 ചോദ്യം. ഇതിൽ 6 ഭാഗങ്ങൾ. Foundation of internal auditing / Independence & objectivity/ Proficiency & due professional care / Quality assurance & improvement programs/ Governance, risk management & control / Fraud risk

 

2. Practice of Internal Auditing: 120 മിനിറ്റ്, 100 ചോദ്യം. ഇതിൽ 4 ഭാഗങ്ങൾ. Managing the internal audit activity/ Planning the engagement/ Performing the engagement / Communicating engagement results & monitoring progress

 

3. Business Knowledge for Internal Auditing: 120 മിനിറ്റ്, 100 ചോദ്യം. ഇതിൽ 4 ഭാഗങ്ങൾ.  Business acumen / Information security / Information technology/ Financial management.

 

‘സിഐഎ ലേണിങ് സിസ്റ്റം’ പരിശീലനത്തിനാവശ്യമായ വിവരങ്ങൾ ഓൺലൈനായും ആവശ്യമുണ്ടെങ്കിൽ അച്ചടിച്ച മാറ്റർ വഴിയും പകർന്നുതരും. മാതൃകാ ചോദ്യോത്തരങ്ങളും സംവാദവും പരിശീലന ടെസ്റ്റുകളും സൈറ്റിലുണ്ട്.

കൂടുതൽ വിവരങ്ങൾക്കു വെബ് സൈറ്റ് നോക്കാം.

 

അപേക്ഷ

 

ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള ലളിത സംവിധാനമാണ് CCMS (സർട്ടിഫിക്കേഷൻ കാൻഡിഡേറ്റ് മാനേജ്മെന്റ് സിസ്റ്റം – www.theiia.org/en/certifications/access-ccms). ഇതിൽ അപേക്ഷകന്റെ പ്രൊഫൈൽ സൃഷ്ടിച്ച് പ്രോഗ്രാം തിരഞ്ഞെടുത്ത് ഫീസടച്ച് പ്രസക്തരേഖകൾ അപ്‌ലോഡ് ചെയ്യാം. ഈ സൈറ്റിൽ നിന്ന് അപേക്ഷാ സമർപ്പണത്തിന്റെയും പരീക്ഷയുടെയും വിശദാംശങ്ങളടങ്ങുന്ന ‘കാൻ‍ഡിഡേറ്റ് ഹാൻഡ്ബുക്’ ഡൗൺലോഡു ചെയ്യാം.

 

ഓൺലൈൻ പരീക്ഷ

 

വീട്ടിലിരുന്ന് ഓൺലൈനായി ‘ഐഐഎ സർട്ടിഫിക്കേഷൻ ടെസ്റ്റ്’ എഴുതാം. മുൻകൂട്ടി ടെസ്റ്റ് സമയം ഷെഡ്യൂൾ ചെയ്യണം. ഇതിന്റെ വിശദാംശങ്ങൾ https://home.pearsonvue.com/iia/onvue എന്ന സൈറ്റിൽ ലഭ്യമാണ്. പരീക്ഷ എഴുതുമ്പോൾ നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കും. ടെസ്റ്റിലെ പേപ്പർ തിരഞ്ഞെടുത്ത് പരീക്ഷയെഴുതുന്നതിന്റെ രീതി വിശദമാക്കുന്ന വിഡിയോ വെബ്സൈറ്റിലുണ്ട്. രാജ്യാന്തരതലത്തിൽ GMAT, NCLEX അടക്കം വിവിധ പരീക്ഷകൾ നടത്തുന്ന Pearson VUE എന്ന സ്ഥാപനത്തിനാണ് ഈ ടെസ്റ്റിന്റെയും ചുമതല. 

 

ടെസ്റ്റ് പൂർത്തിയായി 24 മണിക്കൂറിനു ശേഷം പരീക്ഷാഫലം അറിയാം. വിശേഷരീതിയിലാണ് സ്കോർ കണക്കാ ക്കുന്നത്. ശരിയുത്തരങ്ങൾ  മാത്രം പരിഗണിച്ച് വിദ്യാർഥിയുടെ  സ്കോർ 250–750 റേഞ്ചിലുള്ള സ്കെയിലിലേക്കു പരിവർത്തനം ചെയ്യും. തെറ്റിനു മാർക്കു കുറയ്ക്കില്ല. ജയിക്കാൻ പരീക്ഷയിലെ ഓരോ പാർട്ടിനും ഈ സ്കെയിലിൽ കുറഞ്ഞത് 600 സ്കോർ വേണം. അംഗത്വം ലഭിക്കുന്നതിന് നിർദിഷ്ട പ്രവർത്തനപരിചയവും നേടേണ്ടതുണ്ട്. 

രാജ്യാന്തര ഐഐഎയുമായി കൈകോർത്ത് ഐഐഎ–ഇന്ത്യ പ്രവർത്തിക്കുന്നു – www.iiaindia.co. ‍ഡൽഹി, മുംബൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നീ 6 ചാപ്റ്ററുകളും 11 ഓഡിറ്റ് ക്ലബ്ബുകളും 4400 അംഗങ്ങളുമുണ്ട്. ഇന്ത്യയിലെ ചാർട്ടേഡ് അക്കൗണ്ടന്റുമാർക്ക് താൽപര്യമുണ്ടെങ്കിൽ കുറഞ്ഞ നിരക്കിൽ ഒറ്റ സിറ്റിങ്ങിൽ 150 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുള്ള 3–മണിക്കൂർ ‘സിഐഎ ചാലഞ്ച് എക്സാമിനേഷൻ’ എഴുതി, ഈ രാജ്യാന്തരയോഗ്യത നേടാൻ അവസരം നൽകുന്ന രീതിയുമുണ്ട്. The Institute of Internal Auditors India, 503, 5th Floor, A Wing, Sagar Tech Plaza, Sakinaka, Andheri East, Mumbai 4000072; www.iiaindia.co.

 

Content Summary : Career scope of CIA certification | Certified Internal Auditor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com