ADVERTISEMENT

പരീക്ഷയിലെ ഉത്തരമെഴുത്താണ് വിദ്യാഭ്യാസത്തിലെ പ്രധാന പ്രക്രിയ എന്നാണു പൊതുധാരണ. നല്ല മാർക്ക് കിട്ടുന്ന പ്രക്രിയയ്ക്കു പ്രാധാന്യമില്ലെന്നല്ല. പക്ഷേ ചോദ്യങ്ങൾക്ക് ഉത്തരമെഴുതുംപോലെ പ്രധാനമാണ്. ഉത്തരങ്ങളെ ചോദ്യം ചെയ്യുകയെന്നത്! ജീവിതത്തിൽ ധരിച്ചുവച്ച ഉത്തരങ്ങളെ നിരന്തരം ചോദ്യം ചെയ്യുമ്പോഴാണ് ഉയർച്ചയിേലക്കുള്ള രഹസ്യവാതിൽ തുറക്കുക. 

 

ഇതിനർഥം, ആരെന്തു പറഞ്ഞാലും എതിർക്കണമെന്നോ ചോദ്യം ചെയ്യണമെന്നോ അല്ല. ക്ലാസിൽ അധ്യാപകർ പകരുന്ന പാഠങ്ങളായാലും പൊതുവേദികളിൽ പ്രഭാഷകർ പങ്കുവയ്ക്കുന്ന ആശയങ്ങളായാലും, അവ ബോധ്യപ്പെടാനുള്ള പരിശീലനമാണ് ആവശ്യം. ബോധ്യപ്പെടണമെങ്കിൽ ആ ആശയങ്ങൾ പൂർണമായി പിന്തുടരണം. ഒരാശയവും കണ്ണുമടച്ചു വിശ്വസിക്കണമെന്നല്ല. ചില ആശയങ്ങൾ എന്തുകൊണ്ട് നമുക്കു ബോധ്യപ്പെടുന്നില്ലെന്നു സ്വയം പരിശോധിച്ചു കഴിയുമ്പോൾ അവയ്ക്കു വിശദീകരണങ്ങൾ വേണ്ടി വരും. ആ വിശദീകരണം േതടലാണു ചോദ്യങ്ങളുടെ ലക്ഷ്യം. 

 

ക്ലാസുകളിൽ അധ്യാപകർ ‘ചോദ്യങ്ങൾ എന്തെങ്കിലുമുണ്ടോ’ എന്നു കുട്ടികളോടു ചോദിച്ചാൽ അസുഖകരമായ നിശബ്ദതയായിരിക്കും ഫലം. പലരും ബാലിശമായ ചോദ്യങ്ങൾ ചോദിച്ചു സന്ദർഭത്തിന്റെ ഗൗരവം ചോർത്തിക്കളയും. നല്ല അധ്യാപകർ അവരുടെ സംസാരത്തിനെടുക്കുന്ന അത്രയും സമയം തന്നെ കുട്ടികളോടുള്ള സംഭാഷണത്തിനും അവരുടെ ചോദ്യങ്ങൾക്കുള്ള മറുപടികൾക്കുമായി നീക്കിവയ്ക്കും. വിദേശ സർവകലാശാലകളിലും ഇന്ത്യയിലെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും തുറന്ന സംവാദങ്ങൾക്കുള്ള പ്രാധാന്യം മാതൃകാപരമാണ്. 

 

കൃത്യമായ ചോദ്യം ചോദിക്കുക എന്നതൊരു കഴിവാണ്. ക്ലാസിൽ ഉന്നയിക്കുന്ന ചോദ്യങ്ങൾ പോലെ പ്രധാനമാണ്, പരീക്ഷയ്ക്കു വേണ്ടി തയാറെടുക്കുമ്പോൾ ഓരോ പാഠഭാഗങ്ങളിലും ആധിപത്യം ഉറപ്പിക്കാനായി കണ്ടെത്തുന്ന ചോദ്യങ്ങൾ. ഓരോ പാഠഭാഗത്തിലെയും സാധ്യമായ എല്ലാ ചോദ്യങ്ങളും ചിട്ടപ്പെടുത്തി നിർദാക്ഷിണ്യം സ്വയം ചോദിക്കണം. 

 

ക്ലാസിലിരിക്കുമ്പോഴും പ്രഭാഷണങ്ങളിൽ ശ്രോതാവായിരിക്കുമ്പോഴും സ്വയം പഠിക്കുമ്പോഴും ചോദ്യങ്ങൾ ഉന്നയിക്കാൻ കഴിയണമെങ്കിൽ പൂർണ ശ്രദ്ധ വേണം. ആ ശ്രദ്ധ, അലയാൻ വാസനയുള്ള മനസ്സിനെ നിയന്ത്രിക്കും. ജാഗ്രതയോടെയുള്ള കേൾവിയും വായനയും അങ്ങനെ നല്ലൊരു വിദ്യാർഥിയെ സൃഷ്ടിക്കും. നല്ല ചോദ്യങ്ങൾ അധ്യാപകർക്കു പോലും ചിലപ്പോൾ വഴികാട്ടികളാകും. ക്ലാസിൽ വിശദീകരിക്കാൻ വിട്ടുപോയ ഭാഗമോ തെറ്റിദ്ധാരണയ്ക്ക് ഇടംകൊടുത്ത പരാമർശമോ ഒക്കെ വിശദീകരിക്കാനും തിരുത്താനും നല്ല ചോദ്യങ്ങൾ അവസരമൊരുക്കും. ചോദ്യകർത്താവിന് ആത്മവിശ്വാസവും തെളിച്ചമുള്ള അറിവും നേടാൻ സഹായകവുമാകും. 

 

ചോദ്യം ചോദിക്കാൻ പ്രേരിപ്പിക്കുന്ന അന്വേഷണ കൗതുകം നമ്മുടെ കലാലയങ്ങളിൽ താരതമ്യേന കുറവാണ്. ആത്മവിശ്വാസം കുറഞ്ഞ അധ്യാപകർ ചോദ്യങ്ങൾ പ്രോത്സാഹിപ്പിക്കാറില്ല. ‘ഞാൻ പറയുന്നതങ്ങു കേട്ടാൽ മതി’ എന്നാണ് അത്തരക്കാരുടെ നിലപാട്. ചിലപ്പോൾ ചോദ്യം ചോദിക്കുന്ന വിദ്യാർഥിയെ സഹപാഠികൾ നിരുത്സാഹപ്പെടുത്തും. അപ്പോൾ ക്ലാസുകളിലെ ആശയപ്രവാഹം വൺ വേ ട്രാഫിക്കും വിദ്യാർഥികൾ നിഷ്ക്രിയ സാന്നിധ്യങ്ങളുമാകും. ചോദ്യങ്ങൾ ചോദിക്കാത്ത വിദ്യാർഥി വളർച്ച മുരടിച്ച ചെടി പോലെയാകുന്നു. 

 

യൂണിവേഴ്സിറ്റി പരീക്ഷകളിൽ ജയിച്ച കുട്ടികൾക്കു പിഎസ്‌സി ടെസ്റ്റോ മറ്റു മത്സരപരീക്ഷകളോ എഴുതുമ്പോൾ പിന്നെയും അന്തംവിട്ടു പഠിക്കേണ്ടി വരുന്നത് ഇതൊക്കെക്കൊണ്ടാണ്. മുൻപു പഠിച്ചതൊക്കെ ഉപരിപ്ലവമായി മാത്രം മനസ്സിൽ േചക്കേറുകയും പരീക്ഷ കഴിഞ്ഞ് അങ്ങനെതന്നെ കൂടൊഴിഞ്ഞു പോവുകയും ചെയ്യുന്ന സാഹചര്യമാണ്, ചോദ്യങ്ങൾ ചോദിക്കപ്പെടാത്ത പഠനസമ്പ്രദായം ബാക്കിവയ്ക്കുന്നത്.

 

Content Summary : Vazhivilakku Colunn - Learning to ask better questions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com