ADVERTISEMENT

‘‘ഇന്നലെ രാത്രി 8.34ന് എന്റെ ലോകം കീഴ്മേൽ മറിഞ്ഞു’’– ലിങ്ക്ഡ്ഇനിൽ ഇങ്ങനെയൊരു പോസ്റ്റ് വായിച്ചുതുടങ്ങുമ്പോഴേ എന്തിനെക്കുറിച്ചാണു പറഞ്ഞുവരുന്നതെന്ന് എല്ലാവർക്കും മനസ്സിലാകും. ഗൂഗിൾ ഇന്ത്യയിൽനിന്നു പിരിച്ചവിടപ്പെട്ട 453 പേരിൽ ഉൾപ്പെട്ട സാഗർ ഗിൽഹോത്രയാണ് വെള്ളിയാഴ്ച പ്രഫഷനൽ സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റായ ലിങ്ക്ഡ്ഇനിലൂടെ തന്റെ ഞെട്ടലും അമ്പരപ്പും പങ്കുവച്ചത്. രാപകൽ ജോലി, സ്പോട് ബോണസുകൾ... ഇത്തരമൊരു സാഹചര്യത്തിൽ പിരിച്ചുവിടൽ പ്രതീക്ഷിച്ചിരുന്നില്ലെന്നു സാഗർ പറയുന്നു.

Read Also :  ഇംഗ്ലിഷിൽ കാലിടറാതെ ഇനി യുകെയിൽ നഴ്സിങ് കരിയർ സ്വപ്നം കാണാം

തൊഴിൽമേഖലയിലെ പ്രവചനാതീത സാഹചര്യത്തിന്റെ ഉദാഹരണങ്ങൾ നമുക്കുചുറ്റുമുണ്ട്. മറ്റു കമ്പനികൾ വഴി കരാറിനെടുത്തിരുന്ന ജീവനക്കാർക്ക് ആപ്പിളിൽ ജോലി നഷ്ടമായിരിക്കുന്നു. പിരിച്ചുവിടില്ലെന്ന് കമ്പനി ഉറപ്പുനൽകി മാസങ്ങൾക്കകമാണു നടപടിയെന്നു ജീവനക്കാർ പറയുന്നു. ഫെയ്സ്ബുക്കിന്റെ മാതൃ കമ്പനിയായ ‘െമറ്റ’ 7000 ജീവനക്കാർക്ക് ‘പ്രകടനം പ്രതീക്ഷിച്ചതിലും താഴെ’ എന്ന റേറ്റിങ് കൊടുത്തത് അടുത്ത റൗണ്ട് പിരിച്ചുവിടലിനുള്ള മുന്നോടിയാണോയെന്ന് ആശങ്കയുണർത്തുന്നു. 2022നെക്കാൾ ഗുരുതരമാണ് 2023ലെ തൊഴിൽ അന്തരീക്ഷം എന്നതിന്റെ സൂചനകളായാണ് ഇതെല്ലാം വിലയിരുത്തപ്പെടുന്നത്.

tcs
Photo Credit : tcs

 

ഇത്തരമൊരു സാഹചര്യത്തിൽ ‘ഇല്ല, ഞങ്ങൾ ആരെയും പിരിച്ചിവിടില്ല’ എന്നൊരു കമ്പനി പറഞ്ഞാലോ ? ടിസിഎസിന്റെ ചീഫ് എച്ച്ആർ ഓഫിസർ മിളിണ്ട് ലക്കഡ് കഴിഞ്ഞദിവസം  നൽകിയ ഇന്റർവ്യൂവിൽ പറഞ്ഞതിങ്ങനെ – ‘‘ഒരിക്കൽ നിയമിച്ചുകഴിഞ്ഞാൽ അവരെ തേച്ചുമിനുക്കി ദീർഘകാല കരിയറിനു പാകപ്പെടുത്തുകയാണ് ഞങ്ങളുടെ രീതി.’’ യുഎസിൽ വൻകിട ടെക് കമ്പനികളിൽനിന്നു പിരിച്ചുവിടപ്പെട്ടവർക്കും ഇന്ത്യയിൽ സ്റ്റാർട്ടപ് കമ്പനികളിലെ ജോലി നഷ്ടപ്പെട്ടവർക്കും നിയമനം നൽകുന്നതു പരിഗണനയിലാണെന്നും ലക്കഡ് പറയുന്നു. 6 ലക്ഷത്തിലേറെ ജീവനക്കാരാണ് ടിസിഎസിൽ നിലവിലുള്ളത്. ആരെങ്കിലും പ്രതീക്ഷിച്ച നിലവാരം കൈവരിക്കുന്നില്ലെന്നു തോന്നിയാൽ അവർക്കു കൂടുതൽ പരിശീലനം നൽകുന്നതിനാകും തങ്ങൾ മുൻഗണന നൽകുകയെന്നും ലക്കഡ് വ്യക്തമാക്കുന്നു.

 

ഏയ്, പേടിച്ചിട്ടല്ല...

 

പിരിച്ചുവിടലുകളുടെ കാലത്ത് കമ്പനി മേധാവികളുടെ ജീവിതം എങ്ങനെയായിരിക്കും ? ഫെയ്സ്ബുക് സ്ഥാപകൻ മാർക്ക് സുക്കർബർഗിനെക്കുറിച്ചുള്ള പുതിയ വിശേഷമിങ്ങനെ– കക്ഷിയുടെ സുരക്ഷാ അലവൻസ് നാലു ദശലക്ഷം ഡോളർ വർധിപ്പിച്ച് 14 ദശലക്ഷം ഡോളറാക്കി. ചെലവുചുരുക്കലിന്റെ ഭാഗമായാണ് പിരിച്ചുവിടലുകളെങ്കിലും അതും ചെലവുള്ള പരിപാടിയാണെന്നു സാരം.

 

Content Summary : Not Considering Layoffs Says TCS CHRO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com