സൂപ്പർ വുമൺ എന്ന അബദ്ധ ധാരണയിൽ കരിയർ നശിപ്പിക്കല്ലേ?; ജോലിയിൽ ഉയരാം 4 കാര്യങ്ങളെ അതിജീവിച്ച്
Mail This Article
പണവും അധികാരവും ജോലിയുമുൾപ്പെടെ സമൂഹത്തെ പൂർണമായി പുരുഷൻമാർ മാത്രം നിയന്ത്രിച്ചിരുന്ന കാലം ഇന്ന് പറഞ്ഞുകേട്ടതോ വായിച്ചറിഞ്ഞതോ മാത്രമായ പഴയ കാലമാണ്. എല്ലാ മേഖലകളിലും സ്ത്രീകൾ കടന്നുവരികയും പുരുഷൻമാർക്കൊപ്പമോ അവരേക്കാളുമോ ഉയരത്തിൽ എത്തുകയും ചെയ്ത കഥയാണ് വർത്തമാനകാലത്തിനു പറയാനുള്ളത്. വനിതാ മുന്നേറ്റത്തിന്റെ ആവേശകരമായ രേഖയാണ് ഇന്നത്തെ കാലത്തിന്റെ ചരിത്രമെന്നുപോലും വിശേഷിപ്പിക്കാം. എന്നാൽ, കരിയർ തിരഞ്ഞെടുക്കാനും ദീർഘകാലം തുടരാനും ഇന്നും സ്ത്രീകൾക്ക് ഒട്ടേറെ തടസ്സങ്ങളുണ്ട്. പ്രതിസന്ധികളും വെല്ലുവിളികളുമുണ്ട്. ഇവ ഏതെന്നു കണ്ടെത്തിയാൽ മാത്രമേ അവ തരണം ചെയ്യാനുള്ള മാർഗങ്ങൾ സ്വീകരിക്കാനുമാകൂ. പ്രതിസന്ധികളെ അതിജീവിക്കുന്നവർക്കുമാത്രമേ പ്രതീക്ഷയ്ക്കൊത്തു വളരാനും ഉയരങ്ങളിലെത്താനും കഴിയൂ. വിജയകരമായ കരിയർ കെട്ടിപ്പടുക്കാൻ സ്ത്രീകൾ തീർച്ചയായും മനസ്സിലാക്കേണ്ട വസ്തുതകൾ എന്തൊക്കെയെന്ന് അറിയാം.
Read Also : ആസ്വദിച്ചു ചെയ്യാൻ കഴിയുന്ന ജോലി കണ്ടെത്താൻ 4 വഴികൾ
1.വിവേചനം
സ്ത്രീയായതുകൊണ്ടു മാത്രം കരിയറിൽ ഒരു വ്യക്തിയോടു വിവേചനം കാണിക്കുന്നത് നിയമവിരുദ്ധമാണ്. എന്നാൽ വിവേചനം തെളിയിക്കുക എന്നത് കാഠിന്യമേറിയ ഒരു ജോലിയാണ്. പോരാടേണ്ടത് നൂറ്റാണ്ടുകളായി സമൂഹത്തിൽ നിലനിൽക്കുന്ന മുൻവിധികളോടും അന്ധവിശ്വാസങ്ങളോടും ഇടുങ്ങിയ ചിന്താഗതികളോടുമാണ്. സ്ത്രീകൾ യുക്തിക്കു പ്രാധാന്യം കൊടുക്കാത്തവരും വികരപരമായി കാര്യങ്ങളെ കാണുന്നവരുമാണെന്നുള്ള ചിന്ത ഇന്നും സമൂഹത്തിലുണ്ട്. കുടുംബത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റാനുള്ളതിനാൽ പല സ്ത്രീകൾക്കും വിജയകരമായ കരിയർ സാധ്യമല്ലെന്നു ചിന്തിക്കുന്നവരുമുണ്ട്. അവരെ ഏൽപിച്ചാൽ ജോലി കൃത്യമായി മുന്നോട്ടുപോകില്ല എന്ന ചിന്തയുമുണ്ട്. വ്യത്യസ്ത തരക്കാരായ ഒരു ടീമിനെ ഒന്നിച്ചുകൊണ്ടുപോകാൻ പുരുഷൻമാർക്കു മാത്രമേ കഴിയൂ എന്ന ധാരണയുമുണ്ട്. എന്നാൽ ഇത്തരം ചിന്തകളും മുൻവിധികളുമെല്ലാം പണ്ടത്തെപ്പോലെ ഇന്ന് അത്ര പ്രബലമല്ല. എന്നാൽ പലർക്കും ഇന്നും ജോലിസ്ഥലത്ത് പല തരത്തിലുള്ള വിവേചനം നേരിടേണ്ടിവരുന്നുണ്ട്. അവ അതിജീവിക്കുക എന്നതാണ് അവരുടെ മുന്നോട്ടുള്ള പ്രയാണത്തെ നിർണയിക്കുന്നതും.
2. ബോയ്സ് ക്ലബ്
പുരുഷൻമാരുടേതുമാത്രമായ കൂട്ടായ്മകളും ക്ലബുകളും ജോലിസ്ഥലത്തുൾപ്പെടെ ഇപ്പോഴുമുണ്ട്. പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം അവർ ചർച്ച ചെയ്യുന്നു. തീരുമാനിക്കുന്നു. അവർക്കു മാത്രമേ കാര്യങ്ങൾ മുന്നോട്ടു കൊണ്ടു പോകാനാകൂ എന്നു വിശ്വാസമാണ് കൂട്ടായ്മയുടെ അടിസ്ഥാനം. സ്ത്രീകളെ അവർ സ്വകാര്യലോകത്തേക്ക് അടുപ്പിക്കാറുപോലുമില്ല. രഹസ്യങ്ങളും പരസ്പരമുള്ള ആശയവിനിമയവുമായി അവർ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു. സ്ത്രീകൾ കൂടി അംഗങ്ങളായാൽ തങ്ങളുടെ കൂട്ടായ്മയുടെ ശക്തിയും അതിൽ നിന്നു ലഭിക്കുന്ന ആഹ്ലാദവും ഇല്ലാതാകുമെന്നാണ് അവരുടെ ധാരണ. സ്ത്രീകൾക്കു പ്രവേശമില്ല എന്നൊരു ചുവന്ന ബോർഡ് പ്രദർശിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. ഇന്നത്തെക്കാലത്ത് അതിനാരും ധൈര്യപ്പെടുകയുമില്ല. എന്നാൽ, അദൃശ്യമായ ഇത്തരം ഒട്ടേറെ ബോർഡുകളെയും ചുവരെഴുത്തുകളെയും ഒഴിവാക്കിവേണം ഇന്നും സ്ത്രീകൾക്ക് മുന്നോട്ടുപോകാനും തങ്ങളുടെ വ്യക്തിത്വം തെളിയിക്കാനും.
3. സൂപ്പർവുമൺ സിൻഡ്രോം
കുടുംബജീവിതം വിജയകരമായി കൈകാര്യം ചെയ്യുന്നതിനൊപ്പം കരിയറും മികച്ചരീതിയിൽ മുന്നോട്ടു കൊണ്ടു പോകാൻ സ്ത്രീകൾ മാത്രമേ കഴിയൂ എന്നൊരു ധാരണയുമുണ്ട്. ഇത് സ്ത്രീകളെത്തന്നെ കാലങ്ങളായി പഠിപ്പിച്ചുകൊണ്ടിരിക്കുന്നതുമാണ്. അസാധ്യകാര്യങ്ങൾ സ്ത്രീകൾക്കു മാത്രമേ കഴിയൂ എന്ന ചിന്താഗതി വളർത്തി അവരെ കഠിനമായ അധ്വാനത്തിൽ തളച്ചിടാനുള്ള തന്ത്രമായിക്കൂടി ഇതുപയോഗിക്കാറുണ്ട്. ഇതിന്റെ ഫലമായി ചില സ്ത്രീകളെങ്കിലും തങ്ങളെക്കൊണ്ട് ഇത്രമാത്രം ജോലി കഴിയില്ല എന്ന ധാരണയിൽ മാറിനിൽക്കുകയും ഇത് പുരുഷൻമാർ സ്ത്രീകളോടുള്ള വിവേചനത്തിന്റെ അടിസ്ഥാനമാക്കുകയും ചെയ്യുന്നു. എല്ലാ ജോലിയും സ്വയം ചെയ്യുക എന്നതു സ്ത്രീകൾക്കു മാത്രമായി കൊടുത്തിരിക്കുന്ന കടമയോ ഉത്തരവാദിത്വമോ അല്ല. പല ജോലികളും മറ്റുള്ളവർക്കു വിഭജിച്ചുകൊടുക്കാനും കഴിയണം. സമർഥമായ മേൽനോട്ടം, നിയന്ത്രണം എന്നിവയെല്ലാം ആവശ്യമുള്ളപ്പോൾ സ്വീകരിച്ചായിരിക്കണം മുന്നോട്ടുപോകേണ്ടത്. സൂപ്പർ വുമൺ എന്ന അബദ്ധ ധാരണയിൽ കരിയർ നശിപ്പിക്കേണ്ടതില്ല. അമിത പ്രതീക്ഷകൾ മുന്നോട്ടുള്ള യാത്രയ്ക്ക് വിലങ്ങുതടിയുമാകരുത്. ജോലികൾ ഏറ്റെടുക്കാൻ വിമുഖത കാണിക്കാതിരിക്കുന്നതിനൊപ്പം മറ്റുള്ളവരെ ജോലികൾ ഏൽപിക്കാനും മടിക്കേണ്ടതില്ല.
4. ഭയം
വിജയത്തിലേക്കുള്ള ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് ഭയം. ജീവിതപങ്കാളിയേക്കാൾ കൂടുതൽ സമ്പാദിക്കുന്നതു പോലും പലർക്കും ഭയമാണ്. ഇത് വിവാഹ ജീവിതത്തെ മോശമായി ബാധിക്കുമോ എന്നാണ് ചിലരുടെയെങ്കിലും പേടി. സഹപ്രവർത്തകരായ പുരുഷമാരെപ്പോല തങ്ങൾ പരിഗണിക്കപ്പെടുന്നില്ല എന്ന ചിന്തയും സ്ത്രീകളെ പിന്നോട്ടുവലിക്കാറുണ്ട്. പരാജയപ്പെടുമോ എന്ന ഭീതി, ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്താൽ പൂർത്തിയാക്കാൻ കഴിയുമോ എന്ന ആശങ്ക, തീരുമാനങ്ങൾ തെറ്റിയാൽ മറുപടി പറയേണ്ടിവരുമോ എന്ന ആകാംക്ഷ എന്നിങ്ങനെ അടിസ്ഥാനമില്ലാത്തതെങ്കിലും പ്രബലമായ ധാരണകൾ കാലങ്ങളായി സ്ത്രീകൾക്കു വെല്ലുവിളിയുയർത്തുന്നവയാണ്. ഇവയെ മനസ്സിലാക്കി, അതീജീവിക്കുന്നതിലൂടെ മാത്രമേ മുന്നോട്ടുള്ള പാത കൂടുതൽ തെളിച്ചമുള്ളതാക്കാനും വിജയത്തിലേക്കു മുന്നേറാനും കഴിയൂ.
Content Summary : How to Overcome career barriers