എല്ലാ കുറവുകളോടുംകൂടി ഒരാളെ സ്നേഹിക്കാൻ കഴിയുമോ?; ആ വെല്ലുവിളിയെ അതിജീവിക്കാമിങ്ങനെ...
Mail This Article
അവർ പ്രണയത്തിലായിരുന്നു. മാതാപിതാക്കളും സമ്മതം മൂളി. വരൻ പട്ടാളത്തിലായിരുന്നതുകൊണ്ട് അടുത്തതവണ അവധിക്കു വരുമ്പോൾ വിവാഹം നടത്താൻ തീരുമാനിച്ചു. നിർഭാഗ്യവശാൽ അവൾക്ക് അപകടം സംഭവിച്ചു, മുഖം വിരൂപമായി, വീൽചെയറിലാണു സഞ്ചാരം. അയാളെ വിവാഹത്തിൽനിന്നു പിന്തിരിപ്പിക്കാൻ അവൾ പരമാവധി ശ്രമിച്ചു. അവധിക്കെത്തിയപ്പോൾ കാണാൻപോലും വിസമ്മതിച്ചു. ഒരു ദിവസം അയാൾ അവളെ കാണാനെത്തിയപ്പോൾ അമ്മ പറഞ്ഞു: അയാൾ വന്നിട്ടുണ്ട്, കല്യാണം ക്ഷണിക്കാൻ വന്നതാണ്. വിഷമത്തോടെയാണെങ്കിലും അവൾ കാണാൻ സമ്മതിച്ചു. അയാൾ നൽകിയ ക്ഷണക്കത്തിൽ വധുവിന്റെ സ്ഥാനത്ത് അവളുടെ പേരായിരുന്നു.
Read Also : അത്തരം വിചാരത്തോടെ ജോലി ചെയ്യുന്നയാളോടു സഹകരിക്കാൻ മറ്റുള്ളവർക്കു താൽപര്യമുണ്ടാവില്ല
എല്ലാമറിഞ്ഞു സ്നേഹിക്കുന്നവരുടെ പ്രണയത്തിനാണ് ദൃഢതയുണ്ടാകുക. ഒന്നുമറിയാതെ സ്നേഹിക്കുന്നവർക്ക് അരുചികരമായ ഒരു കാരണം മതി വേർപിരിയാൻ. സ്നേഹിച്ചതിനുശേഷം അറിയുന്നതും അറിഞ്ഞതിനുശേഷം സ്നേഹിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. സ്നേഹിക്കാനുള്ള കാരണങ്ങൾ മിക്കപ്പോഴും ബാഹ്യമാണ്. അകലക്കാഴ്ചകളുടെ രൂപഭംഗിയാകില്ല അടുത്തറിയുമ്പോഴുള്ള ആന്തരികത. പുറമേയുള്ള സൗന്ദര്യവൽക്കരണം ചായക്കൂട്ടുകളിലൂടെയും അലങ്കാരപ്പണികളിലൂടെയും സാധ്യമാകും. സത്താപരമായ ഘടനകളെ അംഗീകരിക്കുകയല്ലാതെ മറ്റു മാർഗമില്ല.
സ്നേഹിച്ചതിനുശേഷം മാത്രം അറിഞ്ഞുതുടങ്ങുമ്പോൾ അത്തരം തിരിച്ചറിവുകൾ പ്രതീക്ഷകൾക്കു വിരുദ്ധമെങ്കിൽ അവിടെ അസ്വാരസ്യങ്ങൾ ആരംഭിക്കും. സ്നേഹിക്കുന്നവർ നേരിടുന്ന വെല്ലുവിളി എല്ലാ കുറവുകളോടുംകൂടി ഒരാളെ സ്നേഹിക്കാൻ കഴിയുമോ എന്നതാണ്. അറിഞ്ഞ് സ്നേഹിക്കുന്നവർക്കാണ് അതു സാധ്യമാകുക. അടുത്തിടപഴ കുന്നവർക്കു മാത്രമാണ് ആത്മാവിനെ അറിയാൻ കഴിയുക. ഇന്ദ്രിയസീമകൾക്കപ്പുറമാണ് ഓരോ വ്യക്തിയും. മജ്ജയും മാംസവും കടന്ന് മനസ്സിലേക്കെത്താൻ കഴിയുന്നവർ മാത്രമാണ് യഥാർഥ പ്രണയിനികൾ.
എല്ലാവരെയും ആരെങ്കിലുമൊക്കെ സ്നേഹിക്കുന്നുണ്ട്. നിർബന്ധിത സ്നേഹം എന്നൊന്നില്ല. സ്നേഹം, അതു നൽകുന്നവരറിയാതെ പുറപ്പെടേണ്ടതും സ്വീകരിക്കുന്നവരറിയാതെ എത്തിച്ചേരേണ്ടതുമാണ്. ഉറവയ്ക്ക് ഒരിക്കലും ഉറവിടത്തിലേക്കു മടങ്ങാനാകില്ല. ഓരോ തടസ്സത്തിലും അതു വഴിമാറിയൊഴുകി കടലിൽത്തന്നെയെത്തും. പോകുന്ന വഴികളിലെല്ലാം തീരങ്ങളെ നനച്ചുകൊണ്ടുമിരിക്കും.
Content Summary : Loving Someone With All Your Heart