ADVERTISEMENT

നാലു തവളകൾ ഒരു തടിക്കഷണത്തിനു മുകളിലിരുന്നു നദിയിലൂടെ ഒഴുകുകയാണ്. ചെറിയ വെള്ളച്ചാട്ടങ്ങളി ലൂടെയുള്ള യാത്ര ആസ്വദിക്കുന്നതിനിടെ ഒന്നാമൻ പറഞ്ഞു: ഈ തടിക്കു ജീവനുണ്ട്. അതുകൊണ്ടാണിതു സഞ്ചരിക്കുന്നത്. രണ്ടാമൻ പറഞ്ഞു: തടിയല്ല, നദിയാണു സഞ്ചരിക്കുന്നത്. മൂന്നാമനും വിട്ടുകൊടുത്തില്ല: നദിയും തടിയുമല്ല നമ്മുടെ ചിന്തകളാണു ചലിക്കുന്നത്. തർക്കം അവസാനിക്കാത്തതുകൊണ്ട് അവർ നാലാമന്റെ അഭിപ്രായം ചോദിച്ചു. അതു പറഞ്ഞു: എല്ലാവരും പറഞ്ഞതു ശരിയാണ്. തടിയും നദിയും ചിന്തകളും ചലിക്കുന്നുണ്ട്. മറ്റു രണ്ടുപേരും പറഞ്ഞതിലും ശരിയുണ്ടെന്ന വാദം അംഗീകരിക്കാൻ മൂന്നു പേരും തയാറായില്ല. അവസാനം ആ മൂന്നുപേരുംകൂടി നാലാമനെ പിടിച്ചു വെള്ളത്തിലിട്ടു.

Read Also : എല്ലാ കുറവുകളോടുംകൂടി ഒരാളെ സ്നേഹിക്കാൻ കഴിയുമോ

അറിവില്ലാത്തവരുടെ ആദ്യലക്ഷണം അവർ അറിവുള്ളവരെ അകറ്റിനിർത്തും എന്നതാണ്. ഒരേ തൂവൽപക്ഷികളുടെ കൂടെ പറക്കാനാണ് എല്ലാവർക്കുമിഷ്ടം. അതിലൂടെ ലഭിക്കുന്ന ചില നേട്ടങ്ങളുണ്ട്. ഒരേപോലെ ചിന്തിക്കുകയും പ്രവൃത്തിക്കുകയും ചെയ്യുന്നതുകൊണ്ട് വിരുദ്ധ സ്വഭാവങ്ങളൊന്നും കടന്നുവരില്ല. തിരുത്തൽ ശക്തിയെക്കൊണ്ടുള്ള അസ്വസ്ഥതയില്ല. തങ്ങളുടെ ചിന്താധാരകൾക്കു വെളിയിലൂടെ സഞ്ചരിക്കുന്നവരെ ചവിട്ടിപ്പുറത്താക്കാനാണ് എല്ലാവർക്കും താൽപര്യം. അസഭ്യവാക്കുകളിലൂടെയും അധിക്ഷേപങ്ങളിലൂടെയും അവർ ഭിന്നാഭിപ്രായക്കാരെ പുറത്താക്കും. വളർച്ച മുരടിക്കുന്ന എല്ലാ സിദ്ധാന്തങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും നാശകാരണവും അതിനുള്ളിൽ ആഭ്യന്തര വിമർശകർക്കു സ്ഥാനമില്ല എന്നതാണ്.

 

ശീലങ്ങളിലൂടെയും പാരമ്പര്യങ്ങളിലൂടെയും മാത്രം തങ്ങളുടെ തലച്ചോറിനെ കടത്തിവിടുന്നവർ വിവേകമില്ലാത്ത വിധേയർ മാത്രമായിരിക്കും. അവരുടെ നിലനിൽപിന്റെ കാരണം ഒരിക്കലും വളരുകയും വ്യതിചലിക്കുകയും ചെയ്യില്ല എന്ന് അവർ നൽകുന്ന ഉറപ്പാണ്. സ്വന്തം ആശയങ്ങളെ സമാനമനസ്കരുടെ മുന്നിൽ അവതരിപ്പിച്ചാൽ കയ്യടി ലഭിക്കും. അതേ ചിന്തകൾ നിരൂപകരുടെ മുന്നിൽ വച്ചാൽ കൃത്യമായ അവലോകനം ലഭിക്കും. സ്വന്തം അഭിപ്രായങ്ങൾക്കു ലഭിക്കുന്ന പ്രതികരണങ്ങളെ ആരോഗ്യകരമായി അഭിമുഖീകരിക്കാൻ ശേഷിയില്ലാത്തവർ വിദഗ്ധരും നായകരുമായാൽ ആ ആശയങ്ങളും അവ പിന്തുടരുന്ന ആളുകളും പിറകോട്ടു സഞ്ചരിക്കാൻ തുടങ്ങും.

 

Content Summary : How to Choose Right Friends

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com