ADVERTISEMENT

ആമയെ പിടികൂടാൻ കുറുക്കൻ പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല. തല ഉള്ളിലേക്കു വലിച്ച് അതു രക്ഷപ്പെടും. ഒരു ദിവസം ആമ തല വെളിയിലേക്കിട്ടപ്പോൾതന്നെ കുറുക്കൻ കഴുത്തിൽ പിടിമുറുക്കി. ഉടനെ ആമ ഒരാവശ്യം മുന്നോട്ടുവച്ചു: ആ പരിസരത്തെ മണ്ണു മുഴുവൻ ഇളക്കിമറിക്കണം. ചെടികളെല്ലാം ഒടിച്ചു കളയണം. ആമയുടെ ആഗ്രഹം സാധിച്ചുകൊടുത്തിട്ടു കുറുക്കൻ ചോദിച്ചു: എന്തിനാണ് ഇങ്ങനെയെല്ലാം ചെയ്തത്. ആമ പറഞ്ഞു: ഇവിടെ വലിയൊരു മൽപിടിത്തം നടത്തിയതിനുശേഷമാണ് ഞാൻ കീഴടങ്ങിയതെന്ന് ആളുകൾക്കു തോന്നണം. ഇല്ലെങ്കിൽ എനിക്കു നാണക്കേടാണ്.

Read Also : സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ ഈ അബദ്ധം പറ്റാറുണ്ടോ

തോൽക്കുന്നതല്ല; തോൽവിയെ ന്യായീകരിക്കാൻ വിശ്വസനീയ കാരണങ്ങൾതേടി അലയുന്നതാണ് പരിതാപകരം. എല്ലാ മത്സരങ്ങളും എല്ലാവർക്കും ജയിക്കാനാകില്ല. തിരിച്ചുവരവിനു സാധ്യതയുള്ള മത്സരങ്ങളിൽ തോൽവി അപകടകരവുമല്ല. തോറ്റാൽ തീർന്നു എന്നുറപ്പുള്ളിടത്ത് തോൽക്കാൻ പാടില്ല. തോൽക്കുമ്പോഴുള്ള ദുരഭിമാനം മാറ്റാൻ നടത്തുന്ന പരിശ്രമത്തിന്റെ പാതി അധ്വാനം മതി തോൽക്കാതിരിക്കാൻ. പരാജയം മണക്കുമ്പോഴുള്ള ചിന്തകളും പ്രവൃത്തികളും വിശകലനം ചെയ്താൽ ഒരാളുടെ മാനസികക്ഷമതയും ആത്മധൈര്യവും മനസ്സിലാകും. 

 

തോൽക്കുന്നതിനെക്കാൾ, തോൽവി മറ്റുള്ളവർ അറിയുന്നതിലാണ് ആളുകളുടെ പരിഭ്രാന്തി. ആരും അറിയാതെ തോൽക്കുന്നതിൽ ആർക്കും ഭയമില്ല. നിലത്തുവീണ കുഞ്ഞ് തന്റെ വീഴ്ച ആരും കണ്ടില്ലെങ്കിൽ കരയാതെ എഴുന്നേറ്റു പോകുന്നതുപോലെ, ദൃക്സാക്ഷികളില്ലാത്ത തോൽവികളെക്കുറിച്ചു മുതിർന്നവർക്കും ആശങ്കയുണ്ടാകില്ല. തന്റെ തോൽവിക്കു ശക്തമായ കാരണം നിരത്താനറിയാവുന്ന ആരും തങ്ങൾക്കറിയാവുന്ന എല്ലാ അടവുകളും പുറത്തെടുത്തു മത്സരിക്കില്ല. തോൽക്കാതിരിക്കണമെങ്കിൽ തോറ്റാലെന്തു ചെയ്യും എന്ന ചിന്തപോലും പാടില്ല. പല സാധ്യതകളുണ്ടെങ്കിൽ ഏറ്റവും എളുപ്പമുള്ള വഴി ആളുകൾ തിരഞ്ഞെടുക്കും. എന്തുവന്നാലും കീഴടങ്ങില്ല എന്ന വാശിയുള്ളവർ മാത്രമേ എല്ലാ വിരുദ്ധ സാഹചര്യങ്ങളെയും അതിജീവിച്ചിട്ടുള്ളൂ.

 

Content Summary : How to Overcome Failure

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com