തുടക്ക ശമ്പളം പ്രതിവർഷം ശരാശരി 4.5 ലക്ഷം രൂപ ; എൻറോൾഡ് ഏജന്റ് കോഴ്സ് പഠിച്ചാലോ?
Mail This Article
കൊമേഴ്സ് പഠിക്കുന്നവർക്ക് എന്തൊക്കെ അവസരങ്ങൾ ? ഈയിടെ ‘കരിയർ ഗുരു’വിലേക്കു വന്ന ഈ ചോദ്യത്തിന്റെ ചുവടു പിടിച്ചുള്ള അന്വേഷണത്തിൽ അത്രയൊന്നും പരിചിതമായിട്ടില്ലാത്തൊരു തൊഴിൽമേഖല കണ്ടെത്തി. യുഎസ് ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ തൊഴിലവസരങ്ങൾ തുറന്നുതരുന്ന എൻറോൾഡ് ഏജന്റ് (ഇഎ). കേരളത്തിലും പഠിക്കാം. സ്വദേശത്തും വിദേശത്തും ജോലി ചെയ്യാം. പ്രതിവർഷം ശരാശരി 4.5 ലക്ഷം രൂപ തുടക്ക ശമ്പളവും.
Read Also : യുഎസ് നികുതി രംഗത്ത് മികച്ച തൊഴിലവസരങ്ങളുമായി ഇഎ
ജോലിസാധ്യതകൾ
∙ ഫുൾ ടൈം / പാർട് ടൈം: കമ്പനികളിൽ മുഴുവൻ സമയ ജോലി ചെയ്യാം. ഈ മേഖലയിൽ നിലവിൽ കേരളത്തിൽ 500 അവസരങ്ങളാണുള്ളത്.
∙ സീസണൽ ഹയറിങ്: യുഎസിൽ നികുതി റിട്ടേണുകൾ ഫയൽ ചെയ്യേണ്ട സമയത്തു കമ്പനികൾ അതിനുമാത്രമായി ആറു മാസക്കാലത്തേക്കു നൽകുന്ന തൊഴിലവസരങ്ങൾ. ഈ മേഖലയിൽ നിലവിൽ 400 ഒഴിവുകളുണ്ട്.
∙ സംരംഭകത്വ സാധ്യത: ഇഎ യോഗ്യതയുള്ളവർക്കു യുഎസ് നികുതിദായകരുടെ ടാക്സ് റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനും മറ്റു അനുബന്ധ സേവനങ്ങൾ നൽകുന്നതിനും സ്വന്തമായി സ്ഥാപനം ആരംഭിക്കാൻ കഴിയും. ഗുജറാത്തിൽ ഇത്തരത്തിൽ 2000 സ്ഥാപനങ്ങളെങ്കിലുമുണ്ട്.
എന്താണ് ഇഎ
യുഎസ് നികുതിദായകാർക്കുവേണ്ടി നികുതി സംബന്ധമായ ജോലികൾ ചെയ്തു നൽകുകയാണ് എൻറോൾഡ് ഏജന്റിന്റെ ചുമതല. യുഎസിലെ കേന്ദ്ര നികുതി ഏജൻസിയായ ഇന്റേണൽ റവന്യു സർവീസ് (ഐആർഎസ്) മുൻപാകെ നികുതിദായകരെ പ്രതിനിധീകരിക്കാനും ഇഎ യോഗ്യത വേണം. യോഗ്യത നേടിയാൽ കാനഡ, യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും നികുതിരംഗത്തു ജോലിസാധ്യതയുണ്ട്. സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നൈപുണ്യ വികസന ഏജൻസിയായ ‘അസാപ്’ ആണു കേരളത്തിൽ ഇഎ യോഗ്യത നേടാനുള്ള പരിശീലനം നൽകുന്നത്.
കോഴ്സിനൊപ്പം ഇന്റേൺഷിപ്പും
എംകോമിനുശേഷമാണ് ഇഎ കോഴ്സിനു ചേർന്നത്. അടുത്ത മാസം തന്നെ 20,000 രൂപയിലധികം സ്റ്റൈപൻഡോടെ ഇന്റേൺഷിപ് കിട്ടി. ബാച്ചിലെ മറ്റ് 6 പേർക്കും ഇതേ കമ്പനിയിൽ ഇന്റേൺഷിപ് ലഭിച്ചു.
എസ്.ചിന്മയ
ഡിഗ്രിക്കൊപ്പവും പഠിക്കാം
ബികോം അവസാന വർഷ വിദ്യാർഥിയാണ്. ഇഎ പഠിച്ചതുകൊണ്ടു ഡിഗ്രി പൂർത്തിയാക്കുന്നതിനു മുൻപുതന്നെ ജോലി ലഭിച്ചു. ബിരുദ പഠനത്തിനൊപ്പം ഇഎ കൂടി പഠിക്കാവുന്നതേയുള്ളൂ.
എസ്.റെന
ആർക്കൊക്കെ പഠിക്കാം
ബികോം, എംകോം, ബിബിഎ, എംബിഎ-ഫിനാൻസ് ബിരുദധാരികൾക്കും സിഎ പൂർത്തിയാക്കാത്തവർക്കും പഠിച്ചുകൊണ്ടിരിക്കുന്നവർക്കുമാണ് അസാപ് നടത്തുന്ന ആറു മാസത്തെ ഇഎ കോഴ്സിൽ പ്രവേശനം. പ്രായപരിധിയില്ല. ഫീസ് 65,000 രൂപ; ബിരുദ, ബിരുദാനന്തര വിദ്യാർഥികളെങ്കിൽ ഫീസ് 58,315 രൂപ. ഇഎ പരിശീലനം പൂർത്തിയാക്കിയാൽ യുഎസിലെ ഇന്റേണൽ റവന്യു സർവീസ് നടത്തുന്ന സ്പെഷൽ എൻറോൾമെന്റ് എക്സാമിനേഷൻ (എസ്ഇഇ) എഴുതാം. ഇതിന് 645 ഡോളർ (ഏകദേശം 53,000 രൂപ) അധികം നൽകേണ്ടിവരും. എസ്ഇഇ പാസായാൽ പേരിനൊപ്പം ഇഎ എന്നു ചേർക്കാം. ഈ യോഗ്യതയുള്ളവർക്ക് യുഎസിലെ സിപിഎ (സർട്ടിഫൈഡ് പ്രാക്ടിഷനർ അക്കൗണ്ടന്റ്), സിഎഫ്എ (സർട്ടിഫൈഡ് ഫിനാൻസ് അനലിസ്റ്റ്) പരീക്ഷകളിൽ ഒരു പേപ്പർ ഇളവുണ്ട്. കൂടാതെ ക്രെഡിറ്റും കിട്ടും. പക്ഷേ, ഇഎ ഒരിക്കലും സിഎയ്ക്കു (ചാർട്ടേഡ് അക്കൗണ്ടൻസി) തുല്യമല്ല.
പ്രവേശനം എങ്ങനെ
അസാപ് നടത്തുന്ന സ്ക്രീനിങ് ടെസ്റ്റ് വഴിയാണു പ്രവേശനം. ഈ യോഗ്യതയുള്ളവർക്ക് ഇന്ത്യയിൽ തന്നെ ഇവൈ, കെപിഎംജി, ഡിലോയ്റ്റ്, പ്രൈസ്‌വാട്ടർഹൗസ് കൂപ്പേഴ്സ് തുടങ്ങിയ ബഹുരാഷ്ട്ര കൺസൽറ്റൻസി കമ്പനികൾ ജോലി നൽകുന്നുണ്ട്. അസാപ് കേരളയുടെ ആദ്യ ബാച്ചിലെ 25 പേർക്കു വിവിധ കമ്പനികളിൽ ജോലി ലഭിച്ചു. കോഴ്സിന്റെ തുടക്കത്തിൽ തന്നെ കണ്ടീഷനൽ ഓഫർ ലെറ്റർ ലഭിക്കുന്നവരുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് asapkerala.gov.in. ഫോൺ: 94959 99679.
Content Summary : scope of the enrolled agent course