ADVERTISEMENT

തന്റെ രാജ്യത്തെ ജനങ്ങളുടെ ജീവിതം സമാധാനപൂർണമാക്കാൻ പുതിയ നിയമങ്ങൾ നിർമിക്കാൻ രാജാവ് തീരുമാനിച്ചു. രാജ്യത്തെ ആയിരം ജ്ഞാനികളെ വിളിച്ചുവരുത്തി നിയമങ്ങളുണ്ടാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ആഴ്ചകൾക്ക് ശേഷം അവർ തിരിച്ചെത്തി രാജാവിനോട് പറഞ്ഞു. ഞങ്ങൾ വളരെ സൂക്ഷ്മതയോടെ ആയിരം നിയമങ്ങളുണ്ടാക്കി. രാജാവിന്റെ മുഖത്ത് സന്തോഷമോ സംതൃപ്തിയോ പ്രകടമാകാത്തതിനാൽ അവർ കാരണം ചോദിച്ചു.‘ ആയിരം നിയമങ്ങൾ നിങ്ങളുണ്ടാക്കി എന്നു പറയുന്നതിന്റെ അർത്ഥം ആയിരം തരത്തിലുള്ള കുറ്റകൃത്യങ്ങളും ഈ രാജ്യത്തുണ്ട് എന്നാണ്’– ഇതായിരുന്നു രാജാവിന്റെ മറുപടി. 

Read Also : പ്രശ്നങ്ങൾ വരുമ്പോൾ ഒപ്പം നിന്നവരെ ഒറ്റപ്പെടുത്തുന്നവരോട്

വ്യവസ്ഥാപിത നിയമങ്ങളുള്ളതിനാൽ സാഹോദര്യത്തിലും പരസ്പര ബഹുമാനത്തിലും കഴിയുന്ന ഒട്ടേറെ നാടുകളുണ്ടാകും. നിയമങ്ങളെന്തൊക്കെയെന്ന് പഠിച്ച് അവയ്ക്കനുസരിച്ച് ജീവിക്കുന്നത് അച്ചടക്കം. ഒരു നിയമവുമില്ലെങ്കിൽ പോലും മനഃസാക്ഷിക്കനുസരിച്ച് പെരുമാറുന്നതാണ് ആത്മനിയന്ത്രണം. ആരും കാണാതിരിക്കുമ്പോഴും എന്തും ചെയ്യാൻ സ്വാതന്ത്ര്യമുളളപ്പോൾപോലും അരുതാത്തതൊന്നും ചെയ്യാത്തതാണ് യഥാർഥ ധാർമികബോധം.

 

മോഷണം കുറ്റമല്ലാത്ത നാട്ടിൽ ചെന്ന് മോഷ്ടിച്ചാൽ അത് മോഷണമല്ലാതാകുന്നില്ല. കുറ്റങ്ങൾ കൂടുന്നതിനനുസരിച്ച് നിയമങ്ങൾ കർശനമാകും. നിയമസംഹിത കഠിനമാകുന്നതനുസരിച്ച് അവയെ മറികടന്നുള്ള കുറ്റകൃത്യങ്ങളും കൂടും. നിയമങ്ങളില്ലാതാക്കിയതുകൊണ്ട് തിന്മകൾ ഇല്ലാതാകില്ല. ഒരു നിരീക്ഷണവും പരിശീലനവുമില്ലെങ്കിലും സത്യസന്ധരാകാൻ ആളുകൾ പഠിക്കണം.

 

മാലിന്യം വലിച്ചെറിയുന്നതും അപകടകരമായി വാഹനമോടിക്കുന്നതും നിയമനിഷേധമാണ് എന്നതിലുപരി അത് അവനവന്റെയും അപരന്റെയും ആരോഗ്യത്തിന് ഹാനികരമാണ് എന്ന തിരിച്ചറിവിലൂടെയാണ് നിയമരഹിത നാടിനുള്ള സാധ്യത തെളിയുന്നത്. 

 

തന്നിഷ്ടങ്ങളിലൂടെയുള്ള യാത്രയാണ് ഓരോ അതിക്രമവും. എല്ലാ നിയമങ്ങളിലും പൊതുമര്യാദയുടെയും സാമൂഹിക ക്രമത്തിന്റെയും വിത്തുകളുണ്ട്. നിയമലംഘനങ്ങളിലെല്ലാം മര്യാദകേടിന്റെയും ക്രമക്കേടിന്റെയും അംശങ്ങളുണ്ട്. നിയമത്തിനതീതനാണോ എന്നതല്ല നിയമങ്ങളൊന്നുമില്ലെങ്കിലും പക്വമായി ജീവിക്കാനറിയുമോ എന്നതാണ് പ്രധാനം.

 

Content Summary : Why People Obey the Law

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com