എല്ലാം വാരിക്കൂട്ടണമെന്നു മാത്രം ചിന്തിക്കുന്നവരോട്; ശേഖരിക്കാൻ മാത്രമല്ല, ചിലവാക്കാൻ കൂടി പഠിക്കാം
Mail This Article
കേട്ടുകൊണ്ടിരുന്ന ആത്മീയപ്രഭാഷണത്തിലെ ഒരു വാചകം ധനികനെ വല്ലാതെ അലോസരപ്പെടുത്തി. നിങ്ങൾ എത്ര പണം സമ്പാദിച്ചാലും മരിക്കുമ്പോൾ അതൊന്നും കൊണ്ടുപോകാനാകില്ല. അയാൾ തന്റെ കമ്പനിയിലെ തൊഴിലാളികളെ മുഴുവൻ വിളിച്ചുകൂട്ടി പറഞ്ഞു: മരിക്കുമ്പോൾ പണം കൂടി കൊണ്ടുപോകാനുള്ള മാർഗം പറഞ്ഞുതരുന്നയാൾക്ക് ഒരു ലക്ഷം രൂപ തരാം. ഒരാൾ ചോദിച്ചു: താങ്കൾ അമേരിക്കയിലേക്കു യാത്ര ചെയ്യുമ്പോൾ എന്തു പണമാണു കൊണ്ടുപോകുന്നത്? ഡോളർ എന്നായിരുന്നു ധനികന്റെ മറുപടി. എന്തുകൊണ്ടാണ് രൂപ കൊണ്ടുപോകാത്തത്? അതിനവിടെ വിലയില്ല. ജോലിക്കാരൻ പറഞ്ഞു: ഓരോ രാജ്യത്തും ജീവിക്കാൻ അവിടെ ഉപയോഗിക്കുന്ന കറൻസി വേണം. സ്വർഗത്തിൽ ഉപകാരപ്പെടുന്ന കറൻസി താങ്കൾ ശേഖരിച്ചാൽ മതി; അതു പുണ്യപ്രവൃത്തികളാണ്.
Read Also : നിയമത്തെ പേടിച്ച് മാത്രം കുറ്റം ചെയ്യാത്തവരോട്
സ്ഥലത്തിനും സാഹചര്യത്തിനുമനുസരിച്ചു പെരുമാറണമെങ്കിൽ പക്വതയും ദീർഘവീക്ഷണവും വേണം. മരുഭൂമിയിലെ ജീവിതരീതിയല്ല മഞ്ഞിലേത്. അതു തിരിച്ചറിയാനുള്ള പ്രായോഗികജ്ഞാനം ഇല്ലാത്തവർ ഒരു കമ്പിളിപോലും എടുക്കാതെ തണുപ്പിലേക്കു വിനോദയാത്രയ്ക്കിറങ്ങും. തങ്ങളുടെ നിയോഗത്തിലേക്കെത്തിച്ചേരാനുള്ള കർമങ്ങളാണ് അനുദിനം ചെയ്യുന്നതെന്ന് ഓരോരുത്തരും ഉറപ്പുവരുത്തിയാൽ ഓരോ ജീവിതവും കുറെക്കൂടി പരോപകാരപ്രദവും പരസ്പരബന്ധിതവുമാകും. എല്ലാ കർമവും പുണ്യമാണ്, അവയിൽ അഹം അപ്രത്യക്ഷമാകുകയും അപരൻ തെളിഞ്ഞുവരികയും ചെയ്താൽ.
ശേഖരണം മാത്രമാകരുത് എല്ലാ വിനിമയങ്ങളുടെയും ആത്യന്തിക ലക്ഷ്യം. വിതരണവും അതിന്റെ സ്വാഭാവിക പ്രക്രിയയാകണം. എല്ലാം ശേഖരിക്കാൻ വേണ്ടി മാത്രം ഇറങ്ങിത്തിരിക്കുന്നവർക്ക് സംഭരണശാലകൾ മാത്രമേയുണ്ടാകൂ; ഒരാളുടെയും ഹൃദയത്തിലിടമുണ്ടാകില്ല. ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ നന്മകൾ വിതറിപ്പോകുന്നവർക്ക് അപരിചിതമായ ഇടങ്ങളിൽപോലും അനുയോജ്യമായ കറൻസികൾ ആരെങ്കിലും കൈമാറും.
Content Summary : Learn to spend wisely