വ്യത്യസ്ത വിഷയങ്ങളിലെ ബിരുദം ജോലി സാധ്യത കൂട്ടുമോ?.
Mail This Article
ഒരു പ്രത്യേക വിഷയത്തിൽ ആഴത്തിലുള്ള അറിവാണ് മികച്ച സ്ഥാപനത്തിൽ ജോലിക്കുള്ള മാനദണ്ഡം. അറിവ് കൂടുന്തോറും പ്രധാന തസ്തികയിലേക്കു പരിഗണിക്കുന്നതിനുള്ള യോഗ്യതയും വർധിക്കും. എന്നാൽ ഒന്നിലധികം മേഖലകളിൽ അറിവുണ്ടാകുന്നതും അധിക യോഗ്യതയാണ്. ഓരോ ജോലിക്കും അപേക്ഷിക്കുന്നത് നൂറു കണക്കിന് ഉദ്യോഗാർഥികളായിരിക്കും. മിക്കവർക്കും അതാതു വിഷയത്തിൽ അറിവും ഉണ്ടായിരിക്കും. ഇത്തരമൊരു സാഹചര്യത്തിൽ പ്രധാന വിഷയത്തിനു പുറമേ വ്യത്യസ്ത വിഷയങ്ങളിൽ കൂടി അറിവുള്ളവരെ സ്ഥാപനങ്ങൾ പ്രത്യേകമായി പരിഗണിച്ചേക്കാം.
Read Also : ഒരേ ഗവേഷണം വഴി 2 സർവകലാശാലകളുടെ പിഎച്ച്ഡി ബിരുദം
പരിസ്ഥിതി നിയമം, മെഡിസിൻ എന്നിവയിൽ ഗവേഷണം നടത്തുന്ന സ്ഥാപനത്തിലേക്കുള്ള ജോലിക്ക് ബയോളജിയിലെ ബിരുദമോ ബിരുദാനന്തര ബിരുദമോ ആയിരിക്കും യോഗ്യത. എന്നാൽ ഈ തസ്തികയിലേക്കു പരിഗണിക്കപ്പെടുന്നവരിൽ ഒരാൾക്കെങ്കിലും എംബിഎ കൂടിയുണ്ടെങ്കിൽ ആ ഉദ്യോഗാർഥിയെ ജോലിക്കെടുക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരില്ല. രണ്ടു വിഷയവും വ്യത്യസ്തമാണ്. അധികം പേർക്ക് വ്യത്യസ്ത വിഷയങ്ങളിലെ ബിരുദം ഉണ്ടാകില്ലെന്നതിനാൽ ബയോളജി, ബിസിനസ് ബിരുദങ്ങളുള്ളവർ ആദ്യം തന്നെ പരിഗണിക്കപ്പെടും. ഇതുപോലെ മറ്റനേകം വ്യത്യസ്ത വിഷയങ്ങളിലും ബിരുദമോ സർട്ടിഫിക്കേഷൻ കോഴ്സോ ഏതൊരു ഉദ്യോഗാർഥിക്കും മുതൽക്കൂട്ടാണ്. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാകുന്നതിനുപുറമേ, മികച്ച പദവിയിലേക്കു പരിഗണിക്കപ്പെടാനും സാധ്യത കൂടും.
പബ്ലിക് റിലേഷൻസ്
ബയോളജിക്കൊപ്പം ബിസിനസിലും ബിരുദമുണ്ടെങ്കിൽ ജീവശാസ്ത്ര മേഖലയിൽ ശ്രദ്ധിക്കുന്ന സ്ഥാപനങ്ങളിലെ പബ്ലിക് റിലേഷൻസ് വിഭാഗത്തിൽ ജോലിക്കു ശ്രമിക്കാവുന്നതാണ്. ഇതിലൂടെ ബിസിനസിലുള്ള കഴിവും ബയോളജി യിലെ അറിവും ഒരുപോലെ ഉപയോഗപ്പെടുത്താം. ഫാർമസ്യൂട്ടിക്കൽ കമ്പനികളും ഇത്തരക്കാരെയായിരിക്കും ജോലിക്ക് പരിഗണിക്കുക. ഉൽപന്നങ്ങൾ വിൽക്കാനും മാർക്കറ്റ് ചെയ്യാനും അറിയുന്നതിനൊപ്പം പൊതുജനങ്ങളുടെ സംശയങ്ങൾക്ക് ഉത്തരം പറയാനും ഇത്തരം ഉദ്യോഗസ്ഥർക്ക് അനായാസം കഴിയും.
ബയോടെക്നോളജിയും അഗ്രി ബിസിനസും
ബദൽ ഇന്ധന സ്രോതസ്സുകളിൽ ശ്രദ്ധിക്കുന്നതിനൊപ്പം ആരോഗ്യ സംരക്ഷണത്തിനു സഹായിക്കുന്ന ആഹാര സാധനങ്ങളും മറ്റും തയാറാക്കുന്ന മേഖലകളും പുതിയ കാലത്ത് വളർച്ചയുടെ പാതയിലാണ്. ബയോടെക്നോളജി മേഖലയിലും അവസരങ്ങൾ ഒട്ടേറെയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വ്യവസായ സ്ഥാപനങ്ങളിൽ ബയോകെമിസ്റ്റ്, ബയോ ഫിസിസ്റ്റ് തുടങ്ങിയ ജോലികൾക്കും ഉദ്യോഗാർഥികളെ ധാരാളമായി വേണമെന്നു പ്രവചിക്കുന്ന പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്. ഫുഡ് സയന്റിസ്റ്റുകൾക്കു വേണ്ടിയും സ്ഥാപനങ്ങൾ പരസ്യം നൽകുന്നുണ്ട്. ലൈഫ് സയൻസ് എന്നൊരു മേഖല തന്നെ പ്രത്യേകമായി വളർന്നുവന്നിട്ടുണ്ട്. ആരോഗ്യപ്രദമായ ഭക്ഷണം, അവ കഴിക്കേണ്ടതെങ്ങനെ, രോഗങ്ങളെ ചെറുക്കുന്ന ഭക്ഷണം എന്നിങ്ങനെ ഈ മേഖലയിൽ ഒട്ടേറെ പരീക്ഷണങ്ങളും നടക്കുന്നു. ഇവയെല്ലാം മാർക്കറ്റ് ചെയ്യാനും വിപണിയിൽ പരിചയപ്പെടുത്താനും പരസ്യങ്ങളിലൂടെ ശ്രദ്ധേയമാക്കാനും ബയോളജി–ബിസിനസ് ബിരുദധാരികൾക്ക് കഴിയും.
റെഗുലേറ്ററി അഫയേഴ്സ്
വിവിധ രാജ്യങ്ങളിലെ സർക്കാരിന്റെ നയം തീരുമാനിക്കുന്നതിലും ബയോളജിസ്റ്റുകൾക്ക് പങ്കുണ്ട്. ഫാർമ സ്യൂട്ടിക്കൽസ്, പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങൾ എന്നിവ നിർമിച്ചു വിപണനം നടത്തുന്ന സ്ഥാപനങ്ങൾക്ക് കൺസൽട്ടന്റുമാരെ ആവശ്യമുണ്ട്. സർക്കാരിനെക്കൊണ്ട് ഇത്തരം പുതിയ ഉൽപന്നങ്ങൾ അംഗീകരിപ്പിക്കുകയും ഇവയുടെ പ്രചാരണത്തിന് മുൻകൈ എടുപ്പിക്കാനും നിരന്തര പരിശ്രമം വേണം. പരിസ്ഥിതി സൗഹാർദ നയങ്ങൾ രൂപീകരിക്കുക, ബദൽ ആഹാര പദാർഥങ്ങൾ കണ്ടെത്തുക, ശാസ്ത്ര സാങ്കേതിക വിദ്യ മനുഷ്യർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ ഉപയോഗിക്കുക, ജനങ്ങളുടെ ഭയം അകറ്റുക എന്നിങ്ങനെ സങ്കീർണമായ ദൗത്യം പലപ്പോഴും ഏറ്റെടുക്കേണ്ടിവരും.
മാനേജ്മെന്റും വിൽപനയും
ബയോളജിയും അതുമായി ബന്ധപ്പെട്ട ഗവേഷണവും ഉൽപാദനവും ശ്രദ്ധിക്കുന്ന കമ്പനികൾ ബിസിനസ് കൂടി പഠിച്ചവരെ തീർച്ചയായും സ്ഥാപനത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കും. ഗാർഡനിങ് സ്റ്റോർ, പെറ്റ് ഷോപ്പ്, ഫാം സ്റ്റോർ എന്നിവിടങ്ങളിൽ പുതിയ രീതിയിൽ ചിന്തിക്കുന്ന ബിരുദധാരികളെയാണ് വേണ്ടത്. വിൽപനയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരുമായി ആശയവിനിമയം നടത്തി പുതിയ ഉൽപന്നങ്ങളെ പരിചയപ്പെടുത്തുന്ന ദൗത്യം ഏറ്റെടുക്കാൻ റിസർച് ലബോറട്ടറികളിലും വ്യത്യസ്ത മേഖലകളിൽ ബിരുദമുള്ളവരെ ആവശ്യമുണ്ട്.
Content Summary : Benefits of an MBA with a Biology degree?