ഗ്ലാമർ ഉള്ള ജോലിയാണോ വേണ്ടത്?; തിളങ്ങാം 4 മേഖലകളിൽ
Mail This Article
ഫാഷൻ മേഖലയിൽ പരിചിതമായ ഒട്ടേറെ തൊഴിലവസരങ്ങളുണ്ടെങ്കിലും സാഹസികവും ആവേശകരവും പ്രചോദിപ്പിക്കുന്നതുമായ അപൂർവ അവസരങ്ങളുമുണ്ട്. അവയിലൊന്നാണ് ഫാഷൻ പ്രമോഷൻ. ഡിസൈനർ, ഫാഷൻ ഫോട്ടോഗ്രഫർ എന്നീ ജോലികളിൽ നിന്നെല്ലാം വ്യത്യസ്തമാണിത്. ഡിസൈനർ വസ്ത്രങ്ങൾ പരമാവധി വിൽക്കുക, പരസ്യ പ്രചാരണങ്ങൾ സംഘടിപ്പിക്കുക, കൂടുതൽ പേരിലേക്ക് വസ്ത്രങ്ങൾ എത്തിക്കുക, വിൽപന കൂട്ടുക എന്നിവയുമായി ബന്ധപ്പെട്ടാണ് മിക്ക ജോലികളും. എന്നാൽ ഇവയിൽ നിന്നു വ്യത്യസ്തമായ ജോലികളും ഈ രംഗത്തുണ്ട്.
Read Also : തുടക്ക ശമ്പളം പ്രതിവർഷം ശരാശരി 4.5 ലക്ഷം രൂപ
മെർച്ചൻഡൈസിങ് മാനേജർ
ഫാഷൻ ബിസിനസുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെയും സ്പർശിക്കുന്ന ജോലിയാണിത്. ഒരു പ്രത്യേക തരം ഡ്രസ് രൂപകൽപന ചെയ്യുന്നതുമുതൽ അതിന്റെ വിൽപന വരെയുള്ള എല്ലാ മേഖലകളുടെയും മേൽനോട്ടമാണ് വേണ്ടത്. എന്നാൽ എല്ലാ സ്ഥാപനങ്ങളിലും ഉത്തരവാദിത്തം ഒരുപോലെയായിരിക്കില്ല. ടെക്സ്റ്റൈൽസ് മാനേജർ, ഫാഷൻ ബയേഴ്സ്, റീട്ടെയിൽ മാനേജർ, റീട്ടെയിൽ ഡിസ്‌പ്ലേ പഴ്സൺസ് എന്നിങ്ങനെ വിവിധ സ്ഥാപനങ്ങളിൽ വ്യത്യസ്ത പദവികളുണ്ട്. ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന സ്ഥാപനത്തിന്റെയും തൊഴിലാളികളുടെയും എണ്ണം ഉൾപ്പെടെ ഒട്ടേറെ ഘകടങ്ങളെ അനുസരിച്ചായിരിക്കും ജോലി. പ്രധാനമായും ബിരുദമാണ് യോഗ്യത. വിപുലമായ ജോലി പരിചയമുള്ളവർക്ക് ഔപചാരികമായ വിദ്യാഭ്യാസ യോഗ്യതയില്ലാതെയും ഈ രംഗത്ത് തിളങ്ങാവുന്നതാണ്.
മാർക്കറ്റിങ്
ഫാഷൻ പ്രമോഷൻ മേഖലയിൽ മാർക്കറ്റിങ്ങുമായി ബന്ധപ്പെട്ട് ഒട്ടേറെ ജോലി സാധ്യതകളുണ്ട്. മാർക്കറ്റിങ് മാനേജർ, റിസർച് അനലിസ്റ്റ്, സെയിൽസ് മാനേജർ എന്നിങ്ങനെയാണ് പദവികൾ അറിയപ്പെടുന്നത്. പുതിയ ഫാഷൻ വസ്ത്രങ്ങൾ പരമാവധി ആകർഷകമായി അവതരിപ്പിച്ച് പ്രീതി നേടുക എന്നതാണ് ആത്യന്തിക ലക്ഷ്യം. ഓരോ വസ്ത്രവും അതിന്റെ പ്രത്യേകതകൾ കൊണ്ട് ബ്രാൻഡിന്റെ പേരിൽ അറിയപ്പെടാനുള്ള തന്ത്രങ്ങളും രൂപപ്പെടുത്തേണ്ടതുണ്ട്. വസ്ത്രങ്ങൾ മാർക്കറ്റ് ചെയ്യാനുള്ള മാർഗങ്ങൾ രൂപപ്പെടുത്തുന്നതും മാർക്കറ്റിങ് മാനേജരാണ്. പരസ്യം ചെയ്യാനുള്ള വിവിധ മാർഗങ്ങളും കണ്ടെത്തണം. റിസർച് അനലിസ്റ്റ് മാർക്കറ്റിലെ സാഹചര്യങ്ങൾ പഠിച്ച് മനസ്സിലാക്കി മാർക്കറ്റിങ് മാനേജരെ സഹായിക്കുന്നു. സാഹചര്യവും മാറിവരുന്ന പ്രവണതകളുമൊക്കെ മനസ്സിലാക്കിയാണ് ഇതു ചെയ്യുന്നത്. സെയിൽസ് മാനേജർ വിതരണക്കാരുമായി നേരിട്ടു ബന്ധപ്പെട്ട് സ്ഥാപനങ്ങളുടെ ഷെൽഫിൽ വസ്ത്രങ്ങൾ എത്തിക്കുന്നു. ഈ പദവികൾക്കെല്ലാം വേണ്ടത് ബിരുദ യോഗ്യതയാണ്.
പബ്ലിക് റിലേഷൻസ്
പൊതുജനങ്ങളുമായി ബന്ധപ്പെടാൻ എല്ലാ സ്ഥാപനങ്ങൾക്കും പബ്ലിക് റിലേഷൻസ് വിഭാഗം ഉണ്ടായിരിക്കും. മികച്ച പബ്ലിക് റിലേഷൻസ് വിഭാഗമുണ്ടെങ്കിൽ മികച്ച വിൽപനയുമുണ്ടാകും. പബ്ലിക് റിലേഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്നവരാണ് ഫാഷൻ പ്രമോഷനെ സഹായിക്കുന്നത്. മാധ്യമ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കു ന്നതും പബ്ലിക് റിലേഷൻസ് വിഭാഗത്തിലുള്ളവരാണ്. പരസ്യമാറ്റർ തയാറാക്കി അംഗീകാരം നേടുന്നതും ഇവരുടെ ജോലിയുടെ ഭാഗമാണ്. മാഗസിനുകൾ, ചാനലുകൾ, ഓൺലൈൻ എന്നിങ്ങനെ വിവിധ മാധ്യമങ്ങൾക്കു വേണ്ടി വാർത്തകൾ തയാറാക്കണം. മോഡലുകളുമായി ബന്ധപ്പെട്ട് ഫാഷൻ ഷോ സംഘടിപ്പിക്കുക, മോഡൽ ചിത്രങ്ങൾ മാഗസിനുകളിൽ പ്രസിദ്ധീകരിക്കാനുള്ള ഏർപ്പാട് ചെയ്യുക എന്നിവയും പബ്ലിക് റിലേഷന്റെ ഭാഗമാണ്.
റൈറ്റർ , എഡിറ്റർ
അച്ചടി, ദൃശ്യ , ഓൺലൈൻ മാധ്യമങ്ങൾക്കു വേണ്ടി മാറ്റർ തയാറാക്കുകയാണ് എഴുത്തുകാരന്റെയും എഡിറ്ററുടെയും പ്രധാന ജോലി. ഫാഷൻ മാഗസിന്റെ ഭാഗമായോ സ്വതന്ത്രമായോ പ്രവർത്തിക്കാവുന്ന ജോലിയാണിത്. മാറ്റർ തയാറാക്കുന്നതിനു പുറമേ, ഡിസൈനർ, ഫോട്ടോഗ്രഫർ, മോഡൽ, എന്നിവരുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുകയും ഫാഷൻ മേഖലയിൽ ആവശ്യത്തിനു ബന്ധം സ്ഥാപിക്കുകയും വേണം. മോഡലുകൾ, ഡിസൈനർമാർ എന്നിവരെ അഭിമുഖം നടത്തി വാർത്ത ഉൾപ്പെടെ പ്രസിദ്ധീകരിക്കുന്നതിന്റെ ഉത്തരവാദിത്തവുമുണ്ട്. സ്വന്തമായി മാറ്റർ തയാറാക്കുന്നതിനു പുറമേ, മറ്റുള്ളവരെക്കൊണ്ട് എഴുതിപ്പിക്കുന്ന മാറ്റർ എഡിറ്റ് ചെയ്ത് അംഗീകാരം നേടുന്നതും ഇവരുടെ ജോലിയുടെ ഭാഗമാണ്.
Content Summary : 4 Highest-Paying Fashion Jobs