അന്ന് പത്താം ക്ലാസിൽ 276 മാർക്ക്; ഇന്ന് ബിർള കമ്പനിയിലെ ഉദ്യോഗസ്ഥൻ, ‘മാർക്ക് മാറ്ററല്ലിഷ്ടാ’
Mail This Article
എത്ര നന്നായി പരീക്ഷയെഴുതിയാലും ഒരു ദിവസത്തിന്റെ ഭാഗ്യക്കേടോ, മൂല്യനിർണയത്തിലെ പിഴവോ ഒക്കെക്കൊണ്ട് പൊതുപരീക്ഷയിൽ ചില കുട്ടികളുടെ പ്രകടനം മോശമാകുകയും അതുവഴി മാർക്ക് കുറയുകയും ചെയ്യാറുണ്ട്. പക്ഷേ ആ മാർക്കുകൾ ഒരിക്കലും ജീവിതത്തിന്റെ വിജയം അളക്കാനുള്ള അളവുകോൽ അല്ലായെന്ന് ഓർമിപ്പിക്കുകയാണ് മഹാരാഷ്ട്രയിൽ ജോലിചെയ്യുന്ന ഷാജു പി.വി.
പത്താം ക്ലാസിൽ 276 മാർക്ക് വാങ്ങി പാസായ താൻ ഇന്ന് ബിർള കമ്പനിയിൽ മികച്ച ശമ്പളത്തോടെ ജോലി കരസ്ഥമാക്കിയ കഥ ‘മാർക്ക് മാറ്ററല്ലിഷ്ടാ’ എന്ന പംക്തിയിലൂടെ ഷാജു പങ്കുവയ്ക്കുന്നതിങ്ങനെ :-
1983-84 കാലം - ഞാൻ നാട്ടിൻപുറത്തെ ഒരു കൊച്ചു മലയാളം മീഡിയം സ്കൂളിൽ എസ്.എസ്.എൽ.സിക്ക് പഠിക്കുന്നു. പഠനത്തിൽ ശരാശരിയിൽ താഴെയുള്ള കുട്ടിയായിരുന്നു ഞാൻ. അക്കാലത്ത് 200 കുട്ടികൾ പരീക്ഷ എഴുതിയാൽ അതിൽ ഒരാൾക്കായിരിക്കും ഡിസ്റ്റിങ്‌ഷൻ കിട്ടുക. നാലോ അഞ്ചോ പേർക്ക് ഫസ്റ്റ് ക്ലാസും പതിനഞ്ചോ ഇരുപതോ പേർക്ക് സെക്കന്റ്ക്ലാസും കിട്ടും. കുറേപ്പേർ കഷ്ടിച്ചു പാസാകും ബാക്കിയുള്ളവർ തോൽക്കും. ഇതിൽ 210 മാർക്കുവാങ്ങി ജയിച്ചവരായിരിക്കും അധികവും.
ഞാനൊരു ഫസ്റ്റ് ക്ലാസ് കൊണ്ടുവരും എന്ന പ്രതീക്ഷ (എനിക്കൊഴികെ) അധ്യാപകർക്കും നാട്ടുകാർക്കും വീട്ടുകാർക്കും ഉണ്ടായിരുന്നു. കാരണം ഞാൻ ഓണപ്പരീക്ഷക്കും ക്രിസ്തുമസ്സ് പരീക്ഷയ്ക്കും 45-50% മാർക്കൊക്കെ വാങ്ങിയിരുന്നു. എന്നാൽ, സ്റ്റഡി ലീവ് സമയത്ത് എല്ലാവിഷയങ്ങളും എങ്ങനെ പഠിച്ചുതീർക്കണമെന്ന് കൃത്യമായ ധാരണയില്ലാത്തതിനാൽ 50% ത്തിൽ കുറവ് മാർക്ക് മാത്രമേ ഞാൻ പ്രതീക്ഷിച്ചിരുന്നുള്ളൂ. ഫലം വന്നപ്പോൾ ഞാൻ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. എനിക്ക് കിട്ടിയത് വെറും 276 മാർക്ക്. അപ്പോഴും ഞാൻ ഒഴികെ എല്ലാവരും മൂക്കത്തു വിരൽ വച്ചു.
ഇനിയാണ് കഥ തുടങ്ങുന്നത്. മാനേജ്‍മെന്റ് ക്വോട്ടയിൽ നഗരത്തിലെ കോളേജിൽ അഡ്മിഷൻ കിട്ടി. മലയാളം മീഡിയത്തിൽ പഠിച്ച എനിക്ക് അവിടുത്തെ പ്രൊഫസർമാരുടെ ഇംഗ്ലിഷ് ക്ലാസുകൾ കേട്ട് തലകറങ്ങി. പ്രീ ഡിഗ്രി ജസ്റ്റ് പാസ്. അതിനു ശേഷം ബി.എ. അതിന്റെ റിസൾട്ട് ഞാൻ ഇവിടെ എഴുതുന്നില്ല. ഒപ്പം ടൈപ്പ് റൈറ്റിങ്ങും ഷോർട്ട് ഹാൻഡും പഠിച്ചു. ജോലി അന്വേഷിച്ച് കേരളം വിട്ടു. ബിർളയുടെ കമ്പനിയിൽ നല്ലൊരു ജോലിയും തരക്കേടില്ലാത്ത ശമ്പളവും തരമായി. ജോലിയിലെ മികവിനനുസരിച്ച് വർഷാവർഷം ശമ്പളവും കൂടി. ലഭിച്ച അവസരങ്ങൾ നന്നായി ഉപയോഗിക്കാൻ സാധിച്ചതും കരിയറിൽ ഗുണം ചെയ്തു. സ്കൂളിൽ ഒപ്പം പഠിച്ചിരുന്ന മിടുക്കന്മാരായ സഹപാഠികളേക്കാൾ ഉയർന്ന, സാമ്പത്തിക ഭദ്രതയുള്ള ജോലി സ്വന്തമാക്കാൻ കഴിഞ്ഞതും എത്ര ഉയർന്ന പദവിയുള്ളവർക്കു മുന്നിലും പേടികൂടാതെ കാര്യങ്ങൾ അവതരിപ്പിക്കാനുള്ള കഴിവ് സമ്പാദിച്ചതും അതുവഴി സമൂഹത്തിനു മുമ്പിൽ എന്റെ വ്യക്തിത്വം പ്രതിഫലിപ്പിക്കാൻ കഴിഞ്ഞതും എന്റെ നേട്ടങ്ങളായി ഞാൻ കരുതുന്നു. അതിൽ അഭിമാനം കൊള്ളുന്നു. പൊതു പരീക്ഷയിൽ മാർക്കു കുറഞ്ഞെന്നു കരുതി മടിച്ചിരിക്കാതെ തുടർന്നു പഠിച്ചതു കൊണ്ടും ജീവിതത്തിലെ അവസരങ്ങളെ കൃത്യമായി പ്രയോജനപ്പെടുത്തിയതുകൊണ്ടുമാണ് കരിയറിൽ വിജയിക്കാൻ കഴിഞ്ഞതെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
ഞാൻ എന്റെ കഥ പങ്കുവച്ചത് പരീക്ഷാഫലം പ്രതീക്ഷിച്ചിരിക്കുന്ന കൊച്ചുകൂട്ടുകാരെ ഒരു കാര്യം ഓർമിപ്പിക്കുവാനാണ്. പരീക്ഷകളിൽ നേടുന്ന മാർക്കുകൾ മാത്രമല്ല ഒരാളുടെ വിജയത്തിന്റെ മാനദണ്ഡം. മാർക്ക് നേടേണ്ട എന്നോ, പഠിപ്പിൽ താൽപര്യം കാണിക്കണ്ട എന്നോ ഇതിനർഥമില്ല. നമുക്ക് ലഭിക്കുന്ന അവസരങ്ങളെ കൃത്യമായി ഉപയോഗിക്കുകയും മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും ദൈവത്തിന്റെയും അനുഗ്രഹവും ഉണ്ടാവുകയും കൂടിച്ചെയ്താൽ മാർക്ക് മാറ്ററല്ലിഷ്ടാ, ഏതു വിജയവും നമ്മുടെ കാൽക്കീഴിലാകുന്ന ദിവസം നാം കാണും.
Content Summary : Career - Column - Markmattaralishta- Shaju P.V Talks about his experience
നിങ്ങൾക്കും പങ്കുവയ്ക്കാനുണ്ടോ ഇത്തരമൊരു അനുഭവം. എങ്കിൽ അനുഭവക്കുറിപ്പും മാർക്ക് ലിസ്റ്റിന്റെ ചിത്രവും നിങ്ങളുടെ ചിത്രവും customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം. തിരഞ്ഞെടുക്കപ്പെടുന്ന കുറിപ്പുകൾ മനോരമ ഓൺലൈൻ കരിയർ സെക്‌ഷനിൽ ‘മാർക്ക് മാറ്ററല്ലിഷ്ടാ’ എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും.