പത്താംക്ലാസ് മാർക്ക് ലിസ്റ്റിൽ കണക്കിന് 7 മാർക്ക്; ഇപ്പോൾ പ്രശസ്ത സാമ്പത്തിക സ്ഥാപനത്തിലെ ബ്രാഞ്ചിന്റെ ചുമതല തനിച്ച് നോക്കുന്നു
Mail This Article
അംഗീകാരങ്ങൾ ആഗ്രഹിക്കാത്ത മനുഷ്യരുണ്ടോ?. പ്രത്യേകിച്ച് കുട്ടികൾ. തങ്ങൾ ചെയ്യുന്ന ഓരോ കുഞ്ഞു പ്രവർത്തികളും അംഗീകരിക്കപ്പെടുന്നതും അതിനെ അഭിനന്ദിച്ചുകൊണ്ട് മുതിർന്നവർ സംസാരിക്കുന്നതും കേൾക്കാൻ കുട്ടികൾക്ക് വലിയ കൊതിയാണ്. അപ്പോൾ അംഗീകാരങ്ങൾക്കു പകരം ഇകഴ്ത്തലുകൾ കേൾക്കേണ്ടി വരുമ്പോൾ ഓരോ കുഞ്ഞു മനസ്സും എത്രത്തോളം വേദനിക്കുന്നുണ്ടാകും. അത്തരം വേദനകളെയും സാമ്പത്തിക പരാധീനതകളെയും അതിജീവിച്ച് മികച്ച ഒരു കരിയർ സ്വന്തമാക്കിയ അനുഭവം പങ്കുവയ്ക്കുകയാണ് ധനകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന മനു എം നന്ദൻ.
പത്താം ക്ലാസ് മാർക്ക് ലിസ്റ്റിൽ കണക്ക് രണ്ടാം പേപ്പറിന് കിട്ടിയ ഒറ്റസംഖ്യാമാർക്കിൽ നിന്നും ജീവിതം ഏറെ മുന്നോട്ടു പോയെന്നും ദുരിതകാലങ്ങളെയും വിവേചനങ്ങളെയും അതിജീവിച്ച് നൂറുശതമാനം സംതൃപ്തിയോടെ ജീവിക്കുകയാണെന്നും പറഞ്ഞുകൊണ്ട് ‘മാർക്ക് മാറ്ററല്ലിഷ്ടാ’ പംക്തിയിലൂടെ അനുഭവകഥ മനു പങ്കുവയ്ക്കുന്നതിങ്ങനെ:-
2003ൽ 286 മാർക്ക് വാങ്ങി എസ്എസ്എൽസി പരീക്ഷ പാസാകുമ്പോൾ എനിക്ക് കണക്ക് സെക്കന്റ് പേപ്പറിന് കിട്ടിയ മാർക്ക് -7-! മറ്റ് സർട്ടിഫിക്കറ്റുകളുടെ അടിയിൽ ഒളിപ്പിച്ച് അപകർഷതാ ബോധത്തോടെ, മാർക്ക് കടലാസിൽ ഒതുങ്ങുന്ന വെറും നമ്പർ മാത്രമാണെന്ന് വിളിച്ചുപറയാൻ സാധിക്കാതെ, അന്നത്തെ അവസ്ഥയുടെ പ്രതിഫലനം മാത്രമാണെന്ന് വിളിച്ചുപറയാൻ സാധിക്കാതെ,പങ്കെടുത്ത എത്രയെത്ര ഇന്റർവ്യൂകൾ!
ഇന്ന് ഒരു ധനകാര്യസ്ഥാപനത്തിന്റെ ബ്രാഞ്ച് മാനേജർ ആയി സർവകാര്യങ്ങളും കണക്കുകളും ഒറ്റയ്ക്ക് ചെയ്യുമ്പോൾ മുന്നിലിരിക്കുന്ന ഫയലിൽ ആദ്യമിരിക്കുന്ന സർട്ടിഫിക്കറ്റ് പത്താംക്ലാസിലെ മാർക്ക് ലിസ്റ്റാണ്. സ്കൂളിൽ പഠിക്കുമ്പോൾ വീടിനടുത്തുള്ള ഒട്ടുമിക്ക ട്യൂഷൻ സെന്ററുകളിലും ഞാൻ പഠിച്ചിട്ടുണ്ട്. കാരണം ഒരിടത്ത് ഫീസ് കുടിശ്ശിക ആകുമ്പോൾ അടുത്ത സ്ഥലത്തേക്ക് പോകും. അങ്ങനെ ഓരോയിടത്തും മാറി മാറി പഠിച്ചു. അതിനുള്ള സാമ്പത്തിക ശേഷിയെ അന്ന് എന്റെ കുടുംബത്തിനുണ്ടായിരുന്നുള്ളൂ.
ഫീസ് കൊടുക്കാത്തതുകൊണ്ട് പിഞ്ചു കൈത്തണ്ടയിൽ ഒപ്പും സീലുംവാങ്ങി ക്ലാസ്സിൽ കയറിയ നിമിഷവും ചോദിക്കാൻ വന്ന അച്ഛന്റെ മുഖത്തെ ദൈന്യതയും വരച്ചിട്ടപോലെ മനസ്സിലുണ്ട്. ട്യൂഷന് പോകാതെ പഠിക്കാം എന്നു വിചാരിച്ചാൽ സ്കൂളിൽ ടീച്ചർമാരുടെ ശ്രദ്ധ മുഴുവനും ‘പഠിക്കുന്ന കുട്ടികൾക്ക്’ വേണ്ടി മാത്രമുള്ളതായിരുന്നു. എസ്എസ്എൽസി സർട്ടിഫിക്കറ്റ് വാങ്ങാൻ സ്കൂളിൽ ചെന്നപ്പോൾ ക്ലാസ് ടീച്ചർ പറഞ്ഞത് ഇപ്പോഴും എനിക്ക് വ്യക്തമായ ഓർമ്മയുണ്ട്. ‘മനു ഇത്രയും മാർക്ക് വാങ്ങി ജയിക്കും എന്ന് വിചാരിച്ചില്ല’.
പ്ലസ്ടുവിന് ചേരാനായി അഡ്മിഷനുവേണ്ടി പല സ്കൂളുകളിലും അപേക്ഷ അയച്ചെങ്കിലും എങ്ങും കിട്ടിയില്ല. അവസാന നിമിഷമാണ് വിഎച്ച്എസ്ഇ അഡ്മിഷൻ കിട്ടുന്നത്. ഓഫിസ് സെക്രട്ടറിഷിപ് (Office Secretaryship). അവിടെ പഠിപ്പിക്കുന്ന ഇംഗ്ലിഷ് കേട്ട് പകച്ചു നിന്ന എനിക്ക് അവിടുത്തെ ചില അധ്യാപകർ നൽകിയ പിന്തുണ വളരെ ആശ്വാസം നൽകിയെങ്കിലും അവിടെയും വേർതിരിവിന്റെ മുഖങ്ങളുണ്ടായിരുന്നു.
ലാബിൽ കയറുമ്പോൾ എല്ലാവരും ചെരുപ്പ് പുറത്ത് ഊരിയിടണം പക്ഷേ ഞാൻ ഊരിയിട്ടില്ല. അവിടെ നിരക്കുന്ന വർണ്ണച്ചെരുപ്പുകൾക്കിടയിൽ നീല തെളിഞ്ഞ എന്റെ ഹവായ് ചെരുപ്പ് ആരും കാണണ്ട എന്ന് കരുതി. നിനക്ക് ഈ ഒരു ഷർട്ട് മാത്രമേ ഉള്ളോ എന്ന ചോദ്യം കൂടിയപ്പോൾ ബുധനാഴ്ച ആണെന്ന് മനപ്പൂർവം മറന്ന് കളർ ഡ്രസ്സ് ധരിക്കാതെ യൂണിഫോമിൽ സ്കൂളിൽ പോകുമായിരുന്നു.
ഫൈനൽ എക്സാം കഴിയും മുൻപേ ഒരു കടയിൽ ജോലിക്ക് കയറി. രണ്ട് പരീക്ഷ എഴുതാൻ പോയത് അവിടെനിന്നുകൊണ്ടാണ് അത്രമാത്രം സാമ്പത്തിക ബുദ്ധിമുട്ട് അച്ഛനും അമ്മയും ഞങ്ങൾ മൂന്നു മക്കളുമുള്ള കുടുംബത്തിനുണ്ടായിരുന്നു. പരീക്ഷയിൽ ഫസ്റ്റ് ക്ലാസ്സ് മാർക്ക് നേടി പാസ്സായപ്പോൾ പത്തിൽ കേട്ട അതേ ഡയലോഗ് ആ സ്കൂളിൽനിന്നും കേൾക്കേണ്ടിവന്നു. ‘നിനക്ക് ഇത്രയും മാർക്ക് വാങ്ങാൻ പറ്റുമെന്നു കരുതിയില്ല’.
അഡ്മിഷൻ ശരിയാകുന്നതുവരെ കടയിലെ ജോലിക്ക് പോകൂ എന്ന അമ്മയുടെ വാക്കിൽ അവിടെ തുടർന്നും ജോലിക്കു പൊയ്ക്കോണ്ടിരിക്കുമ്പോഴാണ് പതിനെട്ടാം വയസ്സിൽ 1080 രൂപ സ്റ്റൈഫന്റിൽ ഗവണ്മെന്റ് അപ്രന്റിഷിപ് ട്രെയിനിയായി ബാങ്കിൽ കയറുന്നതും ഇതാണ് എന്റെ വഴി എന്ന് തിരിച്ചറിയുന്നതും. പ്യൂണിന്റെ പണി ചെയ്യിച്ചാൽ മതി എന്ന അവിടുത്തെ മാനേജർ അടക്കമുള്ള സ്റ്റാഫിന്റെ രഹസ്യ ധാരണ തിരുത്താൻ എനിക്ക് ഒരാഴ്ചയേ വേണ്ടിവന്നുള്ളൂ. ക്യാഷ് ഉൾപ്പടെ സകല ജോലികളും ചെയ്ത് ഞാൻ അവരുടെ വിശ്വസ്തനായി. അവരെന്നെ ബാങ്കിങ്ങിന്റെ A to Z പഠിപ്പിച്ചു.
Read Also : അന്ന് പത്താം ക്ലാസിൽ 276 മാർക്ക്; ഇന്ന് ബിർള കമ്പനിയിലെ ഉദ്യോഗസ്ഥൻ
ബികോം കറസ്പോൺഡൻസ് കോഴ്സ് ചെയ്യാൻ നിർബന്ധിച്ചു ചേർത്തു. കോൺടാക്റ്റ് ക്ലാസിന് പോകാൻ ലീവ് അഡ്ജസ്റ്റ് ചെയ്തു തന്നു. മാസം കിട്ടുന്ന ആയിരം രൂപ ഒന്നിനും തികയില്ലെന്നു മനസ്സിലാക്കി അവരുടെ പോക്കറ്റിൽ നിന്ന് എനിക്കുള്ള പോക്കറ്റ് മണി തന്നു. എല്ലാ പാർട്ടിയിലും കൂടെക്കൂട്ടി. സ്റ്റാർ ഹോട്ടലിൽ എങ്ങനെ ബിഹേവ് ചെയ്യണം എന്നെന്നെ പഠിപ്പിച്ചു. ഒരു വർഷം മാത്രം ലഭിക്കുന്ന അപ്രന്റിഷിപ് നീട്ടികൊടുക്കണമെന്ന് ആവശ്യപ്പെട്ടു അവർതന്നെ ഹെഡ്ഓഫീസിൽ കത്തെഴുതി. നിയമം അനുവദിക്കാത്തതുകൊണ്ട് അതിന് സാധിച്ചില്ല എങ്കിലും അവരെന്നെ ഡെയ്‌ലി വേജസിൽ ലീവ് വേക്കൻസിയിലേക്ക് പലപ്പോഴും വിളിച്ചു. പിന്നീട് കൊല്ലത്തെ പ്രമുഖ ചിട്ടിക്കമ്പനിയിൽ ജോലിക്ക് കയറി. അവിടെ നിന്ന് ഒരു റെപ്യൂട്ടഡ് ഫിനാൻസിൽ കയറി. ഇന്ന് ഒരു ബ്രാഞ്ചിന്റെ ചുമതല തനിച്ച് നോക്കുന്നു. എന്റെ പത്താംക്ലാസ് മാർക്ക്‌ലിസ്റ്റിലെ കണക്കിന്റെ മാർക്ക് 7 ആണെങ്കിലും അതിനു ശേഷം പഠിച്ച ജീവിതത്തിലെ കണക്കിന് നൂറിൽ നൂറ് മാർക്ക് നേടാനായെന്ന് ഞാൻ വിശ്വസിക്കുന്നു.
Content Summary : Career Column - Markmattarallishta - Manu M Nandan talks about his experience
നിങ്ങൾക്കും പങ്കുവയ്ക്കാനുണ്ടോ ഇത്തരമൊരു അനുഭവം. എങ്കിൽ അനുഭവക്കുറിപ്പും മാർക്ക് ലിസ്റ്റിന്റെ ചിത്രവും നിങ്ങളുടെ ചിത്രവും customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം. തിരഞ്ഞെടുക്കപ്പെടുന്ന കുറിപ്പുകൾ മനോരമ ഓൺലൈൻ കരിയർ സെക്‌ഷനിൽ ‘മാർക്ക് മാറ്ററല്ലിഷ്ടാ’ എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും.