ഡേറ്റ സയൻസ് ആൻഡ് മാനേജ്മെന്റിൽ മികച്ച മാസ്റ്റേഴ്സ് ഇൻഡോറിൽ
Mail This Article
അമ്പരപ്പിക്കുന്ന വേഗത്തിൽ വന്നുചേരുന്ന പുതിയ അറിവുകൾ അപഗ്രഥിച്ച് ട്രെൻഡുകളടക്കമുള്ളവ വിലയിരുത്തി, ബിസിനസ് തീരുമാനങ്ങൾക്ക് ചിട്ടയൊപ്പിച്ചു നൽകുന്ന ചുമതല ഡേറ്റ സയൻസ് കൈകാര്യം ചെയ്യുന്നു. സാങ്കേതികവിദഗ്ധരായ ഡേറ്റാ സയന്റിസ്റ്റുകളും വിശകലനഫലങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്ന മാനേജ്മെന്റ് പ്രഫഷനലുകളും സഹകരിക്കുകവഴി കിടമത്സരമുള്ള ബിസിനസ് രംഗത്ത് വിജയം ഉറപ്പാക്കുന്നു.
സാങ്കേതികനൈപുണിയും ബിസിനസ് പ്രാവീണ്യവും ഒരുമിച്ചു പകർന്നുനൽകുന്ന ‘മാസ്റ്റർ ഓഫ് സയൻസ് ഇൻ ഡേറ്റ സയൻസ് & മാനേജ്മെന്റ്’ പ്രോഗ്രാം ശ്രേഷ്ഠസ്ഥാപനങ്ങളായ ഇൻഡോർ ഐഐടിയും ഇൻഡോർ ഐഐഎമ്മും ചേർന്നു നടത്തുന്നു. 2 വർഷത്തെ ഈ പ്രോഗ്രാമിലെ പ്രവേശനത്തിന് ജൂൺ 15 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. https://msdsm.iiti.ac.in.
ആകെ 200 സീറ്റ്. കേന്ദ്രമാനദണ്ഡപ്രകാരം സംവരണമുണ്ട്.
തിരഞ്ഞെടുപ്പ്
ബിടെക്, ബിഎസ്, ബിഫാം, ബിആർക്, ബിഡിസ്, ബിഎഫ്ടെക് (ഫാഷൻ ടെക്നോളജി), 4 വർഷ ബിഎസ്‌സി, എംഎസ്‌സി, എംസിഎ, എംബിഎ അഥവാ തുല്യയോഗ്യത ഫസ്റ്റ് ക്ലാസിൽ / 60% മാർക്കോടെ അഥവാ 6 / 10 ഗ്രേഡ് പോയിന്റോടെ നേടിയിരിക്കണം. കൂടാതെ കഴിഞ്ഞ 3 വർഷത്തിനകമുള്ള CAT/GATE/GMAT/GRE/JAM സ്കോറും വേണം.
ഈ സ്കോറില്ലാത്തർ ഇൻഡോർ ഐഐടിയിൽ ജൂൺ 25നു നടത്തുന്ന വിശേഷ അഭിരുചി പരീക്ഷയിൽ സ്കോർ നേടണം. ഈ പരീക്ഷ ഓൺലൈനായും ഓഫ്‌ലൈനായും നടത്തും. ഒഎംആർ ശൈലിയിലുള്ള 90 മിനിറ്റ് ടെസ്റ്റിൽ ക്വാണ്ടിറ്റേറ്റിവ് എബിലിറ്റി, ഡേറ്റ ഇന്റർപ്രട്ടേഷൻ & ലോജിക്കൽ റീസണിങ് എന്നീ വിഷയങ്ങളിൽനിന്നു ചോദ്യങ്ങളുണ്ടായിരിക്കും.
മികച്ച സ്കോറുള്ളവരെ ഇന്റർവ്യൂവിനു ക്ഷണിക്കും. ഇതിലെ പ്രകടനം നോക്കിയാണ് സിലക്‌ഷൻ.
ക്ലാസ് എങ്ങനെ?
മുഖ്യമായും ഓൺലൈൻ ക്ലാസുകളാണ്. നിത്യവും 2 മണിക്കൂർ (വൈകിട്ട് 7– 8 & 8.15– 9.15), ശനിയാഴ്ച പകൽ 5 മണിക്കൂർ എന്ന ക്രമത്തിൽ ആഴ്ചയിൽ 15 മണിക്കൂറുകളോളം ലെക്ചർ. ഇതിനു പുറമേ 15 ദിവസം വീതം ഐഐടിയിലും ഐഐഎമ്മിലും മുഖാമുഖ ക്ലാസുമുണ്ട്. 2 സ്ഥാപനങ്ങളും ക്ലാസുകൾ നടത്തും. ആകെ 900 മണിക്കൂർ പഠനം. ഓൺലൈനായി അസൈൻമെന്റും പരീക്ഷകളുമുണ്ട്. അവസാന ട്രൈമസ്റ്ററിൽ പ്രോജക്ടും.
അപേക്ഷാഫീ 1770 രൂപ. അഭിരുചിപരീക്ഷ എഴുതേണ്ടവർ 2360 രൂപയടയ്ക്കണം. പ്രോഗ്രാം ഫീ 12 ലക്ഷം രൂപ, 3 ഗഡുക്കളായി അടയ്ക്കാം. ഓൺലൈൻ ക്ലാസ് ഓഗസ്റ്റ് 9നു തുടങ്ങും. സംശയപരിഹാരത്തിന് ഫോൺ: 0731–6603333, msdsm-office@iiti.ac.in & 0731–2439736, msdsm-office@iimidr.ac.in.
Content Summary : Masters in Indore on Data Science and Management