ADVERTISEMENT

ഇല്ലാത്തതൊന്നും നൽകാനാകില്ല. ഉള്ള് ശൂന്യമായതിൽനിന്ന് എന്തു പുറത്തേക്കു വരാനാണ്? ടാങ്കിൽ വെള്ളമുണ്ടെങ്കിൽ മാത്രമേ പൈപ്പ് തുറന്നാൽ അതു പുറത്തുവരൂ. ഇല്ലാത്തവയെല്ലാം ഉണ്ടെന്നു ഭാവിച്ച് അവയുടെ മൊത്തവിതരണം നടത്തുന്നവരിലൂടെയാണ് അജ്ഞതയും അനാചാരവും പെരുകുന്നത്.

Read Also : യാത്ര ലക്ഷ്യത്തിലെത്തുന്നില്ലെന്ന് പരാതിപ്പെടുന്നവരോട്

എല്ലാ വഴികാട്ടികൾക്കും അറിവും അനുഭവവും നിർബന്ധമാണ്. എണ്ണയും തിരിയുമില്ലാതെ ജ്വലിക്കാൻ വിളക്കിനാകില്ല. ബാഹ്യരൂപത്തിന്റെ മോടിക്ക് ഒരു വിളക്കിൽനിന്നും പ്രകാശം പൊഴിക്കാനാകില്ല. കാലംകൊണ്ടും പ്രയത്നം കൊണ്ടും ഓരോരുത്തരും സ്വാംശീകരിക്കേണ്ട പരിചയവും പക്വതയുമുണ്ട്. അത്തരം സമ്പാദനവഴികളിലൂടെ സഞ്ചരിക്കുന്നവർ മാത്രമാണ് വളരുന്നത്, അല്ലാത്തവർക്കു പ്രായമാകുന്നതേയുള്ളൂ. 

 

എല്ലാ മാർഗദർശികൾക്കും ഉണ്ടാകേണ്ട ചില അടിസ്ഥാന സവിശേഷതകളുണ്ട്. ഒരു തവണയെങ്കിലും ആ വഴിയിലൂടെ അവർ സഞ്ചരിച്ചിട്ടുണ്ടാകണം. ഇല്ലെങ്കിൽ നിർദിഷ്ട പാതയിലെ അപകടങ്ങളും ആകസ്മികതകളും എങ്ങനെ മുൻകൂട്ടി കാണും? പ്രതിസന്ധികളെയും പ്രശ്നങ്ങളെയും അഭിമുഖീകരിച്ചിട്ടുള്ളവരാകണം വഴികാട്ടികൾ.

 

പലതവണ തോറ്റിട്ടുള്ളവർ പരിശീലകരായാൽ തോൽവിയെ എങ്ങനെ നേരിടണമെന്നു പഠിപ്പിക്കും. പലരും യാത്ര പൂർത്തിയാക്കാത്തത് പൂർണദൂരം സഞ്ചരിക്കാനുള്ള ശേഷിക്കുറവുകൊണ്ടോ ആഗ്രഹമില്ലായ്മകൊണ്ടോ അല്ല; യാത്രയ്ക്കിടയിലുണ്ടാകുന്ന മാർഗതടസ്സങ്ങൾ മൂലമാണ്. 

 

ഉള്ളിലുള്ളതെല്ലാം എപ്പോഴെങ്കിലും പുറത്തുവരും. അപ്പോഴാണ് വിഗ്രഹങ്ങൾ ഉടയുന്നതും അനുയായികളുടെ പ്രതീക്ഷ നഷ്ടപ്പെടുന്നതും. അകം ശൂന്യമാണെങ്കിൽ ഒന്നും പുറത്തുവരില്ല എന്നേയുള്ളൂ. അകത്ത് അരുതാത്തതുണ്ടെങ്കിൽ പുറത്തുവരുന്നവയ്ക്കു നശീകരണശേഷിയുണ്ടാകും.

 

സ്വയം ബലപ്പെടുത്താനും തെളിയാനും ശീലിക്കുക എന്നതാണ് ഉപദേശകരുടെ പ്രഥമദൗത്യം. തന്നെക്കാൾ കഴിവുകുറഞ്ഞവരാണ് തന്റെ മുൻപിൽ വരുന്നതെന്ന ചിന്തയ്ക്കു പകരം തന്നെക്കാൾ വ്യത്യസ്തരാണ് തന്റെ പ്രേക്ഷകർ എന്ന ക്രിയാത്മക ചിന്ത പരസ്പര ബഹുമാനത്തിന്റെ ഇഴകൾ പാകും. തനിക്കുള്ളതെന്തെങ്കിലും അപരനു നൽകാൻ ശ്രമിക്കുന്നതിനു പകരം അവരുടെ ഉള്ളിലുള്ളതും അവർ തിരിച്ചറിയാത്തതുമായ കാര്യങ്ങളെ പുറത്തെടുക്കാൻ ശ്രമിച്ചാൽ അതാകും യഥാർഥ മാർഗദർശനം.

 

Content Summary : How to Deal With Superiority Complex

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com