ADVERTISEMENT

ഈ ഹൈ സ്പീഡ് ഡിജിറ്റൽ യുഗം അവസരങ്ങളുടെ കലവറയാണ്. എൻജിനീയറിങ്, സയൻസ്, ഹ്യൂമാനിറ്റീസ്, ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, കൊമേഴ്സ് മാത്തമാറ്റിക്സ്– ഏതു വിഷയമായാലും കരിയർ അവസരങ്ങൾ ഈ കാലഘട്ടം നമ്മുടെ മുന്നിൽ തുറന്നിടുന്നു. എന്നാൽ അവസരങ്ങൾക്കനുസരിച്ചുള്ള നൈപുണ്യം ഉദ്യോഗാർഥികൾ പ്രകടിപ്പിക്കാത്തത് പലപ്പോഴും തൊഴിലില്ലായ്മയിലേക്ക് നയിക്കുന്നു. വിദ്യാഭ്യാസമുണ്ടായിട്ടും തൊഴിൽ നേടാൻ കഴിയാത്ത അനവധി യുവതീയുവാക്കൾ നാട്ടിലുണ്ട്. ഈ വർഷമാദ്യം നടത്തിയ നാഷനൽ അർബൻ സാംപിൾ സർവേ അനുസരിച്ച്, തൊഴിലില്ലായ്മ നിരക്ക് 6.8 ശതമാനമാണ്. പലപ്പോഴും ഈ അവസ്ഥ സാമൂഹിക ഒറ്റപ്പെടലിന് വഴിവയ്ക്കാറുണ്ട്.

Read Also : കണക്കിനെ പേടിച്ച് മൊത്തത്തിൽ സയൻസിനെ ഒഴിവാക്കണോ?; പത്താം ക്ലാസ് കഴിഞ്ഞ് പഠിക്കാം ജീവശാസ്ത്ര വിഷയങ്ങൾ

നന്നായി പഠിക്കുന്ന കുട്ടി, ഏറ്റവും മികച്ച ഉദ്യോഗസ്ഥൻ, മിടുക്കനായ ഡോക്ടർ എന്നിങ്ങനെ സ്വന്തം മേഖലകളിൽ മികവ് തെളിയിച്ച പലരും കുറ്റപ്പെടുത്തലുകൾ കേൾക്കുമ്പോൾ, ചെറിയ പരാജയങ്ങൾ നേരിടുമ്പോഴൊക്കെ ആത്മഹത്യയെക്കുറിച്ചു ചിന്തിക്കുകയും ചിലപ്പോൾ ജീവിതമവസാനിപ്പിക്കുകയും ചെയ്യാറുണ്ട്. ചിലർ ലഹരിമരുന്നുപയോഗിക്കുകയും മറ്റു ചിലർ അക്രമവാസന കാട്ടുകയും ഇനിയും ചിലർ ഉൾവലിയൽ പ്രകടിപ്പിക്കുകയും ചെയ്യും. എന്താണ് ഇതിനു കാരണം?. വൈകാരികവും സാമൂഹികവുമായ കഴിവുകളുടെ അഭാവം തന്നെയാണ് ഇത്തരം അവസ്ഥകളിലേക്കു നയിക്കുന്നത്. 

 

1221729646
Representative Image. Photo Credit : Kiwis/istock

ഒന്നാം ക്ലാസ് മുതൽ ജോലിസ്ഥലത്തു വരെ ‘ബെസ്റ്റ്’ ആവാനുള്ള ഓട്ടത്തിനിടയിൽ പലപ്പോഴും വിശ്രമിക്കാനും സംസാരിക്കാനും സന്തോഷ നിമിഷങ്ങൾ പങ്കിടാനും മറന്നുപോകുന്നു. അത് സാമൂഹിക വ്യക്തിത്വത്തിന് പകരം യാന്ത്രികതയിലേക്ക് നമ്മെ മാറ്റുന്നു. പ്രതിസന്ധി, കുറ്റപ്പെടുത്തൽ, പരാജയം ഒക്കെ സംഭവിക്കുമ്പോൾ, ചുറ്റിനും ആളുണ്ടായിട്ടും ആരോടും ഒന്നും പറയാൻ പറ്റാതെ, ആത്മഹത്യയിൽ അഭയം പ്രാപിക്കാൻ ഇത്തരക്കാരെ പ്രേരിപ്പിക്കുന്നു. 

 

Photo Credits :  threerocksimages / Shutterstock.com
Photo Credits : threerocksimages / Shutterstock.com

പലപ്പോഴും നാം ഒരു സാമൂഹിക ജീവിയാണെന്നു മറന്നുപോകുന്നു. കുടുംബത്തിന്റെയും ബന്ധുക്കളുടെയും കൂട്ടുകാരുടെയും അയൽക്കാരുടെയും അധ്യാപകരുടെയും ധാർമിക പിന്തുണയുണ്ടെങ്കിൽ മാത്രമേ നമുക്ക് പോസിറ്റീവായി  പഠിത്തവും ജോലിയും കുടുംബ ജീവിതവും മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ. പരാജയം വരുമ്പോൾ തളരാതെ മറ്റുള്ളവരുടെ പിന്തുണ നേടാൻ ശ്രമിക്കണം. 

 

മുതിർന്നവരും യുവതലമുറയും തമ്മിൽ മൂല്യങ്ങളിലും വിശ്വാസങ്ങളിലുമുള്ള വ്യത്യാസങ്ങൾ ചിലപ്പോൾ ആശയവിനിമയത്തിലും തടസ്സങ്ങൾ സൃഷ്ടിച്ചേക്കാം. കുടുംബങ്ങളിലും തൊഴിലിടങ്ങളിലുമുള്ള അഭിപ്രായവ്യത്യാസങ്ങളും സംഘർഷങ്ങളുമൊക്കെ ഇതിന് ഉദാഹരണങ്ങളാണ്. ദ്രുതഗതിയിലുള്ള സാമൂഹിക മാറ്റങ്ങൾ, സാങ്കേതിക പുരോഗതി, ആഗോളവൽക്കരണം എന്നിവ തലമുറകൾ തമ്മിലുള്ള വിടവ് വർധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്.

 

മുതിർന്നവർ പലപ്പോഴും പരമ്പരാഗത മൂല്യങ്ങളും അച്ചടക്കവും മുറുകെ പിടിക്കുന്നു. യുവതലമുറയാകട്ടെ സാങ്കേതികവിദ്യ, സ്വാതന്ത്ര്യം, സർഗാത്മക ജീവിതം എന്നിവ ആഗ്രഹിക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന മനോഭാവങ്ങളും പെരുമാറ്റങ്ങളും പരസ്പരം അംഗീകരിക്കാനും മനസ്സിലാക്കാനും സാധിക്കാത്തതാണ് ജനറേഷൻ ഗ്യാപ്പിലേക്കും ഒറ്റപ്പെടലിലേക്കും നയിക്കുന്നത്. മാനസിക സംഘർഷം വരുമ്പോൾ മറ്റുള്ളവരോട് പെട്ടെന്നു പങ്കുവയ്ക്കാൻ സാധിച്ചാൽ ഒരു ജീവൻ തന്നെ രക്ഷപ്പെടും. പക്ഷേ മേൽപറഞ്ഞ സാമൂഹിക വിടവു കാരണം പലപ്പോഴും അതിനു സാധിക്കാറില്ല. എന്നാൽ, വിലപ്പെട്ട ജീവൻ പൊലിയുമ്പോൾ വലിയ കൂട്ടായ്മകൾ രൂപപ്പെടുകയും അതിന്റെ പേരിൽ ജാതി, മത, രാഷ്ട്രീയ വേർതിരിവുകൾ ഉടലെടുത്ത് സാമൂഹിക മാധ്യമ സംഘർഷങ്ങൾ നടക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്.

 

അടുത്തകാലത്ത് ആത്മഹത്യക്ക് ശ്രമിച്ച ഒരു കുട്ടിയോട് ഞാൻ എന്റെ കൗൺസിങ് സെഷനിൽ സംസാരിച്ചു. മിടുക്കിയായ കുട്ടി എൻട്രൻസ് എഴുതിയെങ്കിലും അഡ്മിഷൻ കിട്ടിയില്ല. അങ്ങനെ ഡിഗ്രിക്ക് ചേരാൻ തീരുമാനിച്ചു. ബന്ധുക്കൾ അവളുടെയും മാതാപിതാക്കളുടെയും മേൽ സമ്മർദ്ദം ചെലുത്തി. അവളുടെ പ്രായത്തിലുള്ള കുട്ടികൾ പ്രഫഷനൽ കോഴ്സിന് ചേർന്നുവെന്നും ഡിഗ്രിക്ക് പോയാൽ കുടുംബത്തിനു നാണക്കേടാകുമെന്നും പറഞ്ഞ് കുട്ടിയെ വീണ്ടും എൻട്രൻസ് പഠിക്കാൻ ഒരു കൊല്ലം വീട്ടിലിരുത്തി. പിന്നത്തെ കൊല്ലവും എൻട്രൻസ് വഴി അഡ്മിഷൻ ലഭിച്ചില്ല. കനത്ത  മാനസിക സംഘർഷം കൊണ്ട് മറ്റുള്ളവരെ അഭിമുഖീകരിക്കാൻ സാധിക്കാതെ ആ കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചു.

 

1145844646
Representative Image. Photo Credit : dit:ra2studio/istock

ഇത്തരത്തിലുള്ള അവസ്ഥകൾ വരാനുള്ള കാരണങ്ങൾ പലതാണ്

 

1) വിദ്യാഭ്യാസ സമ്പ്രദായത്തിൽ  അക്കാദമിക് പ്രകടനത്തിനു മുൻഗണന നൽകുകയും വൈകാരികവും സാമൂഹികമായ കഴിവുകളുടെ വികസനം അവഗണിക്കുകയും ചെയ്യുന്നു.

 

2) സാമൂഹിക താരതമ്യവും സാമൂഹിക സമ്മർദ്ദവും യുവാക്കൾക്കിടയിൽ  മാനസിക സംഘർഷം വർധിപ്പിക്കുന്നു.

1204743098
Representative Image. Photo Credit : metamorworks/istock

 

3) ആവശ്യമുള്ളപ്പോൾ വികാരങ്ങൾ തുറന്നു പ്രകടിപ്പിക്കാനും സഹായം തേടാനുമുള്ള വേദികളുടെ അഭാവം പരിണിത ഫലങ്ങളെക്കുറിച്ച് ചിന്തിക്കാതെയുള്ള പ്രവൃത്തികളിലേക്ക് നയിക്കുന്നു.

 

4) സമൂഹമാധ്യമങ്ങളുടെ അമിതമായ ഉപയോഗം, ജീവിതത്തിന്റെ യാഥാർഥ്യബോധമില്ലാത്ത ചിത്രീകരണം എന്നിവ ഇൻഫീരിയോറിറ്റി കോംപ്ലക്സ്, സാമൂഹിക ഒറ്റപ്പെടൽ എന്നിവയ്ക്ക് കാരണമാകുന്നു.

 

1316223784
Representative Image. Photo Credit : useng/istock

5) കുടുംബത്തിലെ ആശയവിനിമയം, ശൈലികൾ, വൈകാരിക പിന്തുണയുടെ അഭാവം എന്നിവ സാമൂഹികമായ കഴിവുകളുടെ ആരോഗ്യകരമായ വികസനത്തിന് തടസ്സമാകുന്നു.

 

ഈ വെല്ലുവിളികളെ അംഗീകരിക്കുന്നതിന് ഒരു ബഹുമുഖ സമീപനം ആവശ്യമാണ്.

 

1) ഏതു വിഷയം പഠിച്ചാലും സാമൂഹിക നിപുണത, വൈകാരിക ബുദ്ധി, ആശയവിനിമയം എന്നിവ പാഠ്യപദ്ധതിയിൽ നിർബന്ധപൂർവം ഉൾപ്പെടുത്തേണ്ടതാണ്. അധ്യാപകർ വൈവിധ്യങ്ങളെ ഉൾക്കൊള്ളുകയും ഓരോ വിദ്യാർഥിക്കും താൻ പരിഗണിക്കപ്പെടുകയും വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതായി തോന്നുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുകയും വേണം

 

2) വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും വൈകാരിക നിയന്ത്രണത്തിനെപ്പറ്റിയും മാനസിക ആരോഗ്യത്തെപ്പറ്റിയും അവബോധം നൽകുക.

 

3) വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലിസ്ഥലങ്ങളിലും വൈകാരിക പിന്തുണ സ്വീകരിക്കാനും മാർഗനിർദ്ദേശം തേടാനും അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള സുരക്ഷിത ഇടങ്ങൾ സൃഷ്ടിക്കുക.

 

4) കുടുംബത്തിൽ ആശയവിനിമയം നടത്തേണ്ടതിന്റെ പ്രാധാന്യത്തെയും വൈകാരിക ബന്ധം സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെയും പറ്റിയും കുട്ടികളിലെ സാമൂഹികമായ കഴിവുകൾ വികസിക്കുന്നതിനെപ്പറ്റിയുമുള്ള അറിവുകൾ സ്കൂൾ– കോളജ് തലങ്ങളിൽ നൽകുക.

 

5) മാനസികാരോഗ്യ സേവനങ്ങൾ ശക്തിപ്പെടുത്തുകയും കൗൺസിലിങ് തെറപ്പി ഹെൽപ്പ് ലൈനുകൾ, സപ്പോർട്ട് ഗ്രൂപ്പുകൾ എന്നിവയുടെ രഹസ്യാത്മകത സൂക്ഷിച്ചുകൊണ്ടുള്ള സേവനം ഏത് സമയത്തും ലഭിക്കുമെന്ന് ഉറപ്പാക്കുകയും ചെയ്യുക.

 

ഇതിൽനിന്നു വിദ്യാർഥികളും തൊഴിൽ തേടുന്നവരും ജോലിയിൽ പ്രവേശിച്ച് പലവിധ സമ്മർദ്ദങ്ങൾ നേരിട്ടു മുമ്പോട്ട് നീങ്ങുന്നവരും മനസ്സിലാക്കേണ്ട ഒരു കാര്യം, മറ്റെന്തിനേക്കാളും നാം വികസിപ്പിച്ചെടുക്കേണ്ട കഴിവാണ് വൈകാരിക ബുദ്ധിയുള്ള സാമൂഹിക നിപുണത എന്നാണ്. അതിനെ നമുക്ക് അഡ്വേഴ്‌സിറ്റി കോഷ്യൻ്റ് (A Q) എന്നും വിളിക്കാം. ഏതു കോഴ്സ് പഠിച്ചാലും എവിടെ ജോലി ചെയ്താലും പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കാനും മറ്റുള്ളവരോട്  പക്വതിയോടെ പ്രതികരിക്കാനും നല്ലതും ചീത്തയും തിരിച്ചറിഞ്ഞ് അവനവനെ നിയന്ത്രിക്കാനും ഉള്ള കഴിവിനെയാണ് AQ സൂചിപ്പിക്കുന്നത്. 

 

ആ കഴിവ് നേടിയെടുക്കാൻ താഴെ പറയുന്ന കാര്യങ്ങൾ പരിശീലിക്കാം

 

1) സാമൂഹിക വലയം വർധിപ്പിക്കുക.

 

2) കുടുംബത്തിലായാലും സമൂഹത്തിലായാലും ആശയവിനിമയത്തിനുള്ള അവസരങ്ങൾ ഉപയോഗിക്കുക.

 

3) പ്രലോഭനങ്ങൾ നിറഞ്ഞ സംഭാഷണങ്ങളും ഇടപെടലുകളും ഒഴിവാക്കാനുള്ള പക്വത കാട്ടുക.

 

4) ഡിഗ്രിയെക്കാളും പദവിയെക്കാളും ശമ്പളത്തേക്കാളും സാമൂഹിക ആരോഗ്യം നിറഞ്ഞ വ്യക്തിത്വമാകുന്നതിന് വില നൽകുക.

 

ഇതുണ്ടെങ്കിൽ നമുക്ക് ചെറിയ കാര്യങ്ങൾ പക്വതയൊടെയും സന്തോഷത്തോടെയും ചെയ്യാം. അത് ജീവിതത്തിന് ഒരു വലിയ താങ്ങാകും. നമുക്ക് നിസംശയം പറയാം, സാമൂഹിക നിപുണത കാലഘട്ടത്തിന്റെ അനിവാര്യത തന്നെയാണ്.

 

(ലേഖകൻ മാനവ ശേഷി വിദഗ്ധനും കോർപറേറ്റ് മെന്ററും കോക്സ് അക്കാദമി ആൻഡ് റിസർച്ച് സെന്റർ ഡയറക്ടറുമാണ്.)

 

Content Summary : How to Improve Your Adversity Quotient

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com