സൈന്യത്തിൽ ഓഫിസറാകാൻ മോഹം? മറികടക്കണം ഈ 5 ദിന കടമ്പ; എസ്എസ്ബി ഇന്റർവ്യൂ എന്ത്?
Mail This Article
പ്ലസ്ടു പാസാകുന്നവർ കരിയറിനെക്കു റിച്ചുള്ള നിരവധി ഓപ്ഷനുകൾ നോക്കിയാകും പ്ലാൻ ചെയ്യുന്നത്. പല വിദ്യാർഥികളും സൈന്യത്തിലെ ഓഫിസർ പദവി തങ്ങളുടെ ലക്ഷ്യമാക്കി വയ്ക്കാറുണ്ട്. അധികാരം, രാജ്യത്തെ സേവിക്കാനുള്ള അവസരം, സമൂഹത്തിൽ നിന്നു ലഭിക്കുന്ന ആദരം തുടങ്ങി ഒട്ടേറെ കാരണങ്ങളാണ് സൈനിക ജോലിയെ ആകർഷകമാക്കുന്നത്.
സൈന്യത്തിൽ ഓഫിസറാകാൻ ആഗ്രഹിക്കുന്നവർക്ക് നിശ്ചയദാർഢ്യം, സേവനതൽപരത, ചങ്കൂറ്റം, തന്ത്രജ്ഞത, നേതൃശേഷി തുടങ്ങിയ യോഗ്യതകൾ വേണം. സൈന്യത്തിലേക്കുള്ള എൻട്രി സ്കീമുകളും പലതുണ്ട്. പ്ലസ്ടു കഴിഞ്ഞ് നാഷനൽ ഡിഫൻസ് അക്കാദമി, നേവൽ അക്കാദമി പരീക്ഷ എഴുതിയോ അല്ലെങ്കിൽ ടെക്നിക്കൽ എൻട്രി സ്കീം വഴിയോ സൈന്യത്തിൽ ചേരാം.അതല്ലെങ്കിൽ ബിരുദം എടുത്ത ശേഷവും അവസരമുണ്ട്.
പക്ഷേ എല്ലാറ്റിലും ഒരു പ്രധാന വെല്ലുവിളിയുണ്ട്– എസ്എസ്ബി (സർവീസസ് സിലക്ഷൻ ബോർഡ്) ഇന്റർവ്യൂ. സാധാരണ ഇന്റർവ്യൂ അല്ല, അഞ്ചു ദിവസം നീളുന്ന മികവുപരിശോധന. അതുകൊണ്ടു തന്നെ തയാറെടുപ്പിന്റെ രീതികളും വ്യത്യസ്തം. എസ്എസ്ബി ഇന്റർവ്യൂ എങ്ങനെയായിരിക്കുമെന്നുള്ളതിനെക്കുറിച്ച് ധാരണ പുലർത്തുന്നത് നല്ലതാണ്. ഈ ഇന്റർവ്യൂവിന്റെ 5 ദിനങ്ങൾ എങ്ങനെയാകുമെന്ന് നോക്കാം.
∙ആദ്യ ദിനം: റിപ്പോർട്ടിങ് ഡേ
ടെസ്റ്റിങ് സെന്ററിൽ രേഖപരിശോധനയ്ക്കു ശേഷം പ്രധാന ടെസ്റ്റിങ് ഓഫിസറുടെ അഭിസംബോധന. തിരഞ്ഞെടുപ്പു രീതിയെക്കുറിച്ച് ഏകദേശധാരണ ഇവിടെ കിട്ടും.
പരീക്ഷാകേന്ദ്രത്തിൽ പുലർത്തേണ്ട മര്യാദകൾ
1. രാവിലെ എഴുന്നേൽക്കുക.
2. പല സംസ്ഥാനക്കാരുണ്ടാകും. എല്ലാവരുമായും നല്ല ബന്ധംരൂപപ്പെടുത്തുക.
3. വസ്ത്രധാരണം പ്രധാനം. ഫോർമൽ വസ്ത്രങ്ങളും ഗ്രൂപ്പ് ടാസ്കിനുള്ള വസ്ത്രങ്ങളും വേണം.
4. മെസ്ഹാളിലും മറ്റും തികഞ്ഞ മാന്യത സൂക്ഷിക്കുക. അച്ചടക്കം പ്രധാനം.
5. കിടക്കയും ഷെൽഫും മറ്റും വൃത്തിയായി സൂക്ഷിക്കുക. വാരിവലിച്ചിട്ട് നോട്ടപ്പുള്ളിയാകരുത്.
∙രണ്ടാം ദിനം
രാവിലെ ഏഴു മുതൽ സ്ക്രീനിങ് ടെസ്റ്റുകൾ. വിശകലനശേഷി, യുക്തിഭദ്രത, ഭാഷാജ്ഞാനം എന്നിവ അളക്കാൻ അരമണിക്കൂർ വീതമുള്ള രണ്ടു പരീക്ഷ. സീരിസ് പൂരിപ്പിക്കുക, അനാവശ്യ വാക്കുകൾ ഒഴിവാക്കുക, തന്നിരിക്കുന്ന വാക്കുകൾ കൊണ്ട് വാക്യം പൂരിപ്പിക്കുക തുടങ്ങിയ തരം ചോദ്യങ്ങൾ.
പിക്ചർ പെർസെപ്ഷൻ ആൻഡ് ഡിസ്ക്രിപ്ഷൻ ടെസ്റ്റ് (പിപിഡിറ്റി)–ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം 30 സെക്കൻഡ് സ്ക്രീനിൽ കാണിക്കും. മൂന്നു മിനിറ്റ് കൊണ്ട് ഇതു പശ്ചാത്തലമായി കഥയെഴുതണം. ടെസ്റ്റിങ് ഉദ്യോഗസ്ഥരുടെയും ഗ്രൂപ്പംഗങ്ങളുടെയും മുന്നിൽ ഈ കഥ പറയേണ്ടിയും വരാം. ഉദ്യോഗാർഥികളിൽ നല്ലൊരു പങ്കും ഈ ഘട്ടത്തിൽ ഒഴിവാക്കപ്പെടും. വിജയികൾ അടുത്ത റൗണ്ടിലേക്ക്.
∙മൂന്നാം ദിനം
സൈനിക ഉദ്യോഗസ്ഥനാകാൻ തക്ക മനക്കരുത്തുണ്ടോ എന്നാണ് ഈ ദിനത്തിൽ പരിശോധന.
1. തീമാറ്റിക് അസോസിയേഷൻ ടെസ്റ്റ്:
പത്തു സ്ലൈഡുകൾ. ഓരോ സ്ലൈഡിലുമുള്ള ചിത്രം 30 സെക്കൻഡ് വീതം കാണിക്കും. അതേക്കുറിച്ചു കഥയെഴുതാൻ നാലു മിനിറ്റ്. ഇങ്ങനെ 10 സ്ലൈഡിന്റെയും കഥയെഴുതണം.
2. വേഡ് അസോസിയേഷൻ ടെസ്റ്റ്:
ചിത്രങ്ങൾക്കു പകരം വാക്കുകൾ. ഓരോ വാക്കും 15 സെക്കൻഡ് കാണിക്കും. ഈ വാക്കിനെക്കുറിച്ച് 15 സെക്കൻഡിൽ ഒരു വാക്യം എഴുതണം. ഇങ്ങനെ 60 വാക്കുകളെക്കുറിച്ച് 60 വാക്യങ്ങൾ.
3. സിറ്റ്വേഷൻ റിയാക്ഷൻ ടെസ്റ്റ്
ഒരു ബുക്ക്‌ലെറ്റിൽ 60 സന്ദർഭങ്ങൾ. അവയോട് എങ്ങനെ പ്രതികരിക്കുന്നു ? ഉദാ... പഠിക്കാനിരുന്നപ്പോൾ കൂട്ടുകാരൻ ശല്യം ചെയ്തു. എന്തു ചെയ്യും?ഈ പരീക്ഷയ്ക്ക് മൊത്തം 30 മിനിറ്റ്.
4. സെൽഫ് ഡിസ്ക്രിപ്ഷൻ ടെസ്റ്റ്
സ്വയം വിലയിരുത്തൽ, നമ്മെക്കുറിച്ച് അധ്യാപകരുടെയും രക്ഷിതാക്കളുടെയും അഭിപ്രായം, അഭിരുചികൾ, ഭാവി ലക്ഷ്യങ്ങൾ എന്നിവ എഴുതാം. നിസ്സാരമെന്നു തോന്നാമെങ്കിലും വളരെ പ്രധാനം. സത്യം മാത്രം എഴുതുക.
∙മൂന്ന്, നാല് ദിനങ്ങൾ
പഴ്സനൽ ഇന്റർവ്യൂ–ഏറ്റവും പ്രധാന ഘട്ടം. ഇതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
1. മാനസിക സമ്മർദം വേണ്ട. ഇന്റർവ്യൂവിനു മുൻപായി ബയോഡേറ്റ തയാറാക്കി നൽകണം. അതിലെഴുതുന്ന അഭിരുചികളെക്കുറിച്ചും ഹോബികളെക്കുറിച്ചും ചോദ്യങ്ങളുണ്ടാകും. അതിനാൽ സത്യം മാത്രം എഴുതുക.
2. സമീപകാല സംഭവങ്ങളിൽ ധാരണ വേണം.
3. ഫോർമൽ വേഷമാകണം. കടുംനിറ വസ്ത്രങ്ങൾ, ലോക്കറ്റ്, ആംബാൻഡ് തുടങ്ങിയവ വേണ്ട.
∙നാല്, അഞ്ച് ദിനങ്ങൾ
ഗ്രൂപ്പ് പ്രവർത്തനങ്ങൾ
1. ഗ്രൂപ്പ് ഡിസ്കഷൻ: മറ്റുള്ളവർക്ക് അവസരം കൊടുക്കാതെ കണ്ഠക്ഷോഭം നടത്തരുത്. മറ്റുള്ളവർ പറയുന്നതു ശ്രദ്ധയോടെ കേൾക്കുക, കാമ്പുള്ള കാര്യങ്ങൾ അവതരിപ്പിക്കുകയും ചെയ്യുക. ചർച്ചയിൽ സജീവമാകുക പ്രധാനം.
2. മിലിട്ടറി പ്ലാനിങ് എക്സർസൈസ്: ഒരു സന്ദർഭം തരും. ഉദാഹരണത്തിന് ഒരു കെട്ടിടത്തിൽ ഭീകരർ ഒളിച്ചിരിക്കുന്നു. തൊട്ടടുത്ത് സ്കൂൾ, ഇപ്പുറത്ത് ആശുപത്രി... ഭീകരരെ എങ്ങനെ പിടിക്കാമെന്നു ഗ്രൂപ്പിൽ ചർച്ച ചെയ്യണം. അന്തിമ പദ്ധതി ഒരാൾ ടെസ്റ്റിങ് ഓഫിസറോടു പറയണം.
3. ഗ്രൂപ്പ് ടാസ്ക്: ബുദ്ധിശക്തി, മനഃസാന്നിധ്യം, ടീം സ്പിരിറ്റ് എന്നിവ പരിശോധിക്കും. പ്രോഗ്രസീവ് ഗ്രൂപ്പ് ടാസ്ക്, ഹാഫ് ഗ്രൂപ്പ് ടാസ്ക്, ഫൈനൽ ഗ്രൂപ്പ് ടാസ്ക് എന്നിങ്ങനെ മൂന്നു തരമുണ്ട്. നിശ്ചിത ദൂരം താണ്ടുകയാണ് ഗ്രൂപ്പ് ടാസ്കിലെ പ്രധാന ദൗത്യം. ഇടയ്ക്കു മൈനുകൾ കുഴിച്ചിട്ടിരിക്കുകയാണെന്നാണു സങ്കൽപം. ഇവിടങ്ങളിൽ ചവിട്ടാതെ ബുദ്ധിപൂർവമായ ഫോർമേഷനുകളിലൂടെ ലക്ഷ്യത്തിലെത്തണം.
4. ലക്ച്വററ്റ്: മൂന്നു വിഷയങ്ങൾ തരും. അതിലൊന്ന് തിരഞ്ഞെടുത്ത് ചുരുങ്ങിയ സമയത്തിനകം തയാറെടുത്ത് ഗ്രൂപ്പംഗങ്ങളുടെയും ടെസ്റ്റിങ് ഓഫിസറുടെയും മുൻപിൽ അവതരിപ്പിക്കണം.
5. കമാൻഡ് ടാസ്ക്: ഗ്രൂപ്പ് ടാസ്ക് തന്നെ; നിങ്ങൾക്കു കമാൻഡറുടെ റോൾ. ഗ്രൂപ്പ് അംഗങ്ങളിൽ രണ്ടു പേരെ സൈനികരായി വിളിക്കാം. പ്രതിബന്ധം പരിഹരിച്ച് അവരെ ലക്ഷ്യത്തിലെത്തിക്കുക.
6. ഇൻഡിവിജ്വൽ ഒബ്സ്റ്റക്കിൾസ് റേസ്: 10 പ്രതിബന്ധങ്ങൾ ഒറ്റയ്ക്കു നേരിടണം. നിശ്ചിത സമയത്തിനകം എല്ലാം കടന്നാൽ 56 പോയിന്റ്.
7. സ്നേക് റേസ്: പരുക്കേറ്റ പട്ടാളക്കാരനെ തോളിലേന്തിക്കൊണ്ട് യുദ്ധഭൂമിയിലൂടെ പോകുക എന്ന സങ്കൽപം. പഞ്ഞികൊണ്ട് നിർമിച്ച ‘സ്നേക്’ തോളിലേന്തി പ്രതിബന്ധങ്ങൾ താണ്ടണം.
∙അവസാനദിനം: കോൺഫറൻസ്
ഉന്നത സൈനിക ഉദ്യോഗസ്ഥർ ഒരു കോൺഫറൻസ് റൂമിലിരിക്കും. ഓരോരുത്തരെയും സംബന്ധിച്ച അവസാനവട്ട ചർച്ചയാണവിടെ. ചോദ്യങ്ങൾക്ക് പ്രസരിപ്പോടെ ഉത്തരം നൽകുക. ഒന്നോ രണ്ടോ മിനിറ്റ് മാത്രം നീളുന്ന ഘട്ടം.ഇത്ര പേരെ തിരഞ്ഞെടുക്കണമെന്ന് നിർബന്ധമില്ല. ഒരാളെപ്പോലും എടുത്തില്ലെന്നു വരാം. ഈ ഘട്ടത്തിൽ വിജയിച്ചാൽ മെഡിക്കൽ ടെസ്റ്റ്. അതും വിജയിച്ചാൽ സൈനിക അക്കാദമി പരിശീലനം. ഒടുവിൽ സൈനിക യൂണിഫോമിലേക്ക്.
Content Summary : What is SSB Interview, Detailed Explanation