ഇഷ്ടജോലി കണ്ടെത്താം കൗമാരത്തിൽത്തന്നെ; അഭിരുചി കണ്ടെത്താൻ 11 വഴികൾ
Mail This Article
പഠനം പൂർത്തിയാക്കിയതിനു ശേഷം മാത്രം കരിയർ തിരഞ്ഞെടുക്കുന്നവരാണ് ഭൂരിപക്ഷം പേരും. എന്നാൽ കരിയർ പ്ലാൻ കൗമാരത്തിൽ തന്നെ തുടങ്ങുന്നതാണ് ഏറ്റവും ഉചിതം. ആലോചിക്കാനും ഗവേഷണം നടത്താനും വ്യത്യസ്ത സാധ്യതകൾ പരിശോധിക്കാനുമെല്ലാം കൂടുതൽ സമയം ലഭിക്കുമെന്നതാണ് ഇതിന്റെ മെച്ചം. ഇഷ്ട മേഖലകൾ കണ്ടെത്തിയാൽ നിലവിൽ ജോലി ചെയ്യുന്നവരുമായി നേരിട്ടു സംസാരിക്കാൻ അവസരം ലഭിക്കും. ഇതിലൂടെ ജോലിയുടെ യഥാർഥ സ്വഭാവം മനസ്സിലാക്കാനും കഴിയും. പരിശീലനത്തിനുള്ള സൗകര്യമുണ്ടെങ്കിൽ അതും ഉപയോഗപ്പെടുത്താമെന്നതാണ് മറ്റൊരു നേട്ടം. ഇതിലൂടെ ആധികാരിക വിവരത്തിന്റെ അടിസ്ഥാനത്തിൽ ജോലി തേടാം. മക്കൾക്കു വേണ്ടി ജോലി തേടുന്ന അച്ഛനമ്മമാരുമുണ്ട്. മക്കൾ കൗമാരപ്രായത്തിലുള്ളപ്പോൾ തന്നെ കരിയർ പ്ലാനിങ്ങ് തുടങ്ങുന്നതാണ് മികച്ച പദ്ധതി.
Read Also : വല്ലതും കഴിച്ചോയെന്ന് എപ്പോഴെങ്കിലും അന്വേഷിച്ചിട്ടുണ്ടോ?
തുടങ്ങാൻ അഭിരുചി പരീക്ഷ
ഓരോ വ്യക്തികളുടെയും താൽപര്യങ്ങൾ വിഭിന്നങ്ങളാണ്. വിദ്യാർഥികളും ഇങ്ങനെതന്നെയാണ്. ചിലർക്ക് സയൻസ്, മാത്‌സ് വിഷയങ്ങളോടായിരിക്കും താൽപര്യം കൂടുതൽ. എന്നാൽ മറ്റു ചിലർക്ക് വായന, ഭാഷാ പഠനം എന്നിവയിലായിരിക്കും താൽപര്യം. ഓരോരുത്തരുടെയും യഥാർഥ താൽപര്യവും കഴിവും കണ്ടെത്താൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് അഥവാ അഭിരുചി പരീക്ഷ നടത്തുന്നതാണ് മികച്ച മാർഗം. കരിയർ ടെസ്റ്റ് എന്ന പേരിലും ഇത് അറിയപ്പെടുന്നു. എന്നാൽ അഭിരുചി പരീക്ഷ അന്തിമ മാർഗമല്ല. ഒരു പ്രത്യേക വിഷയത്തിൽ താൽപര്യമുണ്ടെന്നു കരുതി ആ വിഷയം തന്നെ പഠിച്ച് ആ മേഖലയിൽ തന്നെ ജോലി ചെയ്യണമെന്നില്ല. അതുപോലെ, അഭിരുചി പരീക്ഷയുടെ ഫലം ഒരു വിഷയത്തിൽ താൽപര്യം കാണിച്ചാൽ തന്നെയും അത് അവഗണിച്ചു മുന്നോട്ടുപോകണം എന്നുമില്ല. എന്നാൽ കൃത്യമായ വഴി കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുന്നവർക്ക് വഴികാട്ടിയാണ് അഭിരുചി പരീക്ഷ എന്നതിൽ തർക്കമില്ല.
പഴ്സനാലിറ്റി ടെസ്റ്റ്
ചിലർ നയിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. മറ്റു ചിലർ നയിക്കപ്പെടാനായിരിക്കും താൽപര്യപ്പെടുക. ഇതിൽ ഏതു വിഭാഗത്തിലാണ് ഉൾപ്പെട്ടിരിക്കുന്നതെന്നു മനസ്സിലാക്കാൻ ഏറ്റവും നല്ല മാർഗം പഴ്സനാലിറ്റി ടെസ്റ്റാണ്. ഗ്രൂപ്പിനൊപ്പം ജോലി ചെയ്യാൻ താൽപര്യപ്പെടുന്ന വ്യക്തിയാണോ, ഓഫിസ് അന്തരീക്ഷമാണോ ഫീൽഡ് വർക്കാണോ ചേരുന്നത് എന്നിവയൊക്കെ മനസ്സിലാക്കാനും പഴ്സനാലിറ്റി ടെസ്റ്റ് സഹായിക്കും. സ്കൂളിൽ ഗൈഡൻസ് കൗൺസലർ ഉണ്ടെങ്കിൽ അവരുടെ സഹായത്തോടെ പഴ്സനാലിറ്റി ടെസ്റ്റിനു വിധേയനാകാം. ഇതിലൂടെ, കുട്ടിക്കാലത്തു തന്നെ കരിയർ തിരഞ്ഞെടുക്കാനും അഭിരുചികളും വ്യക്തിത്വ സവിശേഷതകളും മനസ്സിലാക്കാനും കഴിയും.
താൽപര്യമുള്ള ജോലി മേഖലകൾ കണ്ടെത്തുക
താൽപര്യമുള്ള ജോലി മേഖലകൾ കണ്ടെത്തി ലിസ്റ്റ് ഉണ്ടാക്കുന്നത് നല്ലതാണ്. എല്ലാ ജോലിയെക്കുറിച്ചും വ്യക്തമായ വിവരമോ അറിവോ വേണമെന്നില്ല. പ്രാഥമിക ധാരണ അനുസരിച്ചുതന്നെ ലിസ്റ്റ് ഉണ്ടാക്കാവുന്നതാണ്. എവിടെയാണ് ജോലി ചെയ്യുന്നത്, സാമ്പത്തിക സ്ഥിതി എന്നിവയൊക്കെ പരിഗണിക്കണമെന്നു മാത്രം. റസ്റ്ററന്റ് തുടങ്ങാനാണ് ആഗ്രഹിക്കുന്നതെങ്കിൽ അതിനുള്ള സാമ്പത്തിക സ്ഥിതിയുണ്ടായിരിക്കണം. ജീവനക്കാരനാകാണ് ആഗ്രഹിക്കുന്നതെങ്കിൽ അതിനുള്ള കോഴ്സ് പഠിച്ചാൽ മാത്രം മതിയാകും.
ഗവേഷണം
താൽപര്യമുള്ള ജോലി മേഖലകൾ കണ്ടെത്തിയാൽ അവയെക്കുറിച്ച് ഗവേഷണം നടത്തുക എന്നതാണ് അടുത്ത ഘട്ടം. യുഎസ് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിറ്റിക്സ് ഉൾപ്പെടെയുള്ള സൈറ്റുകൾ വിപുലമായ അറിവ് പകരുന്നവയാണ്. ഓരോ ജോലിയും കരിയറാക്കിയാൽ എത്ര രൂപ വരെ ശമ്പളം ലഭിക്കും എന്നതുൾപ്പെടെയുള്ള വിവരങ്ങളും ലഭിക്കും.
ഇൻഫർമേഷനൽ ഇന്റർവ്യൂ
കോഴ്സിനോ ജോലിക്കു വേണ്ടിയുള്ള അഭിമുഖങ്ങളല്ല ഇത്. ഒരു പ്രത്യേക ജോലി ചെയ്യുന്ന വ്യക്തിയെ സമീപിച്ച് ആധികാരികമായ വിവരങ്ങൾ സമ്പാദിക്കുന്നതാണ്. എങ്ങനെയാണ് ജോലി ലഭിച്ചത്. ജോലി സ്വഭാവം എങ്ങനെയുണ്ട്, മറ്റാർക്കെങ്കിലും ജോലി ശുപാർശ ചെയ്യാൻ തയാറാണോ തുടങ്ങിയ വിവരങ്ങളാണ് അറിയാൻ ശ്രമിക്കേണ്ടത്.
ജോബ് ഷാഡോയിങ്
പ്രത്യേക തരം കരിയറിനെക്കുറിച്ച് അറിയാൻ ജോലി സ്ഥലം നേരിട്ടു സന്ദർശിക്കുക. എങ്ങനെയാണ് ഓരോരുത്തരും ജോലി ചെയ്യുന്നത്, എന്തൊക്കെ വെല്ലുവിളികളും പ്രതിസന്ധികളും ഏറ്റെടുക്കേണ്ടിവരുന്നുണ്ട്, എത്ര സമയമാണ് ജോലി ചെയ്യുന്നത്, കുടുംബത്തിനു വേണ്ടി എന്തുമാത്രം സമയം മാറ്റിവയ്ക്കാൻ ലഭിക്കുന്നുണ്ട് തുടങ്ങിയ വിവരങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്.
ഇൻഡസ്ട്രി പ്രൊജക്‌ഷൻസ്
താൽപര്യമുള്ള മേഖലയുടെ ഭാവിയിലെ വളർച്ചാ സാധ്യത തീർച്ചയായും പരിഗണിക്കണം. ഇതിനുവേണ്ടി ഔദ്യോഗിക വെബ്സൈറ്റുകൾക്കു പുറമേ, ലഭ്യമായ സ്വതന്ത്ര ഏജൻസികളുടെ രേഖകളും പരിശോധിക്കണം. ഒട്ടേറെ സ്വകാര്യ സൈറ്റുകളിൽ നിന്ന് വിവരം ലഭിക്കാറുണ്ട്. സാങ്കേതിക വിദ്യയുടെ വളർച്ചയോടെ വികസിക്കുന്ന മേഖലകളും ശോഷിക്കുന്നവയുമുണ്ട്. ഇവ കണ്ടെത്തുക എന്നതാണ് പ്രധാനം.
ജോലി സാധ്യതകൾ കണ്ടെത്തുക
വളർച്ചാ സാധ്യത കണ്ടെത്തിയാൽ ജോലി സാധ്യതകളും കണ്ടെത്തണം. വലിയ സ്ഥാപനങ്ങളിൽ നേരിട്ടു ചെന്ന് ജോലി ചെയ്യാനുള്ള അവസരം തുടക്കത്തിൽ ലഭിക്കണമെന്നില്ല. എന്നാൽ ചെറിയ സംരംഭങ്ങളിൽ പങ്കാളിയാകുകയും അതുവഴി നേരിട്ടു ജോലി ചെയ്യുന്ന അനുഭവ പരിചയം സ്വന്തമാക്കുകയും ചെയ്യാം. ജോലി ലഭിച്ചാൽ ഏതു രീതിയിലുള്ള ജീവിതമാണ് നയിക്കേണ്ടിവരിക എന്നു മനസ്സിലാക്കാനും ഇതു നല്ലതാണ്.
ക്ലാസ്സുകൾ തിരഞ്ഞെടുക്കുക
ഹൈസ്കൂൾ ക്ലാസ്സുകളിൽ പഠിക്കുമ്പോൾ തന്നെ ഭാവിയിൽ ജോലി ചെയ്യാനിരിക്കുന്ന മേഖല കണ്ടെത്തി ആ വിഷയത്തിലുള്ള കൂടുതൽ ക്ലാസ്സുകളുടെ ഭാഗമാവുന്നതും നല്ലതാണ്. ആരോഗ്യ മേഖലയാണ് ഇഷ്ടമെങ്കിൽ സയൻസ് വിഷയങ്ങൾ കൂടുതൽ ശ്രദ്ധിക്കണം. ഐടി രംഗത്ത് ജോലി ചെയ്യാനാണ് ആഗ്രഹിക്കുന്നതെങ്കിൽ അക്കൗണ്ടൻസി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്. മാനേജർ ലെവലിൽ ജോലി ചെയ്യാൻ താൽപര്യമുണ്ടെങ്കിൽ സൈക്കോളജി വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം.
ശ്രദ്ധിക്കാനുണ്ട് കോളജ് കോഴ്സുകളും
ഏതു കോളജിൽ ഏതു കോഴ്സിനു ചേരുന്നു എന്നത് കരിയറിൽ വളരെ പ്രധാനപ്പെട്ടതാണ്. എല്ലാ കോളജിലും എല്ലാ കോഴ്സുകളിലും പഠനാവസരം ഉണ്ടായിരിക്കില്ല. ഇഷ്ടപ്പെട്ട വിഷയം നന്നായി പഠിപ്പിക്കുകയും പരിശീലനം ലഭ്യമാക്കുകയും ചെയ്യുന്ന കോളജ് കണ്ടെത്തുകയാണ് പ്രധാനം. അതിൽ വിജയിച്ചാൽ ശ്രമം പകുതി വിജയിച്ചു എന്നുതന്നെ കണക്കാക്കാം. എല്ലാ ജോലിക്കും ബിരുദാനന്തര ബിരുദം ഉൾപ്പെടെ വേണമെന്നില്ല. ചില കോഴ്സുകൾക്ക് ഡിഗ്രി മതിയാകും. പ്ലസ് ടു വരെയുള്ള പഠനം കൊണ്ടുപോലും തുടർ പഠനവും ജോലിയും ചില കമ്പനികൾ ലഭ്യമാക്കുന്നുണ്ട്.
പരിഗണിക്കണം സാമ്പത്തികവശവും
കോളജ്, കോഴ്സ് എന്നിവ തീരുമാനിക്കുന്നതിനൊപ്പം കോഴ്സിനു വേണ്ടി എത്ര തുക ചെലവഴിക്കാനാവും എന്നു കണ്ടെത്തണം. ഓരോരുത്തർക്കും ചെലവഴിക്കാവുന്ന തുകയ്ക്ക് പരിധിയും പരിമിതിയുമുണ്ടെന്നതിനാൽ സാമ്പത്തിക ഭദ്രത പരിഗണിച്ചുവേണം കോഴ്സ് തിരഞ്ഞെടുക്കാൻ. സംരംഭം തുടങ്ങാനാണ് ആഗ്രഹിക്കുന്നതെങ്കിൽ നേരേ അതിനു ശ്രമിക്കുന്നതിനു പകരംബന്ധപ്പെട്ട മേഖലയിൽ കുറച്ചു വർഷം ജോലി ചെയ്ത് അനുഭവ പരിചയം നേടുന്നതാകും നല്ലത്. ഇത് നഷ്ട സാധ്യത കുറയ്ക്കും. എങ്ങനെയാണ് സ്ഥാപനങ്ങൾ നടത്തുന്നതെന്ന് കണ്ടെത്തണം. സാധ്യതകളും വെല്ലുവിളികളും പരിഗണിക്കണം. ഇവയുടെയൊക്കെ അടിസ്ഥാനത്തിൽ വേണം കരിയർ തിരഞ്ഞെടുക്കാൻ.
Content Summary : 11 Ways to Choosing a career for young teenagers