ADVERTISEMENT

ഇന്റർവ്യൂ എന്നു കേൾക്കുമ്പോൾ ചെറുതായെങ്കിലും ഉത്കണ്ഠ തോന്നാത്തവർ ഉണ്ടാവില്ല.‘‘എന്റെ ആദ്യത്തെ അഭിമുഖത്തിന് തയാറെടുക്കുമ്പോൾ എത്രമാത്രം ഭയപ്പെട്ടിരുന്നു എന്ന് ഇപ്പോഴും ഓർക്കുന്നു. ടെൻഷനടിച്ച് ആശങ്കയിൽ ദിവസങ്ങളോളം ഞാൻ ഇരുന്നു. വരാൻ പോകുന്ന അഭിമുഖത്തെപ്പറ്റി ദുഃസ്വപ്നങ്ങൾ പോലും കണ്ടു. പക്ഷേ അതിനു വലിയ പ്രാധാന്യം കൊടുക്കണ്ട എന്നു തീരുമാനിച്ചതിനു ശേഷം ഞാൻ നടത്തിയ അടിസ്ഥാന പരിശീലനവും ഒരുക്കവും എന്നെ ഇന്റർവ്യൂ നേരിടുന്നതിലും വിജയിക്കുന്നതിലും സഹായിച്ചു. പങ്കെടുക്കുന്ന എല്ലാ ഇന്റർവ്യൂവിലും നമ്മൾ വിജയിക്കണമെന്നില്ല. പക്ഷേ ഓരോ ഇന്റർവ്യൂവും ഓരോ എക്സ്പീരിയൻസ് ആണ്. അത് അടുത്ത ഇന്റർവ്യൂവിൽ അതിലും നല്ല പ്രകടനം കാഴ്ചവയ്ക്കാനുള്ള അറിവും ഊർജവും നൽകും. അതുകൊണ്ട് ഉൽക്കണ്ഠ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. അതിനോടൊപ്പം ഇന്റർവ്യൂ റൂമിൽ നടക്കുന്നതിനേക്കാളും ആ ഇന്റർവ്യൂവിന് വേണ്ടി നാം എടുക്കുന്ന തയാറെടുപ്പുകളാണ് നമ്മളെ വിജയത്തിലേക്ക് നയിക്കുന്നത് എനിക്ക് മനസ്സിലായി’’.– സീനിയർ കസ്റ്റമർ റിലേഷൻഷിപ്പ് മാനേജരായ പരാഗ് രാമചന്ദ്രൻ പറയുന്നു.

Read Also : എസ്എപി പ്രഫഷൻ : അഭൂതപൂർവമായ കരിയർ വളർച്ച, ഒപ്പം

പരാഗ് പറഞ്ഞതുപോലെ, തയാറെടുപ്പ് നടത്തി അടിസ്ഥാന കാര്യങ്ങൾ ശ്രദ്ധിച്ചു പോകുകയാണെങ്കിൽ ഉത്കണ്ഠയെ നിയന്ത്രിച്ച് ഇന്റർവ്യൂവിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാം. ആശങ്ക കുറച്ച് അഭിമുഖത്തിൽ നല്ല പ്രകടനം കാഴ്ചവയ്ക്കാൻ ഒരു ഇന്റർവ്യൂ റൂമിലേക്ക് കയറുന്നതിന് മുൻപു മുതൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട് :- 

Representative Image. Photo Credit : antoniodiaz/Shutterstock
Representative Image. Photo Credit : antoniodiaz/Shutterstock

 

 1) നിങ്ങളുടെ ദീർഘകാല ലക്ഷ്യം എന്തെന്ന് മനസ്സിൽ ഉറപ്പിക്കുക. ഇന്റർവ്യൂ കഴിഞ്ഞ് ലഭിക്കാൻ സാധ്യതയുള്ള ജോലിയുമായി ആ ലക്ഷ്യം പൊരുത്തപ്പെടും എന്ന് ഉറപ്പിക്കുക.

 

2) ജോലി വിവരണം (Job Description) - ലഭിക്കാൻ പോകുന്ന ജോലിയുടെ ഉത്തരവാദിത്തങ്ങൾ, ആവശ്യമായ കഴിവുകൾ, യോഗ്യതകൾ എന്നിവ മനസ്സിലാക്കി ജോബ് ഡിസ്ക്രിപ്ഷൻ നന്നായി അവലോകനം ചെയ്യുക. നിങ്ങളുടെ പഠനകാലത്തോ മുൻകാല അനുഭവങ്ങളിലോ ഈ ജോലി ആവശ്യകതകളുമായി പൊരുത്തപ്പെടുന്ന അനുഭവങ്ങൾ ഉണ്ടെങ്കിൽ അത് എഴുതിത്തയാറാക്കി ഉദാഹരണങ്ങൾ സഹിതം പറയാനായി തയാറെടുക്കുക.

interview-001
Representative image. Photo Credit : Jovanmandic/iStock

 

3) സ്ഥാപനത്തെക്കുറിച്ച് അന്വേഷിക്കുക: സ്ഥാപനത്തിന്റെ പശ്ചാത്തലം, ദൗത്യം, മൂല്യങ്ങൾ, ഉൽപന്നങ്ങൾ, സേവനങ്ങൾ, നേട്ടങ്ങൾ, സമീപകാല പ്രവർത്തനം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കണം. അത് ഇന്റർവ്യൂ സമയത്ത് താൽപര്യത്തോടെ പറയാൻ തയാറെടുക്കണം.

Representative Image. Photo Credit : antoniodiaz/Shutterstock
Representative Image. Photo Credit : antoniodiaz/Shutterstock

 

4) ഇന്റർവ്യൂവിനു വിളിച്ച സ്ഥാപനത്തിൽ നിന്നുള്ള കോൾ ലെറ്റർ കളയാതെ സൂക്ഷിക്കുക.

Representative image. Photo Credit : BartekSzewczyk/iStock
Representative image. Photo Credit : BartekSzewczyk/iStock

 

5) സംസാരിച്ചു പഴകുക: നമുക്ക് ഇംഗ്ലിഷും പ്രാദേശിക ഭാഷയും അറിയാമെങ്കിലും അഭിമുഖസമയത്ത് അതുപയോഗിക്കാനുള്ള ഭയവും ആശങ്കയും ആണ് പലപ്പോഴും നമ്മുടെ പ്രകടനത്തെ നെഗറ്റീവ് ആയി ബാധിക്കുന്നത്. അതുകൊണ്ട് ഇന്റർവ്യൂവിൽ വരാൻ സാധ്യതയുള്ള ചോദ്യോത്തരങ്ങളും ശൈലികളും കണ്ണാടിയുടെ മുമ്പിൽ നിന്ന് സ്വയം പറഞ്ഞോ (Mirror Reflection) നമുക്ക് കംഫർട്ടും ആത്മവിശ്വാസവും തരുന്ന ആളുകളുടെ അടുത്ത് ചോദ്യോത്തര സംഭാഷണ രീതിയിലോ പ്രാക്ടീസ് ചെയ്ത് ഒരുങ്ങാം.

interview-tips
Representative image. Photo Credit : fizkes/iStock

 

6) നിങ്ങളുടെ റെസ്യുമെ, പഠന രേഖകളുടെ പകർപ്പുകൾ, തൊഴിലുടമ ആവശ്യപ്പെടുന്ന മറ്റു രേഖകൾ എന്നിവ കൈവശം വയ്ക്കുക. ഒരു വൃത്തിയുള്ള പ്രഫഷനൽ ഫോൾഡറിൽ ഏറ്റവും പുതിയ രേഖകൾ മുകളിൽ വരുന്ന രീതിയിൽവേണം വയ്ക്കേണ്ടത്.

 

7) പ്രഫഷനൽ ഡ്രസ്സിങ്: നിങ്ങൾക്ക് ആത്മവിശ്വാസം തരുന്ന, മറ്റുള്ളവർക്ക് മതിപ്പുളവാക്കുന്ന, വൃത്തിയുള്ള വേഷം ഉറപ്പുവരുത്തുക. ഫാഷൻ ട്രെൻഡുകളുടെയും കടും നിറങ്ങളുടെയും പുറകെ പോകാതെ ഔപചാരികമായ അല്ലെങ്കിൽ ബിസിനസ്/ കോർപറേറ്റ് സംസ്കാരത്തിന് ഉചിതമായ രീതിയിൽ വസ്ത്രം ധരിക്കുക. പ്രഫഷനൽ ഡ്രസ് കോഡ് പാലിക്കാൻ ശ്രമിക്കുക.

 

8) കൃത്യനിഷ്ഠ പാലിക്കുക: അഭിമുഖം ക്രമീകരിച്ചിരിക്കുന്ന സമയത്തിന് 30 മിനിറ്റ് മുൻപെങ്കിലും അഭിമുഖസ്ഥലത്ത് എത്തിച്ചേരുക. സമയ നിഷ്ഠ നിങ്ങളുടെ ആത്മവിശ്വാസവും ഉത്തരവാദിത്തവും പ്രകടമാകുന്നു.

 

 9) ഇന്റർവ്യൂ റൂമിനു വെളിയിൽ കാത്തിരിക്കുന്ന സമയത്ത് മറ്റ് ഉദ്യോഗാർഥികളുമായി ഒരുപാട് സംസാരിക്കുന്നത് ഫോക്കസ് നഷ്ടപ്പെടാനും മറ്റുള്ളവർ നമ്മെ ഓവർ പവർ ചെയ്യാനുമുള്ള അവസരം ഉണ്ടാക്കുന്നു. അതുകൊണ്ട് കാത്തിരിപ്പുസമയത്ത് മിതമായി മാത്രം ആശയവിനിമയം നടത്തുക.

 

10) ആകുലത: എപ്പോഴും എപ്പോഴും വാച്ച് നോക്കി സമയത്തെപ്പറ്റി ആകുലപ്പെടാതിരിക്കുക. ഇത് ഇന്റർവ്യൂ മുറിക്കു വെളിയിൽ ഇരിക്കുമ്പോൾ ആണെങ്കിൽ പോലും അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടാൽ ക്ഷമയില്ലാത്ത ആൾ എന്നൊരു പ്രതീതി ഉളവാക്കാനും നമുക്ക് ആവശ്യത്തിലധികം ടെൻഷൻ തരാനും സാധ്യതയുണ്ട്. ഈ സമയം ചുറ്റും നിരീക്ഷിച്ചാൽ അവിടെ എഴുതി വച്ചിരിക്കുന്ന സ്ഥാപനത്തിന്റെ മൂല്യങ്ങളും വിഷൻ, മിഷൻ, ലക്ഷ്യങ്ങൾ എന്നിവ ശ്രദ്ധിക്കാനും അത് നിങ്ങളുടെ ഉത്തരത്തിൽ ചേർക്കാനും സാധിക്കും.

 

11) നിങ്ങളുടെ പേര് വിളിക്കുന്ന സന്ദർഭത്തിൽ ഇന്റർവ്യൂ റൂമിലേക്ക് കയറുമ്പോൾ തിരക്കു പിടി്കാതെ ആത്മവിശ്വാസത്തോടെ സാവധാനം കയറുക. ഇന്റർവ്യൂ റൂമിന്റെ വാതിൽ അനുമതി വാങ്ങിയ ശേഷം തുറക്കുക. 

 

12) പുഞ്ചിരിയോടെ ഇന്റർവ്യൂവേഴ്‌സിനടുത്തേയ്ക്ക് : റൂമിനകത്ത് കയറിയ ശേഷം വാതിൽ സാവധാനം ചാരി എന്നുറപ്പുവരുത്തിയതിനുശേഷം ചെറു പുഞ്ചിരിയോടെ പോസിറ്റീവായി സീറ്റിലേക്ക് നടക്കുക. സാവധാനം ചെയ്യുന്നത് വഴി ആ സമയം ഒന്ന് ബ്രീത്ത്‌ ചെയ്ത് ആത്മവിശ്വാസത്തോടെ അസ്സെർട്ടീവ് ആയി ഇരുന്ന്‌ സംഭാഷണം തുടങ്ങാനുള്ള ഊർജ്ജം നൽകും.

 

ഇനി സ്ഥാപനത്തിന്റെ ആവശ്യവും നിങ്ങളുടെ ലക്ഷ്യങ്ങളും യോജിക്കുന്നുണ്ടോ എന്ന് വിലയിരുത്താനുള്ള അഭിമുഖത്തിന്റെ സമയമാണ്. പക്ഷേ നിങ്ങൾ ഇന്റർവ്യൂ റൂമിലേക്ക് നല്ലതുപോലെ ഒരുങ്ങി ആണ് കയറി വരുന്നതെങ്കിൽ പകുതി വിജയിച്ചു എന്ന് ഉറപ്പുവരുത്താം. ‘‘ചെറിയ ചെറിയ കാര്യങ്ങളിലൂടെയുള്ള ഒരുക്കങ്ങൾ വലിയ ഫലം നൽകും’’. അതുകൊണ്ട് മുകളിൽ പറഞ്ഞ കാര്യങ്ങൾ നിങ്ങളുടെ ഇന്റർവ്യൂ തയാറെടുപ്പു സമയത്ത് ചെയ്തു എന്ന് ഉറപ്പുവരുത്തുക. 

 

(ലേഖകൻ മാനവ ശേഷി വിദഗ്ധനും കോർപറേറ്റ് മെന്ററും കോക്സ് അക്കാദമി ആൻഡ് റിസർച്ച് സെന്റർ ഡയറക്ടറുമാണ്)

 

Content Summary : Mentor spark career snippets - Column - Dr. Ajith Sankar shares interview tips

 

ഇന്റർവ്യൂ റൂമിനകത്തുള്ള കാര്യങ്ങളെപ്പറ്റിയും ചോദ്യോത്തര രീതികളെപ്പറ്റിയുമുള്ള വിശദാംശങ്ങൾ അടുത്ത ഭാഗത്തിൽ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com