ADVERTISEMENT

വള്ളത്തിൽ നദി കുറുകെ കടന്നാണ് അയാൾ അടുത്ത ഗ്രാമത്തിൽ പാൽ വിറ്റിരുന്നത്. വഞ്ചിയിലെ യാത്രയ്ക്കിടയിൽ പാൽപാത്രത്തിൽ വെള്ളം കലർത്തും. അങ്ങനെ കുറഞ്ഞകാലംകൊണ്ട് അയാൾ ധനാഢ്യനായി. ഒരു ദിവസം മകന്റെ കല്യാണത്തിനുവേണ്ട സ്വർണവും വസ്ത്രങ്ങളുമായി അയാൾ വഞ്ചിയിൽ വീട്ടിലേക്കു വരികയാണ്. പക്ഷേ, അമിതഭാരം മൂലം വഞ്ചി മുങ്ങി. എല്ലാ വസ്തുക്കളും  നഷ്ടപ്പെട്ടു. സമ്പാദ്യം മുഴുവൻ വെള്ളത്തിലൊഴുകുന്നതു കണ്ട് അയാൾ വാവിട്ടു കരഞ്ഞു. അപ്പോൾ ഒരു ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങി: നിങ്ങളെന്തിനാണ് കരയുന്നത്? ഈ വെള്ളമുപയോഗിച്ചു സമ്പാദിച്ചവയെല്ലാം ആ വെള്ളം കൊണ്ടുപോയതാണ്. 

Read Also : പലതിനോടും പൊരുത്തപ്പെടാൻ ബുദ്ധിമുട്ടു തോന്നാറുണ്ടോ?

ഏതു പ്രവൃത്തിക്കും തുല്യവും വിപരീതവുമായ പ്രതിപ്രവർത്തനം ഉണ്ടാകുമെന്നത് ശാസ്ത്രവ്യാഖ്യാനം മാത്രമല്ല; കർമഫലത്തിനുള്ള വിശദീകരണം കൂടിയാണ്. എല്ലാവരുടെയും സ്വപ്നങ്ങളും വിജയസങ്കൽപങ്ങളും വ്യത്യസ്തമാണ്. പക്ഷേ, സഞ്ചരിക്കുന്ന വഴികളിൽ ചില പൊതുന്യായങ്ങൾ ഉണ്ടാകണം. അന്യന്റെ വഴികളെ മലിനമാക്കി യാത്ര ചെയ്യരുത്. കബളിപ്പിച്ചു പിന്നിലാക്കി മെഡൽ നേടരുത്. 

 

അമിതാഗ്രഹം മൂലം അനർഹമായതു സ്വന്തമാക്കരുത്. വേലയിലും കൂലിയിലും നേരിന്റെ അംശമുണ്ടാകണം. സ്വത്തു പണയംവച്ചാലും സത്യസന്ധത തൂക്കി വിൽക്കരുത്. അസാന്മാർഗികതയിലൂടെയുള്ള ആഡംബരത്തെക്കാൾ അഭിമാനത്തോടെയുള്ള അത്താഴപ്പട്ടിണി സ്വീകരിക്കണം. ലക്ഷ്യവും മാർഗവും ഒരുപോലെ ശുദ്ധമാകണം. 

എല്ലാ ജീവിതങ്ങളും മറ്റേതെങ്കിലുമൊക്കെ ജീവിതത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ആശ്രിതവഞ്ചന ആത്മവഞ്ചനയാണ്. 

 

ഒരാൾ മറ്റൊരാളെ ആശ്രയിക്കുന്നുണ്ടെങ്കിൽ അതിൽ പരസ്പര വിശ്വാസത്തിന്റെ വേരുകൾ എത്ര ശക്തമായി പടർന്നിട്ടുണ്ടാകും. വിശ്വാസവഞ്ചകരാകുന്ന എല്ലാവരും തങ്ങളെത്തന്നെ അവഹേളിക്കുകയാണ്. ഇടപാടുകളിൽ അവിശ്വസ്തത പുലർത്തുന്നവർക്കു സൗഹൃദവലയത്തിനുള്ളിൽ പ്രവേശിക്കാൻ യോഗ്യതയില്ല. ലാഭം മാത്രം നോക്കുന്നവരുടെ ജീവിതം ഓഡിറ്റ് ചെയ്താൽ അതിന്റെ ബാലൻസ് ഷീറ്റിൽ നഷ്ടങ്ങൾ മാത്രമേ കാണൂ. നേരുള്ള ബന്ധങ്ങളും സമ്പാദ്യങ്ങളും മാത്രമേ ഉപയോഗക്ഷമമാകൂ.

 

Content Summary : Karma return back to the people who hurt others 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com