ADVERTISEMENT

‘‘സ്കൂളിൽ ഒന്നും പഠിക്കാതെ ഉഴപ്പി നടന്നവനാ. ഇപ്പോൾ കണ്ടില്ലേ, പൂത്ത കാശ്, യാത്ര ചെയ്യാൻ വിലകൂടിയവണ്ടി, എന്നാ കുഴപ്പമാ’’. പഠിപ്പൊക്കെ കഴിഞ്ഞ് നല്ല നിലയിൽ കഴിയുന്ന സഹപാഠികളെക്കുറിച്ച് ഇങ്ങനെ കുശുമ്പു പറയാത്തവർ കുറവായിരിക്കും. ഡിഗ്രികൾ വാരിക്കൂട്ടിയിട്ടും നല്ല ജോലിയുണ്ടായിട്ടും കൈയിൽ നാലുകാശിന്റെ സമ്പാദ്യമില്ലാത്തതിന്റെ  ഫ്രസ്ട്രേഷനാണ് പലരെക്കൊണ്ടും ഇങ്ങനെ പറയിപ്പിക്കുന്നത്. എന്നാൽ അൽപ്പമൊന്നു ശ്രദ്ധിച്ചാൽ ജോലിയിൽ നിന്നുള്ള വരുമാനത്തിൽ നിന്നു തന്നെ കൃത്യമായി സമ്പാദിക്കാൻ സാധിക്കും.

Read Also : 50 ൽ 49 മാർക്ക് നേടിയ ഉത്തര പേപ്പറിൽ സ്വന്തം പേരെഴുതി മൂന്നാം ക്ലാസുകാരി; നേരറിഞ്ഞ് പൊട്ടിക്കരഞ്ഞ് അധ്യാപിക

ജോലിയിലെ വിജയവും സാമ്പത്തിക അച്ചടക്കവും തമ്മിൽ ബന്ധമുണ്ടെന്നും ആ കരുതലോടെ മുന്നോട്ടു പോയാൽ കൂട്ടുകാരുടെ ജീവിതം കണ്ട് അസൂയപ്പെടണ്ടെന്നും പറഞ്ഞുകൊണ്ട് കരിയർ വിദഗ്ധർ പങ്കുവയ്ക്കുന്ന ടിപ്സുകളിതാ :-  

 

സ്കൂൾ വിദ്യാഭ്യാസം മാത്രമുള്ള വ്യക്തിയേക്കാൾ 66 ശതമാനത്തിലധികം തുക സമ്പാദിക്കാൻ ബിരുദം നേടിയ ആൾക്കു കഴിയും. ബിരുദാനന്തര ബിരുദം നേടിയ വ്യക്തിക്ക് ഇതിലും കൂടുതലും സമ്പാദിക്കാനും കഴിയും. വിദ്യാഭ്യാസമില്ലാത്തവരും സാമ്പത്തിക നേട്ടമുണ്ടാക്കുന്നില്ലേ എന്ന ചോദ്യത്തിന് ഈ രംഗത്തെ വിദഗ്ധർ വലിയ വില കൽപിക്കുന്നില്ല. വിദ്യാഭ്യാസവും സാമ്പത്തിക നേട്ടവും തമ്മിൽ വ്യക്തമായ ബന്ധമുണ്ടെന്നതാണ് അംഗീകരിക്കപ്പെട്ട സത്യം. ബിരുദമുണ്ട് എന്നതുകൊണ്ടു മാത്രം ആർക്കും കരിയറിൽ സാമ്പത്തിക നേട്ടമുണ്ടാക്കാൻ കഴിയില്ല. എന്നാൽ, ബിരുദവും ബിരുദാനന്തര ബിരുദവും വ്യക്തികളെ മികച്ച ജോലിക്കു പ്രാപ്തരാക്കുന്നു. കരിയറിലെ ഉയർച്ചയിലൂടെ സാമ്പത്തിക നേട്ടവും കൈവരുന്നു. 

 

നേട്ടത്തിലേക്കു നീളുന്ന നിക്ഷേപം

 

എത്ര വലിയ തുക ശമ്പളമായി ലഭിച്ചാലും വ്യക്തമായ സാമ്പത്തിക ആസൂത്രണമില്ലെങ്കിൽ കരിയറിലും കുടുംബത്തിലും അസംതൃപ്തിയായിരിക്കും ഫലം. എത്ര രൂപ നേടുന്നു എന്നതിനേക്കാൾ പ്രധാനമാണ് എത്ര രൂപ ശരിയായ മാർഗങ്ങളിൽ നിക്ഷേപിക്കുന്നു എന്നത്. ഇന്നത്തെ കുറഞ്ഞ തുകയുടെ നിക്ഷേപം നാളത്തെ വലിയ തുകയായി സഹായിക്കും എന്നതു മറക്കരുത്. ജീവിതത്തിൽ സന്തോഷമില്ലെങ്കിൽ മികച്ച രീതിയിൽ‌ ജോലി ചെയ്യാനാവില്ല. ഇതു ക്രമേണയുള്ള സാമ്പത്തിക നഷ്ടത്തിനും കാരണമാകാം. 

 

ബിരുദം നേടാൻ ചെലവഴിക്കുന്ന തുകയേക്കാൾ എത്രയോ മടങ്ങ് കൂടുതൽ തുകയായിരിക്കും മികച്ച ജോലിയിലൂടെ കുറച്ചു വർഷങ്ങൾകൊണ്ട് നേടാനാകുന്നത്. വിദ്യാഭ്യാസ കാലത്ത് വലിയ തുകയെന്നു കരുതുന്നത് പത്തോ ഇരുപതോ വർഷം കഴിയുമ്പോൾ നിസ്സാരമായും മാറും. വിദ്യാർഥിയായിരിക്കുമ്പോൾ മികച്ച വിദ്യാഭ്യാസം നേടാനാണു ശ്രമിക്കേണ്ടത്. നേടുന്ന ഓരോ അധിക യോഗ്യതയും ഭാവി ജീവിതത്തിൽ മുതൽക്കൂട്ടായി മാറും. ജോലിയിൽ പ്രവേശിച്ച് അധികം കഴിയുന്നതിനു മുമ്പു തന്നെ വ്യക്തികൾ ഭാവിയെ പേടിയോടെ കാണുന്നു. 

 

കടക്കെണിയിലാകുമോ, കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകാൻ കഴിയുമോ, ആശുപത്രി ചെലവുകൾക്കു പണം മതിയാകാതെ വരുമോ തുടങ്ങിയ ചിന്തകൾ നിരന്തരം വേട്ടയാടാം. ഓരോ ദിവസത്തെയും ജീവിതച്ചെലവാണ് മറ്റൊരു വിഷമിപ്പിക്കുന്ന ചിന്ത. ചെലവ് എന്നും ഉയർന്നുകൊണ്ടിരിക്കും. അതനുസരിച്ച് വരുമാനം കൂടിയില്ലെങ്കിൽ കടക്കെണിയിലാകും. വിരമിച്ചതിനു ശേഷം എങ്ങനെ ജീവിക്കുമെന്നതും പലരെയും അലട്ടുന്ന പ്രശ്നമാണ്. ഇവയെല്ലാം പരിഭ്രാന്തി, നിരാശ, വിഷാദ രോഗം എന്നിവയിലേക്കുപോലും നയിക്കാം. ജോലിയിൽ പൂർണമായി ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെങ്കിൽ കരിയറിലെ ഉയർച്ചയും അകന്നുപോകും. 

 

കരിയറും സമ്പത്തും 

 

എല്ലാ ജോലിക്കും എല്ലാക്കാലത്തും ഒരേ ശമ്പളമല്ല ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ഏതു കരിയർ തിരഞ്ഞെടു ക്കുന്നു എന്നത് സാമ്പത്തിക നേട്ടത്തിൽ നിർണായക പങ്ക് വഹിക്കുന്നു. കഴിവിനനുസരിച്ചും താൽപര്യങ്ങളുമായി യോജിക്കുന്നതുമായ ജോലിയാണ് അഭികാമ്യം. ഇത്തരമൊരു ജോലിയിൽ മാത്രമേ സന്തോഷത്തോടെ മുഴുകാൻ സാധിക്കൂ. സാമ്പത്തിക നേട്ടത്തിലേക്കുള്ള വഴിയും ഇതുതന്നെ. 

Read Also : ക്ലാസിലിരുന്നുറങ്ങുന്ന കുട്ടിയെ വിളിച്ചത് ഉപദേശിക്കാൻ; അവൻ നൽകിയ മറുപടി കേട്ട് സ്തബ്ധയായി

ഓരോ മേഖലയിലെയും ജോലി സാധ്യതയും സാമ്പത്തിക നേട്ടവും മനസ്സിലായതിനുശേഷം മാത്രം കരിയർ തിരഞ്ഞെടുക്കുക എന്നതാണ് പ്രധാനം. വ്യക്തമായ ഗവേഷണം നടത്തി മാത്രം ജോലി സ്വീകരിക്കുക. സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ കഴിയുന്ന ജോലിയിലല്ല ചേരുന്നതെങ്കിൽ വേഗം നിരാശയ്ക്ക് കീഴ്പ്പെടാം. 

 

ഏതു വിഷയത്തിൽ ഉന്നത പഠനം നടത്തുന്നു എന്നതും ഏതു കരിയർ തിരഞ്ഞെടുക്കുന്നു എന്നതുമാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങൾ. ത്വരിത ഗതിയിലുള്ള വളർച്ചയാണ് ആഗ്രഹിക്കുന്നതെങ്കിൽ വികസനത്തിൽ മുന്നിലുള്ള വലിയ നഗരം തന്നെ ജോലിസ്ഥലമായി തിരഞ്ഞെടുക്കേണ്ടിവരും. ഏതു സ്ഥലത്ത് എന്നതും ചുറ്റുപാടും ഭാവി നിർണയിക്കുന്ന ഘടകങ്ങൾ തന്നെയാണ്. ഇത്തരം മുൻഗണനകൾ പരിഗണിച്ചും വ്യക്തമായ ആസൂത്രണത്തോടെയും കരിയർ തിരഞ്ഞെടുത്താൽ പിന്നീട് ദുഃഖിക്കേണ്ടിവരില്ല. 

 

സാമ്പത്തിക ആസൂത്രണത്തിലെ നിർണായക ഘടകം 

 

മികച്ച കരിയർ ആണു തിരഞ്ഞെടുക്കുന്നതെങ്കിൽ സാമ്പത്തിക ആസൂത്രണവും ബുദ്ധിമുട്ടില്ലാതെ നടത്താം. എന്നാൽ മികച്ച ജോലി ലഭിച്ചു എന്നതുകൊണ്ടുമാത്രം ഒരാൾക്കും വലിയ സമ്പത്തിന്റെ ഉടമയാകാൻ കഴിയണമെന്നില്ല. മികച്ച നിക്ഷേപത്തിലൂടെ മാത്രമേ സാമ്പത്തിക വളർച്ച ഉറപ്പാക്കാനാകൂ എന്നതിനാൽ അതിനുള്ള പ്ലാനിങ്ങാണു വേണ്ടത്. ചികിത്സാ സംബന്ധമായ അടിയന്തര ചെലവുകൾ നേരിടാൻ ഇൻഷുറൻസ് പദ്ധതിയിൽ ചേരുക നല്ല മാർഗമാണ്. ഏതെങ്കിലും ഒരു പദ്ധതിയിൽ മാത്രം നിക്ഷേപിക്കാതെ വ്യത്യസ്ത മേഖലകളിൽ വിവിധ നിക്ഷേപ പദ്ധതികളിൽ ചേരുകയായിയിരിക്കും ഉചിതമായ മാർഗം. സ്വയം തീരുമാനമെടുക്കാൻ കഴിയുന്നില്ലെങ്കിൽ സാമ്പത്തിക വിദഗ്ധരുടെ സേവനം തേടാവുന്നതാണ്. 

 

Relationship between Financial planning and career success

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com