ADVERTISEMENT

ഒരേ കടത്തുകാരന്റെ കൂടെയാണ് യോഗി എന്നും ആശ്രമത്തിലേക്കു പോകുന്നത്. നിരക്ഷരനായ അയാളോട് യോഗി ദൈവത്തെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചുമെല്ലാം പ്രസംഗിക്കും. അയാൾ ശ്രദ്ധിച്ചു കേൾക്കും. ഒരു ദിവസം യോഗി അയാളെ ആശ്രമത്തിൽ വിളിച്ചുവരുത്തി കുറച്ചു പണം നൽകിയിട്ടു പറഞ്ഞു: ഞാൻ പണ്ടൊരു ധനാഢ്യനായിരുന്നു. പക്ഷേ, ആ പണംകൊണ്ട് എനിക്ക് എന്റെ കുടുംബത്തെ ദുരന്തത്തിൽനിന്നു രക്ഷിക്കാൻ കഴിഞ്ഞില്ല. ഇനി ഇതുകൊണ്ട് പ്രയോജനമില്ല. നീ എടുത്തുകൊള്ളൂ. കടത്തുകാരൻ പറഞ്ഞു: സൗജന്യമായി കിട്ടുന്ന സ്വത്ത് എന്റെ സ്വഭാവം നശിപ്പിക്കും. എന്നെ മടിയനാക്കും. അയാൾ അതിവേഗം തിരിച്ചു നടന്നു.

Read Also : അസ്വസ്ഥതകൾ തരുന്ന ബന്ധങ്ങൾ തുടരണോ

മനംമാറ്റമില്ലാത്ത രൂപമാറ്റം പരിവർത്തനമല്ല. അടിസ്ഥാനപരമായ മാറ്റങ്ങൾ നേരം ഇരുട്ടി വെളുക്കുമ്പോൾ സംഭവിക്കുന്നതല്ല. അനേകകാലം നീളുന്ന ആഴത്തിലുള്ള രൂപാന്തര പ്രക്രിയയുടെ അനന്തരഫലം മാത്രമാണത്. താൻ മാറി, പുതിയ ആളായി എന്നെല്ലാം സ്വയം പ്രശംസ നടത്തുന്നവർ ചില വിശകലനങ്ങൾ നടത്തുന്നതു നല്ലതാണ്. മാറ്റങ്ങൾ എവിടൊക്കെ സംഭവിച്ചു, ചിന്തയിലും പ്രവൃത്തിയിലും മാറ്റങ്ങളുണ്ടോ, വരുത്തിയ മാറ്റങ്ങൾ ക്രിയാത്മകമോ വിനാശകരമോ, മാറ്റം പൂർണമോ ഭാഗികമോ, മാറിയത് താൽക്കാലിക നേട്ടങ്ങൾക്കുവേണ്ടിയോ? 

 

കാര്യസാധ്യത്തിനുവേണ്ടി മാറുന്നവർ കാര്യം കഴിഞ്ഞാൽ പഴയതിലേക്കു തിരിച്ചുപോകും. അടിമുടി മാറ്റം എളുപ്പമല്ല. അടിവേരിൽ പഴയ ശീലങ്ങളുടെയും കാഴ്ചപ്പാടുകളുടെയും നനവ് അവിടെത്തന്നെയുണ്ടാകും. എല്ലാവരുടെയും കാൺകെയുള്ള പെരുമാറ്റവ്യത്യാസം മാറ്റത്തിന്റെ തെളിവായി കാണാനാകില്ല. അത് ആളുകളെ വിശ്വസിപ്പിക്കുന്ന തിനുള്ള തന്ത്രം മാത്രമാകാം. വസ്ത്രം ആരെയും വിശുദ്ധനാക്കില്ല. കുടിലിലെ താമസം ആരെയും ത്യാഗിയാക്കില്ല. അയൽക്കാരനിൽ ഈശ്വരനെ ദർശിക്കാൻ കഴിയാത്തവർ പ്രപഞ്ചസ്രഷ്ടാവിനെക്കുറിച്ചു വർണിക്കുന്നതിൽ എന്തു നീതിയാണുള്ളത്? അവനവന് ഉൾക്കൊള്ളാൻ കഴിയാത്ത മാറ്റങ്ങൾ എത്ര കൃത്രിമമായി പ്രദർശിപ്പിച്ചാലും അനിവാര്യ നിമിഷത്തിൽ അവ പുറത്തുവരും.

 

Content Summary : How to deal with opportunistic friends

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com