സിബിൽ സ്കോർ എത്ര?; സൗജന്യമായി പരിശോധിക്കാം
Mail This Article
ബാങ്ക് ക്ലാർക്ക് നിയമനത്തിനുള്ള അപേക്ഷകർ സിബിൽ സ്കോർ 900ൽ 650 എങ്കിലും ഉള്ളവരാകണമെന്ന് ഐബിപിഎസ് വിജ്ഞാപനത്തിൽ വ്യവസ്ഥ വന്നതോടെ ഉദ്യോഗാർഥികൾക്കും സിബിൽ പ്രധാനമായി. സ്കോർ സൗജന്യമായി പരിശോധിക്കാനുള്ള വഴികളിതാ.
ഗൂഗിൾ പേ: ആപ്പിൽ താഴേക്കു സ്ക്രോൾ ചെയ്യുമ്പോൾ ‘Promotions’ കഴിഞ്ഞുള്ള ‘Check your CIBIL score for free’ എന്ന ഓപ്ഷനിൽ പേര്, മൊബൈൽ നമ്പർ, പാൻ തുടങ്ങിയവ നൽകി സ്കോർ അറിയാം. 30 ദിവസം കഴിഞ്ഞ് അടുത്ത റിപ്പോർട്ട് ലഭിക്കും.
സിബിൽ വെബ്സൈറ്റ്: www.cibil.com തുറന്ന് ‘Get Free CIBIL Score & Report’ തിരഞ്ഞെടുക്കുക. പേര്, ഇമെയിൽ, ഫോൺ നമ്പർ, പാൻ എന്നിവ നൽകുക. ആവശ്യപ്പെട്ടാൽ ക്രെഡിറ്റ് കാർഡ് നമ്പർ, ലോൺ നമ്പർ എന്നിവയും നൽകുക. പണം നൽകി വിശദ റിപ്പോർട്ട് എടുക്കാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കേണ്ടതില്ല. പതിവായി സ്കോർ പരിശോധിക്കാം.
സ്കോർ കൂട്ടാനുള്ള വഴികൾ
∙ വായ്പയും ക്രെഡിറ്റ് കാർഡ് ബില്ലും കൃത്യമായി അടയ്ക്കുക. ഫോണിൽ റിമൈൻഡർ സെറ്റ് ചെയ്യുക.
∙ വായ്പ തിരിച്ചടവ് ബാങ്കുകൾ സിബിലിനെ അറിയിക്കാതിരുന്നാലും സ്കോർ കുറയാം. എങ്കിൽ ‘Raise a dispute’ ഓപ്ഷൻ ഉപയോഗിക്കാം.
∙ ഒട്ടേറെ വായ്പകൾ ഒരുമിച്ചെടുക്കാതിരിക്കുക. ഈടില്ലാത്ത വായ്പകൾ (പഴ്സനൽ, ക്രെഡിറ്റ്) ഒരുപാടാകരുത്.
∙ ക്രെഡിറ്റ് കാർഡിലെ പരമാവധി തുകയും ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക.
∙ ജോയിന്റ് അക്കൗണ്ട് ആണെങ്കിൽ മറ്റെയാൾക്കും വീഴ്ചയില്ലെന്ന് ഉറപ്പാക്കുക.
Content Summary : Check Your CIBIL Score Free