ADVERTISEMENT

സംസ്ഥാനത്തെ ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളിൽ കലാ–കായിക വിനോദങ്ങൾക്കുള്ള പീരിയഡുകൾ മറ്റു വിഷയങ്ങൾക്കായി മാറ്റരുതെന്ന ഉത്തരവിറങ്ങിയതു കഴിഞ്ഞദിവസം. കുട്ടികൾ കായിക– കലാ പ്രവർത്തനങ്ങളിൽ നിന്നു മാറിനിൽക്കുന്നത് ആരോഗ്യ , മാനസിക, സാമൂഹിക പ്രശ്നങ്ങൾക്കു കാരണമാകുമെന്നു വിദഗ്ധർ പറയുന്നു. കുട്ടികൾ കളിച്ചു പഠിച്ചു വളരട്ടെയെന്നും ഇവർ പറയുന്നു...

 

കുട്ടികൾ കളിച്ചു പഠിക്കട്ടെ

 

 കളി മറന്നാലുള്ള ശാരീരിക പ്രശ്നങ്ങൾ

∙ അമിതവണ്ണം: കളികൾ വ്യായാമം കൂടിയാണ്. ഇതില്ലാതാകുന്നതു കുട്ടികളെ കാര്യമായി ബാധിക്കും. 40- 45 മിനിറ്റ് ഓരോ ദിവസവും വ്യായാമം ചെയ്യണം. അമിതവണ്ണം പ്രമേഹസാധ്യത വർധിപ്പിക്കുന്നു.

 

∙ തൈറോയ്ഡ്, കൊളസ്ട്രോൾ പ്രശ്നങ്ങൾ: വ്യായാമമില്ലാതെ വരുന്നതു ചെറുപ്രായത്തിൽത്തന്നെ കൊളസ്ട്രോൾ, തൈറോയ്ഡ് പ്രശ്നങ്ങളിലേക്കു നയിക്കാം. തൈറോയ്ഡ് പ്രശ്നങ്ങൾ പഠനത്തിലെ ശ്രദ്ധ ഇല്ലാതാക്കും. കൊളസ്ട്രോൾ പ്രശ്നങ്ങൾ ഹൃദയസംബന്ധിയായ അസുഖങ്ങളിലേക്കു നയിക്കാം. അലസത, ഏകാഗ്രതക്കുറവ് എന്നിവയും ഇതിന്റെ ഭാഗമായി വരാം.

Representative Image. Photo Credit : Deepak Sethi / iStockphoto.com
Representative Image. Photo Credit : Deepak Sethi / iStockphoto.com

 

∙ കാഴ്ചശക്തി:   ഫോൺ, ലാപ്ടോപ് സ്ക്രീനുകളിൽ കൂടുതൽ സമയം നോക്കിയിരിക്കുന്നതു കാഴ്ചശക്തിയെ ബാധിക്കും.

 

മാനസിക, സാമൂഹിക പ്രശ്നങ്ങൾ

∙  അമിത ഉത്കണ്ഠ: മറ്റുള്ളവരോട് ഇടപെടാതെ ഒറ്റയ്ക്കായിപ്പോകുന്നത് അമിത ഉത്കണ്ഠ, പെരുമാറ്റ വൈകല്യം എന്നിവയ്ക്കു കാരണമാകും. പലതരത്തിലുള്ള പെരുമാറ്റ പ്രശ്നങ്ങൾ കോവിഡ് ലോക്ഡൗണിനു ശേഷം കുട്ടികളിൽ വർധിച്ചിട്ടുണ്ട്.

mobile-addiction
Representative image. Photo Credits: / Shutterstock.com

 

∙ ഹൈപ്പർ ആക്ടിവിറ്റി: സാമൂഹിക‌ ഇടപെടലുകളില്ലാതെ പോകുന്നതു കുട്ടികളിൽ ഹൈപ്പർ ആക്ടിവിറ്റിക്കു കാരണമാകും. ഇത് ഏകാഗ്രതക്കുറവിലേക്കും നയിക്കും.

 

∙ പഠനവൈകല്യം: കണ്ടും അറിഞ്ഞുമാണു കുട്ടികൾ കാര്യങ്ങൾ പഠിച്ചെടുക്കുന്നത്. മറ്റു കുട്ടികളുമായി ഇടപെടലുകൾ ഇല്ലാതെ വരുന്നതു ഭാഷാ വികാസത്തെ ബാധിക്കും. ഇതു പഠന വൈകല്യങ്ങളിലേക്കും നയിക്കാം.

Photo credit : CGN089 / Shutterstock.com
Photo credit : CGN089 / Shutterstock.com

 

കുഞ്ഞുങ്ങളെ ‘സാഡാ’ക്കരുത്

മൊബൈൽ ഫോണിന്റെ അമിത ഉപയോഗം മൂലം കുട്ടികളിൽ കണ്ടുവരുന്ന അവസ്ഥയാണ് സ്ക്രീൻ അഡിക്‌ഷൻ ഡിസോർഡർ (സാഡ്). മറ്റുള്ളവരുമായി ഒരു ബന്ധവും ഇല്ലാതെ മൊബൈൽ ഫോൺ സ്ക്രീനിലേക്കു മാത്രം ചുരുങ്ങുന്ന അവസ്ഥ. ഇതു ശാരീരിക, സാമൂഹിക പ്രശ്നങ്ങൾക്കു കാരണമാകും.

 

എബിസിഡി പഠിക്കാം

ഇന്റർനെറ്റിന്റെ ലോകത്തുനിന്നു മാറിനിൽക്കാൻ കഴിയില്ല. അതുനന്നായി ഉപയോഗിക്കുകയാണു വേണ്ടത്.  അതിന്

എബിസിഡിഇഎഫ്ജി പഠിക്കണം.

 

play-time
Representative image. photo credit : Govind Jangir/Shutterstock

∙ എ– അഡ്ജസ്റ്റ് സ്ക്രീൻ: സ്ക്രീൻ കണ്ണിനു പരമാവധി എളുപ്പമാകുംവിധം വേണം ക്രമീകരിക്കാൻ. ഒരു കയ്യകലത്തിൽ കണ്ണിനു നേരെ സ്ക്രീൻ വരുന്നതാണു നല്ലത്.

∙ ബി– ബ്രൈറ്റ്നസ്: സ്ക്രീനിന്റെ ബ്രൈറ്റ്നസ് 50 ശതമാനമായി വയ്ക്കുക.

838151676
Representative image. Photo Credit : Milatas

∙ സി– ചേഞ്ച് ഓഫ് ഹാബിറ്റ്: ഒറ്റയടിക്ക് ഒരുപാടു നേരം സ്ക്രീനിനു മുന്നിൽ ഇരിക്കാതെ ഇടയ്ക്ക് എഴുന്നേറ്റ് ഒന്നു നടന്ന്, മറ്റുള്ളവരോടു സംസാരിച്ചു തിരികെ വരിക.

Representative Image. Photo Credit : Prostock-studio / Shutterstock.com
Representative Image. Photo Credit : Prostock-studio / Shutterstock.com

∙ ഡി– ഡയറ്റ്: ധാരാളം വെള്ളം കുടിക്കുക, പഴം, പച്ചക്കറികൾ തുടങ്ങി കണ്ണിനു ഗുണകരമായ ഭക്ഷണം കൂടുതൽ കഴിക്കുക.

∙ ഇ– എക്സർസൈസ്: 40 മുതൽ 45 മിനിറ്റ് വരെ ദിവസവും വ്യായാമം ചെയ്യുക.

∙ എഫ്– ഫുഡ് ഹാബിറ്റ്: സമീകൃതാഹാരം കഴിക്കുക, ജങ്ക് ഫു‍ഡ് പരമാവധി ഒഴിവാക്കുക.

∙ ജി– ഗ്ലാസസ്: കണ്ണിനു ചെറിയ അസ്വസ്ഥത ഉണ്ടാവുകയാണെങ്കിൽ ഡോക്ടറെക്കണ്ട ശേഷം ആവശ്യമെങ്കിൽ കണ്ണട ഉപയോഗിക്കുക.

 

∙കളിക്കാം, പഠിക്കാം

കുട്ടികളുടെ ഏകാന്തതയും മറ്റു പെരുമാറ്റ പ്രശ്നങ്ങളും സ്കൂളിലെ കലാ–കായിക പീരിയഡുകൾ നന്നായി ഉപയോഗിച്ചാൽത്തന്നെ ഒരു പരിധിവരെ മാറ്റമെന്നു വിദഗ്ധർ. കുട്ടികൾ കളിക്കുമ്പോൾ പരസ്പരമുള്ള ആശയവിനിമയം വർധിക്കും. കൂടാതെ കലാ– കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ കുട്ടികളിൽ നേതൃപാടവം, മാനസികോല്ലാസം, മറ്റുള്ളവരുമായി ഇടപഴകൽ, ഒത്തൊരുമ ഇവയെല്ലാം വളർത്താനാകും.

 

ഗ്രൂപ്പ് ഗെയിമുകളിലേക്കു കുട്ടികളുടെ ശ്രദ്ധ എത്തിക്കുന്നതാണു നല്ലത്. ഇതു പരസ്പരം സഹായിക്കുന്നതിന്റെയും ഒരു സമൂഹമായി പ്രവർത്തിക്കുന്നതിന്റെയും ബാലപാഠങ്ങൾ പരിശീലിക്കാൻ തുണയാകും.

 

അനങ്ങാത്ത തള്ളവിരൽ

ജില്ലയിലെ ഒരു കൗൺസലിങ് സെന്ററിൽ ഈയിടെ മാതാപിതാക്കൾ ഒരു കുട്ടിയുമായി എത്തി. ആ വിദ്യാർഥിയുടെ ഇടതുകയ്യിലെ തള്ളവിരലിന്റെ ചലനശേഷിയിൽ കാര്യമായ പ്രശ്നങ്ങൾ കണ്ടെത്തി. മൊബൈൽ ഗെയിമിന് അടിമയായ കുട്ടി മണിക്കൂറുകളോളം ഗെയിം കളിച്ചതാണു കാരണം. വളരെ വേഗത്തിൽ സ്ക്രീനിൽ വിരലോടിച്ചതിന്റെ ഫലമായാണു പ്രശ്നമുണ്ടായത്. എന്നാൽ വിദ്യാർഥി ഇതു സമ്മതിച്ചില്ല. കൂടാതെ ഗെയിമുകളുടെ ഗുണത്തെക്കുറിച്ചു കൗൺസലറോടു വാതോരാതെ സംസാരിക്കുകയും ചെയ്തു. ഒരു വിധത്തിൽ കുട്ടിയെ കാര്യം പറഞ്ഞു മനസ്സിലാക്കുകയും വിരലിനു ചികിത്സ നടത്തുകയും ചെയ്തു.

 

∙ സമയം നൽകുക

കുട്ടികൾക്ക് എല്ലാ കാര്യങ്ങൾക്കും സമയം നൽകുക പ്രധാനമാണ്. കല, കായികം, വിനോദം എന്നിവയ്ക്കായി പീരിയഡുകൾ  കൃത്യമായി നൽകാനും അവരെ പ്രോത്സാഹിപ്പിക്കാനും ശ്രമിക്കാം. അധ്യാപകർക്കും അതിൽ പങ്കുചേരാം. വായനയ്ക്കായി ആഴ്ചയിൽ ഒരു പീരിയഡ് നിർബന്ധമാക്കാനും പത്രം, ആനുകാലികങ്ങൾ, പുസ്തകങ്ങൾ എന്നിവ കുട്ടികളിലേക്ക് എത്തിക്കാനും വായനയെ പ്രോത്സാഹിപ്പിക്കാനും ശ്രമിക്കാം.

 

വിവരങ്ങൾക്കു കടപ്പാട്:

ഡോ. ജിസ് തോമസ് പാലുകന്നേൽ

സീനിയർ കൺസൽറ്റന്റ് 

പീഡിയാട്രിഷ്യൻ,

മാർ സ്ലീവ മെഡിസിറ്റി, പാലാ

റീന ജയിംസ്

കോ ഡയറക്ടർ, ഗ്രേസ് കെയർ ട്രെയ്നിങ് സെന്റർ, വടവാതൂർ

അമൃത് ജി.കുമാർ

വിദ്യാഭ്യാസ വിദഗ്ധൻ 

 

Content Summary : The Importance of Play time in Schools

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com