പ്ലസ് വൺ: ഇഷ്‌ടവിഷയങ്ങൾ മാത്രം പഠിക്കാം, പഠനം പ്ലാൻ ചെയ്യാൻ 5 വഴികൾ
Mail This Article
പത്തു കഴിഞ്ഞ് പതിനൊന്നാം ക്ലാസിലെത്തി. ജീവിതം വഴിതിരിയുന്ന ഘട്ടം. ഇഷ്‌ടവിഷയങ്ങൾ മാത്രം പഠിച്ചാൽ മതി. കഴിവിന്റെ പരമാവധി മികവു കാട്ടുമെന്ന ദൃഢനിശ്‌ചയത്തോടെ മുന്നേറേണ്ട ഘട്ടം. പ്ലസ് വണിലേക്കു കാലൂന്നുന്നവർ പരമാവധി ശ്രദ്ധ ചെലുത്തേണ്ടത് ഏതെല്ലാം കാര്യങ്ങളിലാണ് ?
Read Also : പ്രസ്താവന ചോദ്യങ്ങൾ ഇനി കുഴക്കില്ല; കുറഞ്ഞ സമയം കൊണ്ട് ഉത്തരമെഴുതാൻ ഇങ്ങനെ പരിശീലിക്കാം
അടിസ്ഥാന പാഠങ്ങൾ
ലക്ഷ്യം: ദീർഘകാല ലക്ഷ്യവും അതനുസരിച്ചുള്ള ഹ്രസ്വകാല ലക്ഷ്യങ്ങളും വേണം. ഉദാഹരണത്തിന്, ഐടി പ്രഫഷനലോ കാർഡിയാക് സർജനോ സുപ്രീം കോടതി ജഡ്ജിയോ ജേണലിസ്‌റ്റോ ആകണമെന്നാവാം സ്വപ്‌നം. ഇതു നേടാൻ പടിപടിയായി ഇച്ഛാശക്‌തിയോടെ ശ്രമിക്കണം.
ഏകാഗ്രത: വെയിലത്തു വെറുതെ തീപ്പെട്ടിക്കൊള്ളി പിടിച്ചുനോക്കൂ. ഒന്നും സംഭവിക്കില്ല. തീപ്പെട്ടിക്കൊള്ളിയിലെ മരുന്ന് കോൺവെക്‌സ് ലെൻസിന്റെ ഫോക്കസിൽ വരുംവിധം സൂര്യനെതിരെ പിടിച്ചാലോ ? രണ്ടു മിനിറ്റിനകം കത്തും. താപകിരണങ്ങൾ ഒരു ബിന്ദുവിലേക്കു കേന്ദ്രീകരിച്ചതിന്റെ മാറ്റം. മനസ്സും ഇതുപോലെയാണ്. ഏകാഗ്രതയിലൂടെ കാര്യക്ഷമത കൂട്ടാം.
പഠനത്തിനുള്ള കരുക്കൾ: പരീക്ഷയ്ക്കു പഠിക്കാൻ സുപ്രധാനമായ മൂന്നു കരുക്കളുണ്ട്: സിലബസ്, പാഠപുസ്‌തകങ്ങൾ, മുൻപരീക്ഷകളിലെ ചോദ്യക്കടലാസുകൾ. ഇവ ശേഖരിക്കണം.
ടൈംടേബിൾ: ക്ലാസ് ദിനങ്ങളിലേക്കും അവധിദിനങ്ങളിലേക്കും വെവ്വേറെ പഠന ടൈംടേബിൾ ഉണ്ടാക്കുക. വിഷയങ്ങൾ ഇടകലർത്തണം. വിഷമമുള്ളവയ്ക്കു കൂടുതൽ സമയം നൽകാം. വിനോദത്തിനും നേരം വേണം. ഓരോ മാസവും വിലയിരുത്തി ആവശ്യമെങ്കിൽ ഇതു പരിഷ്‌കരിക്കാം. മുഴുവൻ വർഷത്തേക്കും ഷെഡ്യൂൾ എഴുതിവയ്‌ക്കുന്നതും നന്ന്.
പറയാനറിയണം, എഴുതാനറിയണം
ഡിക്‌ഷ്‌ണറി: പുതിയ വാക്കുകളുടെ അർഥവും നാനാർഥങ്ങളം ഉച്ചാരണവും മനസ്സിലാക്കാൻ ഏതെങ്കിലും ‘ലേണേഴ്‌സ് ഡിക്‌ഷ്‌ണറി’ ഉപയോഗിക്കണം ഉദാ: Oxford Advanced Learner’s Dictionary. ഓരോ വാക്കും ഭിന്നാർത്ഥങ്ങളിൽ ഉപയോഗിച്ച മാതൃകാവാക്യങ്ങൾ ഇതിലുണ്ട്. ഭാഷ: തെറ്റില്ലാത്ത ഭാഷ വശമാക്കണം. ഇതിനു വ്യാകരണത്തിന്റെ ചുവയില്ലാതെ തെറ്റു തിരുത്തിക്കാട്ടുന്ന ലഘുപുസ്തകങ്ങളുണ്ട്. (ഉദാ: English Errors of Indian Students by T.L.H. Smith-Pearse – Oxford). മലയാളത്തിലുമുണ്ട് സമാനപുസ്തകങ്ങൾ.
ഇങ്ങനെ പഠിച്ചാൽ എളുപ്പം
എത്ര നേരം എന്നതല്ല, എങ്ങനെ പഠിക്കുന്നു എന്നതാണ് പ്രധാനം. ചില നല്ല പഠനശീലങ്ങൾ ഇതാ:
കണക്ക്: വായിച്ചുനോക്കിയാൽ പോരാ, കണക്ക് ചെയ്‌തുനോക്കണം. സംശയമുണ്ടെങ്കിൽ അത്തരം രണ്ടോ മൂന്നോ കണക്കു കൂടി ചെയ്യുക. മാത്‌സിലെയും ഫിസിക്‌സിലെയും ഡെറിവേഷൻസ് എഴുതി ശീലിക്കണം.
ചിത്രങ്ങൾ: സയൻസ് വിഷയങ്ങളിൽ ചിത്രങ്ങൾ പ്രധാനമാണ്. ഇവ ഓർത്തു വരയ്‌ക്കാൻ ശ്രമിച്ച്, തടസ്സം വരുമ്പോൾ പുസ്‌തകം നോക്കി സംശയം പരിഹരിച്ചു വീണ്ടും വരച്ചു മനസ്സിലുറപ്പിക്കുക. വായന: കവിത ആസ്വദിക്കാനോ ഉച്ചാരണം നന്നാക്കാനോ മതി, ഉറക്കെ വായന. പഠിക്കാൻ ഏകാഗ്രതയോടെ നോക്കിവായിക്കുക. ഇടയ്‌ക്കിടെ നിർത്തി, വായിച്ചതു മനസ്സിലായെന്ന് ഉറപ്പാക്കുക. സ്വന്തം വാക്കുകളിൽ ആശയം പറയാൻ കഴിയണം.
ഓർമസൂത്രങ്ങൾ: പോയിന്റുകൾ ക്രമത്തിന് ഓർത്തു വയ്‌ക്കാൻ ഓർമസൂത്രങ്ങൾ (mnemonics) തനിയെ ഉണ്ടാക്കാം. VIBGYOR എന്നു പറയുമ്പോൾ സൂര്യപ്രകാശത്തിലെ ഏഴു നിറങ്ങൾ ക്രമത്തിൽ ഓർക്കുന്നതുപോലെ.
ഉപന്യാസങ്ങൾ: ഉപന്യാസം (essay) പലതവണ വായിച്ചു നേരം പാഴാക്കേണ്ട. ശ്രദ്ധയോടെ ഒരു പ്രാവശ്യം വായിച്ച്, പോയിന്റുകളെഴുതുക, ആവശ്യമെങ്കിൽ ഓർമസൂത്രങ്ങളുണ്ടാക്കി ഇവ മനഃപാഠമാക്കുക, ഇടയ്‌ക്കു ചിലത് പരീക്ഷാഹാളിലെപ്പോലെ സമയം നോക്കി എഴുതിനോക്കുക. കണ്ണായ വാക്യങ്ങളുണ്ടെങ്കിൽ അവ ഓർത്തുവയ്‌ക്കുക.
മനഃപാഠം: ഫോർമുലകൾ, നിർവചനങ്ങൾ, നല്ല കാവ്യഭാഗങ്ങൾ, ഭാഷാപ്രയോഗങ്ങൾ, മഹദ്‌വചനങ്ങൾ എന്നിവ മനഃപാഠമാക്കുക.
നിങ്ങൾക്കുണ്ടോ ഈ അഞ്ചു ശീലങ്ങൾ
ഉപരിപഠനത്തിനും ജോലിക്കുമുള്ള ദീർഘകാല തയാറെടുപ്പിന്റെ ഭാഗമായി ചില ശീലങ്ങൾ ഇപ്പോഴേ തുടങ്ങാം.
സമയം കിട്ടുമ്പോൾ പാഠങ്ങളെപ്പറ്റി കൂടുതൽ വിവരങ്ങൾ നല്ല ഇന്റർനെറ്റ് സൈറ്റുകൾ നോക്കി മനസ്സിലാക്കുക. (ഉദാ: diksha.gov.in, swayam.gov.in, epathshala.gov.in)
ഒരു മലയാളപത്രവും ഒരു ഇംഗ്ലിഷ്പത്രവും നിത്യവും നോക്കുക. പ്രധാന രണ്ടു വാർത്തകൾ ഓരോ വരി കുറിച്ചു സൂക്ഷിക്കുക.
പത്രം വായിക്കുമ്പോൾ അപരിചിതമായി തോന്നുന്ന 2 വാക്കുകളുടെ അർഥം ലേണേഴ്സ് ഡിക്‌ഷ്ണറി നോക്കി നിത്യവും എഴുതിവയ്ക്കുക.
നല്ല ഇയർബുക്ക് വാങ്ങി പൊതുവിജ്ഞാനം മെച്ചപ്പെടുത്തുക.
നല്ല ടിവി ചാനലുകൾ ശ്രദ്ധിച്ച്, തെറ്റില്ലാതെ ഒഴുക്കോടെ ഇംഗ്ലിഷ് സംസാരിക്കാൻ ശീലിക്കുക.
Content Summary : Perfect Study Plan for Plusone Students