പത്താം ക്ലാസ്സ് എങ്ങനെ പാസ്സാകും എന്ന് വിഷമിച്ച കുട്ടിയെ സ്കൂൾ ടോപ്പർ ആക്കിയ ജോജി ടീച്ചർ
Mail This Article
കുഞ്ഞുങ്ങളുടെ ഉള്ളിലെ ആത്മവിശ്വാസം ഊതിക്കത്തിക്കാനും തല്ലിക്കെടുത്താനും കഴിയുന്ന മാന്ത്രികവടിയുള്ളവരാണ് അധ്യാപകർ. ചിലർ ആ മാന്ത്രികവടികൊണ്ട് കുട്ടികളിൽ ആത്മവിശ്വാസം നിറച്ച് അവരെ മിടുക്കരാക്കും. മറ്റു ചിലർ കുഞ്ഞുങ്ങളെ നിരുത്സാഹപ്പെടുത്തി കഴിവുകൾ മുളയിലേ നുള്ളും. ആദ്യത്തെ ഗണത്തിൽപ്പെടുന്ന അധ്യാപകരുടെ ശിഷ്യന്മാരാകാൻ കഴിയുന്നതു തന്നെ ഒരു ഭാഗ്യമാണ്. ആ ഭാഗ്യം പല കുട്ടികളുടെയും തലവരതന്നെ മാറ്റി വരച്ചിട്ടുണ്ട്.
ആത്മവിശ്വാസം നശിച്ച ഒരു ഘട്ടത്തിൽ ഇംഗ്ലിഷ് മീഡിയത്തിൽ നിന്ന് മലയാളം മീഡിയത്തിലേക്ക് മാറണമെന്ന് ചിന്തിച്ചതിനെക്കുറിച്ചും അധ്യാപികയുടെ ഇടപെടൽ ഒരു ശരാശരി വിദ്യാർഥിയെ സ്കൂൾ ടോപ്പർ ആക്കിമാറ്റിയതിനെക്കുറിച്ചുമുള്ള പോസിറ്റീവ് അനുഭവം ഗുരുസ്മൃതി എന്ന പംക്തിയിലൂടെ പങ്കുവയ്ക്കുകയാണ് നിസ്സി എൽസ ഫിലിപ്.
കഴിവില്ലെന്ന ഭയം മാറ്റി ജീവിതത്തിൽ തിരിച്ചറിവിന്റെ വെളിച്ചം നിറച്ച അധ്യാപികയെക്കുറിച്ച് നിസ്സി പങ്കുവയ്ക്കുന്നതിങ്ങനെ :- സ്വയം വിലകുറച്ചു കാണാൻ ഞാൻ എന്നു മുതലാണ് തുടങ്ങിയതെന്നു അറിയില്ല, പക്ഷേ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ ഞാൻ ഉറപ്പിച്ചിരുന്നു എട്ടാം ക്ലാസ്സ് ആകുമ്പോൾ മലയാളം മീഡിയത്തിലേക്ക് മാറണമെന്ന്. അത് വീട്ടിൽ പറയാൻ ഉള്ള ധൈര്യം ഇല്ലായിരുന്നു. എങ്കിലും മനസ്സിൽ ഉറപ്പിച്ചു എന്തൊക്കെ വന്നാലും മലയാളം മീഡിയത്തിലേക്ക് മാറുമെന്ന്. പരീക്ഷക്ക് ഒക്കെ അത്യാവശ്യം നല്ല മാർക്കും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ മലയാളം മീഡിയത്തിലേക്ക് മാറാൻ വീട്ടിൽ സമ്മതിക്കുമോ എന്ന് ഉറപ്പില്ലായിരുന്നു. എട്ടാം ക്ലാസ്സ് മുതൽ വിഷയങ്ങളുടെ എണ്ണം കൂടും, അതെല്ലാം ഇംഗ്ലീഷിൽ പഠിക്കാനുള്ള കഴിവൊന്നും എനിക്കില്ലന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ പത്താം ക്ലാസ്സ് പാസ്സാകാൻ ഞാൻ കണ്ടെത്തിയ എളുപ്പമാർഗ്ഗമാണു മലയാളം മീഡിയത്തിൽ ചേരുകയെന്നത്.
ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു ദിവസം ജോജി ടീച്ചർ ക്ലാസ്സിൽ വന്നു. പത്താം ക്ലാസ്സിൽ ഫുൾ A+ പ്രതീക്ഷിക്കുന്ന പത്തുപേരുടെ പേര് പറഞ്ഞു. ആ പത്തു പേരിൽ എങ്ങനെ ഞാൻ വന്നു എന്ന് ഇപ്പോഴും എനിക്കറിയില്ല. ടീച്ചർ അത് ക്ലാസ്സിൽ പറയുക മാത്രമല്ല സ്റ്റാഫ് റൂമിൽ എല്ലാവരോടും പറഞ്ഞു. എന്റെ അമ്മയുടെ സ്കൂളിൽ പഠിപ്പിക്കുന്ന ടീച്ചേഴ്സിനോടും പറഞ്ഞു. അതോടെ പത്താം ക്ലാസ്സ് എങ്ങനെ പാസ്സാകും എന്ന ആശങ്കയിൽ ജീവിച്ച ഞാൻ ഒരു ‘A+ പ്രതീക്ഷ’ ആയി മാറി.
എനിക്ക് മലയാളം മീഡിയത്തിലോട്ട് മാറണം എന്ന ആവശ്യം പുറത്തു പറയാൻ പറ്റാത്ത സാഹചര്യം സൃഷ്ടിക്കപ്പെട്ടു. അങ്ങനെ ഞാൻ വീണ്ടും ഇംഗ്ലീഷ് മീഡിയത്തിൽ തന്നെ തുടർന്നു. ജോജി ടീച്ചർ വിതച്ച പ്രതീക്ഷയുടെ വിത്തുകൾ മറ്റുള്ളവരുടെ മനസ്സിൽ ഒരു വലിയ വൃക്ഷം തന്നെ ആയി മാറിയിരുന്നു. എന്റെ മനസിലും ആ വിത്തുകൾ തളിർക്കാതെ ഇരുന്നില്ല. അങ്ങനെ ഞാൻ ഇംഗ്ലീഷ് മീഡിയത്തിൽ പത്താം ക്ലാസ്സ് പരീക്ഷ എഴുതി. ഫുൾ A+ നേടി സ്കൂൾ ടോപ്പർ ആയി. ജോജി ടീച്ചറിന്റെ വിശ്വാസം എന്നെ രക്ഷിച്ചു. കാലം എത്ര കടന്നു പോയാലും എനിക്ക് മറക്കാനാവില്ല എന്റെ പ്രിയപ്പെട്ട ജോജി ടീച്ചറെ.
Content Summary : Career- Column- Gurusmrithi- Nissy Elsa Philip Talks about her favorite teacher