കൈനിറയെ ശമ്പളത്തോടെ ഇഷ്ടജോലി ചെയ്യാം; ഒപ്പം സ്വന്തമാക്കാം ആരോഗ്യമുള്ള മനസ്സും ശരീരവും
Mail This Article
ആരോഗ്യത്തിനുപരിയായി ശാരീരിക ക്ഷമതയും സൗന്ദര്യവും നിലനിർത്തുന്നവരാണെങ്കിൽ ഒട്ടേറെ തൊഴിലവസരങ്ങളുണ്ട്. ക്രിക്കറ്റ്, ഫുട്ബോൾ, ടെന്നിസ് എന്നിങ്ങനെ ഏതെങ്കിലും കായികയിനത്തോടുള്ള താൽപര്യം കൊണ്ട് ദിവസേന വ്യായാമം ചെയ്യുന്നവരും ശാരീരിക ക്ഷമത നിലനിർത്തുന്നവരുമുണ്ട്. പോഷക പ്രധാനമായ ഭക്ഷണം കഴിക്കുന്നു എന്നതാണ് ഇവരുടെ മറ്റൊരു പ്രത്യേകത. ആരോഗ്യമുള്ളവരാ യിരിക്കുക എന്ന സന്ദേശം മറ്റുള്ളവരിലേക്കും പകരാൻ ആഗ്രഹിക്കുന്നവരും പരിശീലിപ്പിക്കാൻ മടിയില്ലാത്തവരു മാണെങ്കിൽ തീർച്ചയായും മികച്ച ശമ്പളത്തിൽ ജോലി ലഭ്യമാണ്. സ്വന്തമായി പരിശീലന സ്ഥാപനങ്ങൾ തുടങ്ങാം. മറ്റു പരിശീലകരെക്കൂടി നിയോഗിച്ചാൽ സംരംഭം എന്ന നിലയിലും വളർത്തിയെടുക്കാം. ബിസിനസിൽ താൽപര്യമില്ലെങ്കിൽ ഇന്ന് എല്ലാ നഗരങ്ങളിലുമുള്ള പരിശീലന സ്ഥാപനങ്ങളിൽ പരിശീലകന്റെ ജോലിയും ലഭ്യമാണ്. ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം മറ്റുള്ളവർക്കും മികച്ച ആരോഗ്യം ഉറപ്പാക്കാൻ കഴിയുന്നു എന്നതാണ് ഈ ജോലിയുടെ പ്രത്യേകത.
Read Also : ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഏതു പ്രായത്തിൽ ചെയ്യണം?
പേഴ്സനൽ ട്രെയിനർ
ജോലി സമയത്തിന്റെയും സ്ഥലത്തിന്റെയും കാര്യത്തിൽ സ്വാതന്ത്ര്യമുള്ള ഈ ജോലിയിൽ വിജയിക്കാൻ വേണ്ടത് വ്യായാമത്തെക്കുറിച്ചുള്ള അറിവും മികച്ച ശാരീരിക ക്ഷമതയും ഓരോ രാജ്യത്തെയും നിയമമനുസരിച്ചുള്ള അംഗീകൃത സംഘടനയുടെ സർട്ടിഫിക്കറ്റുമാണ്. സർക്കാർ അംഗീകൃത സംഘടനയിൽ നിന്നു തന്നെ സർട്ടിഫിക്കറ്റ് സ്വന്തമാക്കാൻ ശ്രമിക്കണം. വീടുകളിൽ ചെന്ന് പരിശീലിപ്പിക്കുന്നത് മികച്ച വരുമാന മാർഗമാണ്. സ്വന്തമായി സ്ഥാപനം നടത്തേണ്ടതില്ലെന്ന പ്രത്യേകതയുമുണ്ട്. ആവശ്യക്കാരുടെ സമയവും സൗകര്യവുമനുസരിച്ച് അവരുടെ വീടുകളിൽ തന്നെ ഉചിതമായ സ്ഥലത്ത് പരിശീലനം നൽകാൻ കഴിയും. സ്വന്തമായി സ്ഥാപനം തുടങ്ങുന്നതും ആദായകരമായ മാർഗം തന്നെയാണ്.
ഇൻസ്ട്രക്റ്റർ
യോഗ, എയ്റോബിക്സ് എന്നിവയിലേക്ക് തിരിയുന്നവരുടെ എണ്ണം ഇന്ന് വളരെക്കൂടുതലാണ്. രോഗങ്ങൾ കൊണ്ടു മാത്രമല്ല പലരും ഇത്തരം വ്യായാമ മുറകൾ പരിശീലിക്കുന്നത്. വീട്ടിലായാലും ജോലി സ്ഥലത്തായാലും ഉത്കണ്ഠ, സമ്മർദം എന്നിവ അനുഭവിക്കുന്നവരാണ് കൂടുതൽ പേരും. ഇതേത്തുടർന്ന് പലരും ജീവിത ശൈലീ രോഗങ്ങളുടെ പിടിയിലുമാണ്. രോഗങ്ങളും രോഗ ലക്ഷണങ്ങളും സൃഷ്ടിക്കുന്ന സമ്മർദത്തിൽ നിന്നു രക്ഷപ്പെട്ട് സമാധാനത്തോടെ ജീവിക്കുകയാണ് ലക്ഷ്യം. നേരത്തേ പുരുഷൻമാർ മാത്രമായിരുന്നു പ്രഫഷനൽ പരിശീലനത്തിന് പോയിരുന്നതെങ്കിൽ നിലവിൽ സ്ത്രീകളും കുട്ടികളും ധാരാളമായി ജിം ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ പരിശീലനം നടത്തുന്നുണ്ട്. അമിത വണ്ണം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ അലട്ടുന്ന കുട്ടികൾക്ക് ഡോക്ടർമാർ തന്നെ പരിശീലനം നിർദേശിക്കാറുണ്ട്. പരിശീലന സ്ഥാപനങ്ങളിൽ നിന്നു മാറി വീടുകളിൽ തന്നെ പേഴ്സനൽ ട്രെയിനറുടെ സഹായം തേടുന്ന രീതി കൂടുതൽ വ്യാപകമായത് കോവിഡ് കാലത്തിനു ശേഷമാണ്.
ഫിറ്റനസ് കോച്ച്
ടെന്നിസ് ഉൾപ്പെടെയുള്ള കളിക്കാരുടെ ഫിറ്റ്നസ് കോച്ചാകാൻ ടെന്നിസ് കളിക്കണമെന്നുപോലുമില്ല. ഓരോ കായിക വിനോദനത്തിന്റെയും സാങ്കേതിക വശങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പഠിപ്പിക്കാൻ കളിയിൽ വിദഗ്ധരായ പരിശീലകരുണ്ടായിരിക്കും. ശാരീരികാരോഗ്യം നിലനിർത്താൻ സഹായിക്കുക എന്നതു മാത്രമായിരിക്കും ഫിറ്റ്നസ് കോച്ചിന്റെ ഉത്തരവാദിത്തം. ടെന്നിസിനു പുറമേ, ക്രിക്കറ്റ്, ഫുട‌്ബോൾ, ഹോക്കി ഉൾപ്പെടെ എല്ലാ കായികയിനങ്ങളുമായി ബന്ധപ്പെട്ടുള്ള ടീമുകൾക്കും ഫിറ്റ്നസ് കോച്ചിന്റെ സേവനം ആവശ്യമുണ്ട്. കായിക താരങ്ങളാകാൻ കൊതിക്കുന്നവർക്കും കോച്ചിന്റെ സേവനം ആവശ്യമാണ്. പരിശീലനത്തിനിടയിലും മറ്റും ഉണ്ടാകുന്ന പരുക്കുകൾ, ശാരീരിക പ്രശ്നങ്ങൾ എന്നിവ അതിജീവിച്ച് മികച്ച താരമായി വളരാൻ കൃത്യമായ ഉപദേശവും നിർദേശവും നേരിട്ടുള്ള മേൽനോട്ടവും വേണം. യുഎസ് ഉൾപ്പെടെ എല്ലാ രാജ്യങ്ങളിലും ശാരീരിക ക്ഷമതയുമായി ബന്ധപ്പെട്ട എല്ലാ ജോലികൾക്കും മികച്ച ശമ്പളം ലഭിക്കുന്നുണ്ട്. ഈ രംഗത്ത് ജോലി സാധ്യതകൾ ഇനിയും കൂടുമെന്നാണ് വിദഗ്ധരുടെ പ്രവചനവും.
മനോരമ ഒാൺലൈൻ ഫിറ്റ്നസ് - വിഡിയോ
Content Summary : Become a Personal Trainer: A Rewarding Career Choice with an Ever-Increasing Demand