ADVERTISEMENT

ഇലക്ട്രോണിക് മീഡിയയിൽ ബിരുദം നേടുന്നവരുടെ എണ്ണം അടുത്തകാലത്തായി കൂടിയിട്ടുണ്ട്. ബിരുദം നേടുന്ന മിക്കവരും ടെലിവിഷനിലാണു ജോലി ചെയ്യുന്നത്. ഈ മേഖലയിലെ ജോലി വിവിധ കരിയറുകളിൽ വച്ച് കൂടുതൽ സംതൃപ്തി നൽകുന്നതാണ്. എന്നും പുതിയ കാര്യങ്ങളുമായി ബന്ധപ്പെടുന്നു എന്നതുതന്നെ പ്രധാനപ്പെട്ടതും വെല്ലുവിളി നിറഞ്ഞതുമാണ്. ചരിത്രം സൃഷ്ടിക്കുന്ന സംഭവങ്ങൾ ലോകത്തെ അറിയിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുക എന്നത് ചെറിയ കാര്യമല്ല. എല്ലാവർക്കും കഴിയുന്നതുമല്ല. വാർത്തകൾ സൃഷ്ടിക്കുന്നവരെ നിരന്തരം കാണുകയും ഇടപെടുന്നതും രസകരമാണ്. ടെലിവിഷൻ, ഇന്റർനെറ്റ്, റേഡിയോ എന്നീ മൂന്നു മാധ്യമങ്ങളാണ് ഈ വിഭാഗത്തിൽ വരുന്നത്. ഗ്ലാമറസ് എന്ന് എല്ലാവരും വിശേഷിപ്പിക്കുന്ന ഈ രംഗത്ത് ഒട്ടേറെ വെല്ലുവിളികളുമുണ്ട്. പ്രത്യേകിച്ചും സമയത്തോടുള്ള പോരാട്ടം തന്നെ. കുറഞ്ഞ സമയത്തിനുള്ളിൽ പുതിയ വിവരങ്ങൾ ജനങ്ങളിൽ എക്കെത്തിക്കുന്നതിനൊപ്പം സമയം സൃഷ്ടിക്കുന്ന വെല്ലുവിളികളെ മറികടക്കണം. നിശ്ചിത സമയം നോക്കാതെ ജോലി ചെയ്യേണ്ടിയും വരും. രാത്രിയിലും ജോലി ചെയ്യാൻ തയാറാകാത്തവർക്ക് ഈ രംഗത്ത് പ്രവർത്തിക്കാനാവില്ല. ശ്രദ്ധേയരായ അവതാരകർക്ക് ഈ മേഖലയിൽ നിന്ന് മികച്ച ശമ്പളം ലഭിക്കുന്നുണ്ടെങ്കിലും എല്ലാവർക്കും ഒരുപോലെ പണമുണ്ടാക്കാനാവില്ല. ജനങ്ങൾക്കു വിലപ്പെട്ട വിവരങ്ങൾ കൈമാറിയും അധികാരികളെക്കൊണ്ട് ഉത്തരം പറയിപ്പിച്ചുമാണ് ഓരോ ദിവസത്തെയും ജോലി മുന്നോട്ടുപോകുന്നത്. 

Read Also : ബോസിനെ വെറുപ്പിക്കാതെ ജോലിയിൽ സ്ഥാനക്കയറ്റം നേടാൻ നാല് വഴികൾ

ന്യൂസ് ഡയറക്ടർ

ടെലിവിഷൻ ന്യൂസ് റൂമിലെ ഏറ്റവും ഉന്നത പദവിയിലുള്ള വ്യക്തിയാണ് ഡയറക്ടർ. എക്സിക്യുട്ടീവ് ന്യൂസ് പ്രൊഡ്യൂസർ, അസിസ്റ്റന്റ് ന്യൂസ് ഡയറക്ടർ എന്നീ തസ്തികകളിൽ ജോലി ചെയ്തു ജോലി പരിചയം നേടുന്ന വ്യക്തിക്കാണ് ഡയറക്ടർ പോസ്റ്റിൽ എത്താനാകുക. വാർത്തയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരുടെ സ്ഥാനക്കയറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിലെ അവസാന വാക്കും ഇദ്ദേഹം തന്നെയാണ്. ഏതൊക്കെ വാർത്തകളാണ് കവർ ചെയ്യേണ്ടത്, എങ്ങനെ, ഏതൊക്കെ രീതിയിൽ വേണം അവതരണം, ഏതു സമയത്താണു കാണിക്കേണ്ടത് തുടങ്ങി വാർത്താ ചാനലിന്റെ അവസാന വാക്കും നിർണായക ശക്തിയുമാണ് ഡയറക്ടർ. 

 

അസൈൻമെന്റ് മാനേജർ

റിപ്പോർട്ടർമാർക്കും എഡിറ്റർമാർക്കും ജോലികൾ വീതിച്ചു നൽകുന്നത് അസൈൻമെന്റ് മാനേജരാണ്. ഓരോ ആഴ്ചത്തേക്കുള്ള ഷെഡ്യൂൾ നേരത്തേ തയാറാക്കുകയാണ് ചെയ്യുന്നത്. അവധി അപേക്ഷകൾ ഉൾപ്പെടെ കൈകാര്യം ചെയ്യാറുമുണ്ട്. ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തമായ പ്ലാൻ തയാറാക്കിയാണ് അസൈൻമെന്റ് മാനേജർ ദിവസം തുടങ്ങുന്നത്. വിവിധ വാർത്താ സ്രോതസ്സുകളിൽ നിന്ന് വിവരം ശേഖരിച്ച് ഓരോ ദിവസത്തെയും പ്ലാൻ‌ തയാറാക്കുന്നതിനു പുറമേ ആരൊക്കെ ഏതൊക്കെ സംഭവങ്ങൾ കവർ ചെയ്യുന്നു എന്ന തീരുമാനവും എടുക്കുന്നു. അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങളും അവയെ പിന്തുടർന്നു വാർത്ത സൃഷ്ടിക്കുന്നതുമാണ് ഇവർ നേരിടുന്ന വെല്ലുവിളി. അവസരത്തിനൊത്ത് ഉയർന്നും പുതിയ പദ്ധതികൾ തയാറാക്കിയും ടീം അംഗങ്ങളെ തയാറാക്കിയും വെല്ലുവിളി ഏറ്റെടുക്കുന്നവർക്കു മാത്രമേ ഈ പോസ്റ്റിൽ വിജയിക്കാനാവൂ. 

 

ന്യൂസ്കാസ്റ്റ് പ്രൊഡ്യൂസർ 

ടെലിവിഷനിൽ പ്രേക്ഷകർ കാണുന്ന പ്രോഗ്രാമിന്റെ ഉത്തരവാദിത്തം ന്യൂസ്കാസ്റ്റ് പ്രൊഡ്യൂസർക്കാണ്. സ്ക്രിപ്റ്റ് തയാറാക്കുന്നതിനുപുറമേ അവതരിപ്പിക്കുന്ന പരിപാടിയിൽ എവിടെ സംഭാഷണം ഉൾപ്പെടുത്തണം, ദൃശ്യങ്ങൾ എങ്ങനെ വേണം എന്നിവയൊക്കെ ഉത്തരവാദിത്തത്തോടെ നിർവഹിക്കണം. ഓരോ ദിവസവും അവതരിപ്പിക്കുന്ന എണ്ണമറ്റ പരിപാടികളിൽ ഒന്നെങ്കിലും ആ ദിവസത്തെ സംസാരവിഷയമാകുമ്പോഴാണ് ജോലി വിജയിക്കുന്നതും സംതൃപ്തി ലഭിക്കുന്നതും. ഓരോ പരിപാടിക്കും സമയം ക്രമീകരിച്ചും കൃത്യസമയത്തു തുടങ്ങി സമയത്തുതന്നെ അവസാനിക്കുന്നു എന്നും ഉറപ്പ് വരുത്തണം. സമയം കഴിഞ്ഞും അവതരണം നീണ്ടുപോകുന്നതും അനുയോജ്യമായ ദൃശ്യങ്ങൾ ലഭിക്കാതിരിക്കുന്നതും പ്രൊഡ്യൂസറുടെ ജോലിയിലെ വിഷമ ഘട്ടങ്ങളാണ്. 

Read Also : ജോലിയിൽ ഉയർച്ച വേണോ?; കഴിവിനൊപ്പം അവസരവും വളർത്താൻ ഇങ്ങനെ ചെയ്യാം

ആങ്കർ 

ടെലിവിഷൻ ചാനലിന്റെ മുഖം ആങ്കർമാരുടെ മുഖമാണ്. വാർത്ത വായിക്കുക എന്നതുമാത്രമായിരുന്നു നേരത്തേ ആങ്കറുടെ ജോലി. നിലവിൽ വാർത്ത വായിക്കുന്നതിനു പുറമേ ഫീൽഡിലുള്ള റിപ്പോർട്ടറെ വിളിച്ച് പുതിയ വിവരങ്ങൾ ശേഖരിക്കുന്നതും ചോദ്യങ്ങൾ ഉന്നയിച്ച് വാർത്ത സമഗ്രമാക്കുന്നതിലുമെല്ലാം ആങ്കർ ഇടപെടാറുണ്ട്. മികച്ച റിപ്പോർട്ടർക്കു മാത്രമേ മികച്ച ആങ്കറുമാകാൻ കഴിയൂ. റേഡിയോ ചാനലുകളുടെ ശക്തിയും അവതാരകരുടെ ശബ്ദം തന്നെയാണ്. ഓൺലൈൻ സൈറ്റുകൾക്കു വേണ്ടി വാർത്ത തയാറാക്കേണ്ടിയും വരാം.

 

 

റിപ്പോർട്ടർ

വാർത്തകൾ ഉദ്ഭവിക്കുന്നിടത്തു ജോലി ചെയ്യുന്ന റിപ്പോർട്ടർ ഓരോ നിമിഷവും പുതിയ സ്ഥലങ്ങളിലും പുതിയ വ്യക്തികളുമായും ഇടപെടുന്ന വ്യക്തിയാണ്. ഓഫിസിൽ ഇരുന്നുള്ള ജോലിയല്ല റിപ്പോർട്ടറുടേത്. ആശുപത്രി, പൊലീസ് സ്റ്റേഷൻ, രാഷ്ട്രീയ സമ്മേളനങ്ങൾ, ഭരണ സിരാകേന്ദ്രങ്ങൾ എന്നിങ്ങനെ നിരന്തരമായി സഞ്ചരിച്ചും വിവരങ്ങൾ ശേഖരിച്ചുമാണ് റിപ്പോർട്ടറുടെ ജീവിതം മുന്നോട്ടുപോകുന്നത്. കൃത്യം മണിക്കൂറിൽ അവസാനിക്കാതെ ജോലി പലപ്പോഴും കൂടുതൽ സമയത്തേക്കു നീളാറുമുണ്ട്. ചാനൽ സ്റ്റുഡിയോയുമായി ബന്ധപ്പെട്ടും സഹകരിച്ചും കൃത്യസമയത്ത് വാർത്തയും വിശകലനങ്ങളും നൽകാനും തയാറായിരിക്കണം. 

 

ഫോട്ടോഗ്രഫർ 

ഓരോ സംഭവത്തിന്റെയും വിലപ്പെട്ട രേഖയാണ് ചിത്രങ്ങൾ. വാർത്തയെയും അവതരണത്തെയും സമ്പന്നമാക്കുന്നത് മികച്ച ദൃശ്യങ്ങളാണ്. റിപ്പോർട്ടർക്കൊപ്പമാണ് ജോലി ചെയ്യേണ്ടത്. ഓഫിസിൽ പോകാതെ തന്നെ നിരന്തരമായി സഞ്ചരിച്ചും ദൃശ്യങ്ങൾ ശേഖരിച്ചും ഫോട്ടോഗ്രഫർക്ക് ജോലി പൂർത്തിയാക്കാൻ കഴിയും. ഓരോ സ്ഥലത്തും കൃത്യസമയത്ത് ഓടിയെത്തിയും ഏറ്റവും പ്രധാനപ്പെട്ട നിമിഷം നഷ്ടപ്പെടുത്താതെ പകർത്തിയും ഫോട്ടോഗ്രഫർ ജോലി ആവേശകരമാക്കുന്നു. 

Read Also : ലോകമെങ്ങും ഇംഗ്ലിഷ് പഠിപ്പിക്കാം,മികച്ച ശമ്പളം! അറിയാം ടെഫ്ൽ, ടീസോൾ സർട്ടിഫിക്കേഷനുകൾ

വെബ് പ്രൊഡ്യൂസർ 

ടെലിവിഷൻ, റേഡിയോ, ഓൺലൈൻ സൈറ്റ് എന്നിവയ്ക്കുള്ള ഉള്ളടക്കം തയാറാക്കുന്നത് വെബ് പ്രൊഡ്യസറാണ്. അവതരണത്തിനിടെ കാണിക്കുന്ന ബാനറുകൾ, ബ്രേക്കിങ് ന്യൂസ്, ഫ്ലാഷ് എന്നിവ ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ അവതരിപ്പിക്കുക എന്നതു വെല്ലുവിളിയാണ്. ഓരോ വാർത്തയ്ക്കുമുള്ള കീവേർഡ് തയാറാക്കുന്നതും വെബ് പ്രൊഡ്യൂസറാണ്. ഈ കീ വേർഡുകൾ അഥവാ തലക്കെട്ടുകളിലൂടെയാണ് പ്രേക്ഷകർ വാർത്ത ഓർത്തിരിക്കുന്നതും അതേക്കുറിച്ചു സംസാരിക്കുന്നതും. ഫെയ്സ്ബുക്ക്, വാട്സാപ് ഉൾപ്പെടെയുള്ള നവ സമൂഹ മാധ്യമങ്ങൾ വഴിയുള്ള വാർത്താ പ്രചാരണവും ഇവരുടെ ഉത്തരവാദിത്തമാണ്. 

 

ഡിസ്ക് ജോക്കി

റേഡിയോ എഫ്എം,എഎം നിലയങ്ങളിൽ പാട്ടുകൾ അവതരിപ്പിക്കുന്നയാളാണ് ഡിജെ. പ്രത്യേക പരിപാടികളുടെ അവതാരകരായും ഡീജെമാർ എത്താറുണ്ട്. കേൾവിക്കാരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞും സരസമായ മറുപടികളിലൂടെ രസിപ്പിച്ചും മുന്നേറുന്ന ജോലിയാണ് ഡീജെയുടേത്. 

 

Content Summary : Discover 8 Lucrative Jobs in Electronic Media for Your Dream Career

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com