ഉള്ളതുകൂടി നഷ്ടപ്പെടുമോ എന്ന ചിന്തയിൽ പുതിയ ലക്ഷ്യങ്ങൾ തേടാൻ മടിക്കാറുണ്ടോ?
Mail This Article
മലകയറ്റം യുവാവിന്റെ വിനോദമാണ്. ആ വർഷം പുതിയൊരു മലയാണു കയറുന്നത്. അടിവാരത്ത് എത്തിയപ്പോൾ ഗൈഡിനൊപ്പം നൂറുകണക്കിന് ആളുകളുണ്ട്. യുവാവിന്റെ സുഹൃത്തുക്കൾ ആൾക്കൂട്ടം കണ്ട് തിരിച്ചു പോകാനൊരുങ്ങി. എങ്കിലും യുവാവിന്റെ നിർബന്ധം മൂലം അവരും കയറി. മലമുകളിലും ആൾക്കൂട്ടമുണ്ട്. ഉടനെ തിരിച്ചിറങ്ങാമെന്നു കരുതിയപ്പോഴാണ് തൊട്ടപ്പുറത്തുള്ള മറ്റൊരു മല യുവാവ് ശ്രദ്ധിച്ചത്. അവിടെ ആളുകൾ കുറവാണ്. പക്ഷേ, അവിടേക്കുള്ള വഴി അപകടം നിറഞ്ഞതാണെന്നു മനസ്സിലാക്കിയ സുഹൃത്തുക്കൾ പിന്മാറി. യുവാവ് രണ്ടും കൽപിച്ച് അടുത്ത മലയും കയറി. അതിമനോഹരമായിരുന്നു അവിടുത്തെ കാഴ്ച. അവിടെനിന്നു പോകാനിറങ്ങിയപ്പോൾ സഹയാത്രികനോടു യുവാവ് ചോദിച്ചു: എന്താണ് ഇവിടെ ആളുകൾ കുറവ്? അയാൾ പറഞ്ഞു: എളുപ്പത്തിൽ കിട്ടുന്നതെല്ലാം സ്വന്തമാക്കി ഭൂരിഭാഗം പേരും തങ്ങളുടെ യാത്ര അവസാനിപ്പിക്കും. ഉള്ളതുകൂടി നഷ്ടപ്പെടുമോ എന്ന ചിന്തയാണ് അർഹിക്കുന്ന നേട്ടങ്ങളെയും അകറ്റിനിർത്തുന്നത്.
Read Also : അപക്വമായി പെരുമാറുന്നവരോട് മാന്യതയോടെ പ്രതികരിക്കണോ?
ചെറിയദൂരം താണ്ടിയാൽ ചെറിയ ലക്ഷ്യങ്ങളിലെത്തും. വലിയ ലക്ഷ്യങ്ങളിലെത്താൻ വിദൂരതയിലേക്കു യാത്ര ചെയ്യേണ്ടിവരും. ആയാസരഹിതവും അപകടരഹിതവുമായ ശ്രമങ്ങൾ എല്ലാവരും നടത്തും. അവയിൽനിന്നു ലഭിക്കുന്ന ചെറിയസുഖങ്ങളിൽ സംതൃപ്തരുമാകും. സാഹസികതയുടെ സമ്മർദങ്ങളൊന്നും അനുഭവിക്കേണ്ടി വന്നില്ല എന്നതിലാണ് അവരുടെ ആശ്വാസം. അനായാസമായതിൽ സംതൃപ്തി കണ്ടെത്തുന്നു എന്നതാണ് അതീന്ദ്രിയമായവ പോലും നേടിയെടുക്കാൻ ശേഷിയുള്ളവരുടെ തെറ്റ്. ആദ്യഘട്ടങ്ങൾക്കു പൊതുനിലവാരം മാത്രമാണുണ്ടാകുക. അവിടെ എല്ലാവരും പ്രത്യക്ഷപ്പെടുകയും പ്രയത്നിക്കുകയും ചെയ്യും. പിന്നീടുള്ള ഘട്ടങ്ങൾക്ക് ഉന്നതനിലവാരവും വലിയ കാഠിന്യവുമുണ്ടാകും. അവിടേക്ക് എത്തിച്ചേരാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം കുറവായിരിക്കും.
Read Also : ജീവിതത്തിൽ ഇതുവരെ രക്ഷപ്പെട്ടില്ലെന്ന് തോന്നുന്നുണ്ടോ? കാരണമിതാകാം
അത്തരം ഘട്ടങ്ങളിലൂടെ കടന്നുപോകുന്നവർക്കു ലഭിക്കുന്ന ചില ഗുണങ്ങളുണ്ട്. മത്സരക്ഷമത വർധിക്കും, ആത്മവിശ്വാസം ഒരുപടികൂടി ഉയരും, മറ്റാർക്കും ലഭിക്കാത്ത കാഴ്ചകളും അനുഭവങ്ങളും ലഭിക്കും, കൂടുതൽ ഉയരങ്ങളിലേക്കുള്ള യാത്രകൾക്കു കളമൊരുങ്ങും, കൂടുതൽ ദൂരം കീഴടക്കാനാഗ്രഹമുള്ള സഹയാത്രികരെ ലഭിക്കും. ആദ്യതലത്തിൽ തന്നെ പൂർണവിരാമമിടുമ്പോഴുള്ള പ്രശ്നം ഇത്തരം നേട്ടങ്ങളിലേക്കൊന്നും എത്തിനോക്കാൻപോലും കഴിയില്ല എന്നതാണ്.
Content Summary : How to Overcome the Fear of Losing What You Have