ADVERTISEMENT

പഠനം പൂർത്തിയാക്കിയ ശിഷ്യന് ഗുരു ഒരു മാന്ത്രികക്കണ്ണാടി നൽകി. അതിലൂടെ നോക്കിയാൽ ആരുടെ മനസ്സിലെയും ചിന്തകളറിയാം. ശിഷ്യൻ ആദ്യംതന്നെ ഗുരുവിന്റെ നേരെ കണ്ണാടി തിരിച്ചു. ഗുരുവിലെ അഹങ്കാരവും ആസക്തിയും കണ്ട് ശിഷ്യൻ ഞെട്ടി. അവൻ പുറത്തിറങ്ങി ആളുകളെ കണ്ണാടിയിലൂടെ നോക്കി. എല്ലാവരിലും എന്തെങ്കിലുമൊക്കെ പ്രശ്നങ്ങളുണ്ടായിരുന്നു. വീട്ടിലെത്തിയപ്പോൾ അച്ഛന്റെയും അമ്മയുടെയും നേരെ അവൻ കണ്ണാടി തിരിച്ചു. അവരുടെ ചിന്തകളിലും പ്രശ്നങ്ങൾ. നിരാശനായ ശിഷ്യൻ ഗുരുവിന്റെ അടുത്തെത്തി പറഞ്ഞു: നല്ല ഒരു വ്യക്തിയെപ്പോലും എനിക്കു കാണാൻ കഴിഞ്ഞില്ല. എന്തുകൊണ്ടാണ് ലോകമിങ്ങനെ? ഗുരു കണ്ണാടി വാങ്ങി ശിഷ്യന്റെ നേരെ പിടിച്ചു. അവന്റെയുള്ളിലെ അസൂയയും ദുർവാശിയും ദൃശ്യമായി. ഗുരു പറഞ്ഞു: ഞാൻ നിനക്കിതു തന്നത് ഇതിൽ നോക്കി സ്വന്തം പോരായ്മകൾ തിരുത്താനാണ്. മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കാനല്ല. 

Read Also : സെൽ‌ഫ് പ്രമോഷൻ നല്ലതോ ചീത്തയോ?; ജോലിയിൽ ഉയർച്ച ആഗ്രഹിക്കുന്നവർ തീർച്ചയായും അറിയണം

മറ്റുള്ളവരുടെ മുഖത്തുനോക്കി കുറവുകൾ കണ്ടുപിടിക്കുന്നവരുടെ ഏറ്റവും വലിയ പോരായ്മ സ്വന്തമായി ഒരു മുഖക്കണ്ണാടിയില്ല എന്നതാണ്. കണ്ണുകൾ പുറത്തുള്ളവ കാണാനേ സഹായിക്കൂ. അവനവന്റെയും അപരന്റെയും ഉള്ളുകാണാൻ പ്രേരിപ്പിക്കുന്ന ഒരു ഇന്ദ്രിയമെങ്കിലും ഉണ്ടായിരുന്നെങ്കിൽ എല്ലാവരുടെയും ജീവിതം കുറെക്കൂടി പരോപകാരപ്രദമായേനെ. തന്നിലേക്കു നോക്കാൻ താൽപര്യമുള്ള എത്രപേരുണ്ടാകും? അന്യനിലേക്കു നോക്കാൻ താൽപര്യമില്ലാത്ത എത്രപേരുണ്ടാകും? എല്ലാവരും പോരായ്മയുള്ളവരാണെന്ന പൊതുതത്വം അംഗീകരിച്ചാലും സ്വന്തം കുറവുകൾ സൂക്ഷ്മമായി ചൂണ്ടിക്കാണിക്കാനോ പ്രദർശിപ്പിക്കാനോ ആരും തയാറാകില്ല. പിശകുകൾ സമ്മതിച്ചാൽ അവ തിരുത്തണം; അതു ശീലങ്ങളെയും ഇന്ദ്രിയസുഖത്തെയും ചോദ്യം ചെയ്യും. 

Read Also : ഉള്ളതുകൂടി നഷ്ടപ്പെടുമോ എന്ന ചിന്തയിൽ പുതിയ ലക്ഷ്യങ്ങൾ തേടാൻ മടിക്കാറുണ്ടോ?

അന്യന്റെ കുറവുകളാണ് സ്വന്തം പോരായ്മകൾ മറയ്ക്കാനുള്ള ഏറ്റവും എളുപ്പവഴി. എല്ലാം തികഞ്ഞ ആരുമില്ലെന്ന കണ്ടെത്തൽ സ്വന്തം ബലഹീനതകളെ ന്യായീകരിക്കുന്നതിനുള്ള സൂത്രവാക്യവുമാണ്. ഉള്ളിലേക്കു നോക്കാൻ കഴിയുന്ന കണ്ണടകൾ നിർമിക്കാൻ കഴിഞ്ഞാൽ അതാകും ലോകത്തിലെ ഏറ്റവും വിപ്ലവകരമായ കണ്ടുപിടിത്തം. മറ്റാരും കാണാതെ സ്വന്തം പ്രശ്നങ്ങൾ അവനവനുതന്നെ കണ്ടെത്താനുള്ള മാർഗമുണ്ടായാൽ ആരുമറിയാതെ തിരുത്താനും കഴിയും.

 

Content Summary : Discover the Secret to Overcoming Blame and Changing Your Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com