മെഡിക്കൽ ഉപരിപഠന കോഴ്സുകളിൽ നീറ്റ്–പിജി, നീറ്റ്–എസ്എസ് വഴിയല്ലാതെ പ്രവേശനം നേടാൻ സാധിക്കുമോ?
Mail This Article
∙നീറ്റ്–പിജി, നീറ്റ്–എസ്എസ് വഴിയല്ലാതെ, ചില സ്ഥാപനങ്ങൾ മെഡിക്കൽ ഉപരിപഠന കോഴ്സുകളിൽ പ്രവേശനം നൽകുന്നുവെന്നു കേൾക്കുന്നതു ശരിയാണോ?
Read Also : പ്രഗ്നാനന്ദയെയും അമ്മ നാഗലക്ഷ്മിയെയും മാതൃകയാക്കാനാണോ പ്ലാൻ
ശരിയാണ്. ദേശീയ പ്രാധാന്യമുള്ള ഏതാനും മെഡിക്കൽ ഉപരിപഠന സ്ഥാപനങ്ങളിലെ എംഡി, ഡിഎം, എംസിഎച്ച് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം ഐഎൻഐ–സിഇടി (Institutes of National Importance – Combined Entrance Test) / ഐഎൻഐ–എസ്എസ് (Institutes of National Importance – Super Specialty) വഴിയാണു നടത്തുന്നത്.
ഈ വിഭാഗത്തിൽ പെടുന്ന സ്ഥാപനങ്ങൾ താഴെപ്പറയുന്നു.·ന്യൂഡൽഹിയിലേതടക്കം 15 എയിംസ്, ·ജിപ്മെർ പുതുച്ചേരി, ·നിംഹാൻസ് ബെംഗളൂരു, പിജിഐഎംഇആർ ചണ്ഡിഗഡ്, · ശ്രീചിത്ര തിരുവനന്തപുരം. ഐഎൻഐ ടെസ്റ്റുകൾ സംബന്ധിച്ച വിവരങ്ങൾക്ക് http://www.aiimsexams.ac.in എന്ന സൈറ്റ് നോക്കാം.
സർട്ടിഫൈഡ് ഇന്റേണൽ ഓഡിറ്റർ
∙ ഓഡിറ്റിങ്ങിൽ വിദേശരാജ്യങ്ങളിലും അംഗീകാരം ലഭിക്കാൻ നമ്മുടെ സിഎക്കു പുറമേ ഏതെങ്കിലും യോഗ്യത പ്രയോജനപ്പെടുമോ?
ഓഡിറ്റിങ്ങിനു രാജ്യാന്തരതലത്തിൽ യോഗ്യത നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ട് ആണ് യുഎസ് ആസ്ഥാനമായ ഐഐഎ, The Institute of Internal Auditors, വെബ് : https://www.theiia.org. ഈ സ്ഥാപനത്തിന്റെ CIA (സർട്ടിഫൈഡ് ഇന്റേണൽ ഓഡിറ്റർ) അംഗത്വം രാജ്യാന്തരതലത്തിൽ ഓഡിറ്റർ ജോലിക്ക് മികച്ച യോഗ്യതയായി കരുതിവരുന്നു.
യുഎസ്, യുകെ, ഓസ്ട്രേലിയ, കാനഡ, ഗൾഫ് രാജ്യങ്ങൾ മുതലായവയിൽ നല്ല വേതനത്തോടെ പ്രവർത്തിക്കാൻ സിഐഎമാർക്ക് അവസരമുണ്ട്. സ്വകാര്യമേഖലയിൽ ഇന്ത്യയിലുമുണ്ട് സാധ്യതകൾ. പക്ഷേ ഇവിടെ ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കുള്ള സ്റ്റാറ്റ്യൂട്ടറി അധികാരം സിഐഎയ്ക്കു കിട്ടില്ല.
ചുമതലകൾ: ഫിനാൻഷ്യൽ /ടാക്സ് /സ്റ്റോക് /റിസ്ക് മാനേജ്മെന്റ്, കമ്പനി ഓഡിറ്റ് മുതലായ പല ചുമതലകളും സിഐഎ കൈകാര്യം ചെയ്യും. കണക്കുകളിൽ കൃത്യത പാലിച്ച് ബിസിനസ് പ്രവർത്തനങ്ങൾ സത്യസന്ധവും കാര്യക്ഷമവും ആക്കുന്നതിനുള്ള ഉപദേശം നൽകുക, റിസ്ക് മാനേജ്മെന്റ് സമർഥമെന്ന് ഉറപ്പാക്കുക, മുഖ്യ പ്രവർത്തനങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകൾ തയാറാക്കി പ്രസക്ത അധികാരികൾക്കു വിതരണം ചെയ്യുക തുടങ്ങി പല നിർണായക ഉത്തരവാദിത്തങ്ങളും നിർവഹിക്കും.
പ്രവേശനയോഗ്യത:ബാച്‌ലർ ബിരുദമോ ഇന്റേണൽ ഓഡിറ്റിൽ 5 വർഷത്തെ പരിചയമോ ഉള്ളവർക്ക് അപേക്ഷിക്കാം. മറ്റു ചില യോഗ്യതകളും ഇൻസ്റ്റിറ്റ്യൂട്ട് നിർദേശിച്ചിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രഫഷനൽ സർട്ടിഫിക്കേഷൻ ബോർഡിന്റെ എല്ലാ വ്യവസ്ഥകളും സ്വീകരിക്കണം. ‘സിഐഎ ലേണിങ് സിസ്റ്റം’ പരിശീലനത്തിനാവശ്യമായ വിവരങ്ങൾ ഓൺലൈനായും ആവശ്യമുണ്ടെങ്കിൽ അച്ചടിച്ച മാറ്റർ വഴിയും പകർന്നുതരും. വീട്ടിലിരുന്ന് ഓൺലൈനായി ‘ഐഐഎ സർട്ടിഫിക്കേഷൻ ടെസ്റ്റ്’ എഴുതാം. അപേക്ഷാരീതിയടക്കം പൂർണവിവരങ്ങൾ വെബ് സൈറ്റിലുണ്ട്.
ഇന്ത്യയിലെ യൂണിറ്റ്: രാജ്യാന്തര ഐഐഎയുമായി കൈകോർത്ത് ഐഐഎ–ഇന്ത്യ പ്രവർത്തിക്കുന്നുണ്ട് – The Institute of Internal Auditors India, Andheri East, Mumbai; www.iiaindia.com. ഡൽഹി ബ്രാഞ്ചും മുംബൈ, മദ്രാസ്, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ് ചാപ്റ്ററുകളുമുണ്ട്.ഇന്ത്യയിലെ ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കു താൽപര്യമുണ്ടെങ്കിൽ ഒറ്റ സിറ്റിങ്ങിൽ 150 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുള്ള 3–മണിക്കൂർ ‘സിഐഎ ചാലഞ്ച് എക്സാമിനേഷൻ’ എഴുതി, രാജ്യാന്തരയോഗ്യത നേടാം. ഇതിന് ഈ മാസം 30 വരെ അപേക്ഷ സ്വീകരിക്കും.
Content Summary : Discover an Alternative Route to Admission in Medical Courses - Know About INI-CET and INI-SS