ആരുമറിയാതെ സൽക്കർമങ്ങൾ ചെയ്യാറുണ്ടോ?; കാത്തിരിക്കുന്നത് ആ സുകൃതം
![1588320151 Representative image. Photo Credit : Bignai/iStock image](https://img-mm.manoramaonline.com/content/dam/mm/mo/education/career-guru/images/2023/9/8/positive-thought.jpg?w=1120&h=583)
Mail This Article
നന്മയുടെ ഉറവിടമായ ഒരു മനുഷ്യനുണ്ടായിരുന്നു. മാലാഖമാർ അദ്ദേഹത്തെ കാണാനെത്തി. അവർ ചോദിച്ചു: ദൈവം താങ്കൾക്ക് എന്തു വരങ്ങളാണു നൽകേണ്ടത്? രോഗികളെ സുഖപ്പെടുത്തണോ? അതു ദൈവം ചെയ്താൽ മതിയെന്നായിരുന്നു മറുപടി. തിന്മചെയ്യുന്നവരെ നന്മയിലേക്കു കൊണ്ടുവരാനുള്ള കഴിവ് വേണോ? അതു മാലാഖമാർ ചെയ്താൽ മതി. നിങ്ങളുടെ സദ്ഗുണങ്ങളിലൂടെ ആളുകളെ ആകർഷിക്കാനുള്ള വരം നൽകട്ടേ? വേണ്ട, അങ്ങനെ സംഭവിച്ചാൽ ആളുകൾ ദൈവത്തെ മറക്കും. ആരുമറിയാതെ സൽക്കർമങ്ങൾ ചെയ്യാനുളള കഴിവ് നൽകിയാൽ മതി.
Read Also : അന്ധകാരത്തെ അക്ഷരംകൊണ്ടു തോൽപ്പിച്ച ഗുരുനാഥൻ; വിശ്വനാഥന് എഴുത്തും നാടകവും ഒരുപോലെ പ്രിയം
അവർ അദ്ദേഹത്തിന്റെ നിഴലിന് അദ്ഭുതശക്തി നൽകി. അത് എവിടെ വീണാലും അവിടെ ഒരദ്ഭുതം സംഭവിക്കും, വേദനകൾ മാറും, പൂക്കൾ വിരിയും, ഉറവ പുറപ്പെടും. നാളുകൾക്കുശേഷം അദ്ദേഹത്തിന്റെ പേരുപോലും ജനങ്ങൾ മറന്നു. നിഴൽ വിശുദ്ധൻ എന്നായി അദ്ദേഹത്തിന്റെ വിളിപ്പേര്.
അടയാളങ്ങൾ അവശേഷിപ്പിക്കുന്നവരുണ്ട്, ആത്മാവ് അവശേഷിപ്പിക്കുന്നവരുമുണ്ട്. എല്ലാ അടയാളങ്ങൾക്കു പിന്നിലും അവയ്ക്കു കാരണഭൂതരായവരെക്കുറിച്ചുള്ള രേഖകളുമുണ്ടാകും. കൊത്തിവച്ചിരിക്കുന്ന പേരുകളിലൂടെയോ സ്മരണ പുതുക്കലിലൂടെയോ അവരുടെ സാന്നിധ്യം എന്നും നിലനിൽക്കും. അവരുടെ അസാധാരണ മികവും ശേഷിയും അഭിനന്ദിക്കപ്പെടേണ്ടതുതന്നെ. ആത്മാവ് അവശേഷിപ്പിക്കുന്നവർക്ക് ആൾരൂപങ്ങളുണ്ടാകില്ല.
പ്രത്യക്ഷപ്പെടാനോ ആരാധിക്കപ്പെടാനോ അവർക്കു താൽപര്യമുണ്ടാകില്ല. നന്മ സംഭവിക്കണമെന്നല്ലാതെ അതു തങ്ങളിലൂടെ മാത്രമേ സംഭവിക്കാവൂ എന്ന് അവർക്കു നിർബന്ധമില്ല. ഏതെങ്കിലും പുരസ്കാരങ്ങളിലേക്കുള്ള ജൈത്രയാത്രയല്ല അവരുടെ കർമരംഗം. ഒരു തങ്കപാളിയിലും അവരുടെ പേരുണ്ടാകില്ല. അവർക്കു കണക്കുപുസ്തകങ്ങളും ഉണ്ടാകില്ല. ഒഴുകിയ വഴികളിൽ പകർന്ന പച്ചപ്പിനെക്കുറിച്ച് ഏതു നദിയാണ് രൂപരേഖ തയാറാക്കുന്നത്? എവിടൊക്കെ വിത്തുകൾ വിതറിയെന്ന് അപ്പൂപ്പൻതാടിയോടു ചോദിച്ചാൽ മറുപടിയുണ്ടാകുമോ? ആരെയൊക്കെ തഴുകിയെന്ന് ഇളംകാറ്റിനോടു ചോദിച്ചാലും നിശ്ശബ്ദതയായിരിക്കും പ്രതികരണം.
Content Summary : The Power of Virtuous Deeds: Be Amazed by the Shadow Saint's Legacy