ADVERTISEMENT

വിദ്യാഭ്യാസ യോഗ്യതയാണ് മാനദണ്ഡമെങ്കിലും ജോലി ലഭിക്കാനും സ്ഥാനക്കയറ്റം നേടാനും ചില മൂല്യങ്ങൾ കൂടി വേണം. ഉദ്യോഗാർഥികളിൽ സ്ഥാപനങ്ങൾ തേടുന്നത് പ്രധാനമായും ഈ മൂല്യങ്ങളാണ്. അഭിമുഖത്തിൽ ഉൾപ്പെടെ ഇക്കാര്യം പരിശോധിക്കും. അച്ചടക്കവും അർപ്പണവും വിശ്വസ്തതയുമുണ്ടെന്ന് തുടക്കം മുതൽ തെളിയിക്കുന്നവർക്കു മാത്രമാണ് ജോലി ലഭിക്കുന്നതും പടിപടിയായി സ്ഥാനക്കയറ്റം ലഭിക്കുന്നതും. മൂല്യാധിഷ്ഠിതമായി പ്രവർത്തി ക്കുമെന്ന ഉറപ്പും മൂല്യങ്ങൾ നിലനിർത്താനുള്ള കഴിവുമാണ് കരിയറിലെ ഉയർച്ചയ്ക്കു വേണ്ടത്. 

Read Also : ജോലിയിൽ നിരന്തരം ഉയർച്ച ലക്ഷ്യമിടുന്നവരാണോ

സമർപ്പണ മനോഭാവത്തോടെ ജോലി ചെയ്യാനുള്ള കഴിവാണ് ഏതു വ്യക്തിയിൽ നിന്നും സ്ഥാപനം പ്രതീക്ഷി ക്കുന്നത്. ദൃഡനിശ്ചയത്തോടെ ജോലി ചെയ്യാനുള്ള കഴിവാണ് രണ്ടാമത്തെ പ്രധാനം ഗുണം. ഇവ രണ്ടുമുള്ള വ്യക്തികൾ സ്വാഭാവികമായും ജോലിയിൽ ഉയരങ്ങളിലെത്തും. കഠിനാധ്വാനമാണ് ഇത്തരക്കാരെ മുന്നോട്ടു നയിക്കുന്നത്. ഏകാഗ്രതയോടെ ജോലി ചെയ്യുന്നതിനു പുറമേ, അബദ്ധങ്ങൾ സംഭവിക്കാതിരിക്കാനുള്ള ജാഗ്രതയും ശ്രദ്ധയും മറ്റുള്ളവരിൽ നിന്നു വേറിട്ടു നിർത്തും. ജോലിയിലെ മൂല്യങ്ങൾ  ജനിക്കുമ്പോൾ തന്നെ സ്വന്തമാക്കുന്നതല്ല. ജീവിതത്തിലൂടെ ആർജിക്കുന്ന കഴിവുകളാണ്. വർക് എത്തിക്സ് അഥവാ ജോലിയിലെ മൂല്യങ്ങൾ പ്രധാനമായും 10 എണ്ണമാണ്. ഇവ എന്തൊക്കെ, എങ്ങനെ നേടാം, നിലനിർത്താം എന്നു മനസ്സിലാക്കാം. 

1. വിശ്വസ്തത
പുതുതായി ജോലിയിൽ പ്രവേശിക്കുന്നവരിൽ സ്ഥാപനങ്ങൾ ഏറ്റവുമധികം തേടുന്നത് വിശ്വസ്തതയാണ്. ഏതു ജോലിയും വിശ്വസിച്ച് ഏൽപിക്കാനാവുക എന്നതു വിദ്യാഭ്യാസ യോഗ്യതയേക്കാളും പ്രധാനമാണ്. കൃത്യസമയത്ത് പിഴവുകളില്ലാതെ ജോലി പൂർത്തിയാക്കാൻ ഇവർക്കാകും. ഇത്തരക്കാരുടെ എണ്ണം കൂടുന്നത് സ്ഥാപനത്തിന്റെ ഉൽപാദന ക്ഷമത കൂട്ടും. 

2. അർപ്പണം
ജോലിയോടുള്ള പ്രതിബദ്ധതയാണ് ഒരേ തസ്തികയിൽ തന്നെ പ്രവർത്തിക്കുന്നവരെ പല തട്ടിലാക്കുന്നത്. ഏകാഗ്രമായി ജോലി ചെയ്യാനുള്ള കഴിവ് അർപ്പണബോധമുള്ളവരെ വേറിട്ടവരാക്കുന്നു. ഏൽപിക്കുന്ന ജോലി ഭദ്രമാണെന്ന തിരിച്ചറിവ് സ്ഥാപന മേധാവികൾക്കു നൽകുന്ന ആശ്വാസം ചെറുതല്ല. ജോലി തുടങ്ങുന്നതു മുതൽ തീരുന്നതുവരെയും ഒരേ ശ്രദ്ധയും താൽപര്യവും മികച്ച ഫലം സൃഷ്ടിക്കുന്നു. അർപ്പണ ബോധമുള്ളവർക്ക് ദീർഘകാലം ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യാൻ കഴിയും. അവർ മറ്റൊരിടത്തേക്കു പോകുന്നത് സ്ഥാപനം ആഗ്രഹിക്കില്ല. സ്ഥാനക്കയറ്റം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ മറ്റു സ്ഥാപനത്തിലേക്കു പോകുന്നതിൽ നിന്ന് ജീവനക്കാരെ തടയും. 

3. അച്ചടക്കം
വർക് എത്തിക്സിലെ പ്രധാനപ്പെട്ട മൂല്യങ്ങളിലൊന്നായ അച്ചടക്കത്തിന്റെ അർഥം അനുസരണ എന്നല്ല. ദൃഡനിശ്ച യവും ജോലിയോടുള്ള പ്രതിബദ്ധതയുമാണ് അച്ചടക്കം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കാര്യക്ഷമമായും മികച്ച രീതിയിലും ജോലി ചെയ്യാനുള്ള കഴിവാണ് അച്ചടക്കമുള്ളവരുടെ പ്രത്യേകത. ഇത് മേലുദ്യോഗസ്ഥരിൽ ജീവനക്കാരെക്കുറിച്ച് മികച്ച പ്രതിഛായ സൃഷ്ടിക്കുന്നു. ലഭിക്കുന്ന ആദ്യത്തെ അവസരത്തിൽ തന്നെ ഏറ്റവും പുതിയ കാര്യങ്ങൾ പഠിച്ചും അവസരത്തിനൊത്ത് ഉയർന്നും പ്രതീക്ഷ കാക്കുന്ന ഇക്കൂട്ടർ പലപ്പോഴും വിചാരിക്കുന്ന സമയത്തിനും മുന്നേ ഏൽപിച്ച ജോലി പൂർത്തിയാക്കും. 

Read Also : കനത്ത ശമ്പളവർധനവുള്ള ജോലിയാണോ ആവശ്യം

4. ഉൽപാദനക്ഷമത
കുറഞ്ഞ സമയത്തിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാനുള്ള ശേഷി ജീവനക്കാരെ ശ്രദ്ധേയരാക്കുന്നതിനു പുറമേ, വേഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കാനും പ്രാപ്തരാക്കുന്നു. പ്രതീക്ഷിക്കുന്നതിനേക്കാൾ മുന്നേ നല്ല നിലയിൽ ജോലി പൂർത്തിയാക്കുന്നവരെ ഏതു സ്ഥാപനവും പരിഗണിക്കും. കൂടുതൽ ചുമതലകൾ ഏൽപിച്ച് ഉയർന്ന പദവികളിലേക്ക് സ്ഥാനക്കയറ്റവും നൽകും.

5. സഹകരണം
ഏതു ജീവനക്കാരനും പ്രധാനമായി വേണ്ട ഗുണമാണ് മറ്റു ജീവനക്കാരുമായി സഹകരിക്കുക എന്നത്. ടീം മെംബർ ആകാൻ കഴിയാത്തവർക്ക് എത്ര വിദ്യാഭ്യാസ യോഗ്യതയുണ്ടെങ്കിലും മറ്റെന്തെല്ലാം ഗുണങ്ങളുണ്ടെങ്കിലും അധിക നാൾ ജോലി തുടരാൻ കഴിയില്ല. ടീമിലെ എല്ലാവരും ഒരുപോലെ കഴിവുകളുള്ളവരോ ഒരേ വേഗത്തിൽ ജോലി പൂർത്തിയാക്കുന്നവരോ ആയിരിക്കില്ല. ബുദ്ധിമുട്ട് നേരിടുന്നവരെ സഹായിച്ചും മികച്ച നിലയിൽ ജോലി ചെയ്യുന്നവരെ അഭിനന്ദിച്ചും സഹകരണ മനോഭാവം വളർത്തിയെടുത്താൽ സന്തോഷത്തോടെ ദീർഘകാലം ജോലി ചെയ്യാൻ കഴിയും. 

6. ആർജവം
സത്യസന്ധത, സീനിയർ ഉദ്യോഗസ്ഥരോട് ബഹുമാനം, മര്യാദയോടെയുള്ള പെരുമാറ്റം എന്നിവ സ്ഥാപനത്തിലെ അന്തരീക്ഷം ആരോഗ്യകരമാക്കും. മനസ്സിലുള്ളതു മറച്ചുവച്ചു സംസാരിക്കുന്നവരെ സഹപ്രവർത്തകർ വിശ്വസിക്കില്ല. സഹായിക്കുന്നതിനു പകരം തെറ്റുകൾ കണ്ടുപിടിക്കാൻ ശ്രമിക്കുകയാണോ എന്ന ഭയം സൗഹൃദ അന്തരീക്ഷം ഇല്ലാതാക്കും. കഴിവുള്ളവരെയും ഇല്ലാത്തവരെയും  ഒരേ നിലയിൽ വിശ്വാസത്തിലെടുത്തും പരസ്പരം സഹകരിച്ചും സഹായിച്ചും ജോലി ചെയ്യുന്നതാണ് ജോലിയിലെയും ജീവിതത്തിലെയും ആർജവം. 

Read Also : കരിയറിൽ ഉയരാൻ നിങ്ങൾ സ്വയം ചോദിക്കേണ്ട 8 ചോദ്യങ്ങൾ

7. ഉത്തരവാദിത്തം
സ്വയം ഉത്തരവാദിത്തം ഏറ്റെടുക്കുന്നവരെ മറ്റുള്ളവർ ബഹുമാനിക്കും. പകരം മറ്റുള്ളവരിലെ തെറ്റുകൾ കണ്ടെത്തു കയും അവരുടെ പിഴവുകൾ കൊണ്ടാണ് നല്ല നിലയിൽ പ്രവർത്തിക്കാനാവാത്തത് എന്നു പരിഭവിക്കുകയും ചെയ്യുന്നവരെ ഒരു സ്ഥാപനവും പ്രോത്സാഹിപ്പിക്കില്ല. ഉത്തരവാദിത്ത ബോധം ബാധ്യത കൂട്ടുമെങ്കിലും ഓരോ പ്രോജക്ടും വിജയകരമാകുമ്പോൾ ലഭിക്കുന്ന സംതൃപ്തി വില മതിക്കാനാവാത്തതാണ്. 

8. കുറ്റപ്പെടുത്താത്ത സ്വഭാവം
ഉത്തരവാദിത്തത്തിനൊപ്പം ചേർന്നുപോകുന്ന ഗുണം തന്നെയാണ് ഇതും. ജോലി ചെയ്യുന്നതിനൊപ്പം നേതൃശേഷി കൂടി പ്രകടിപ്പിക്കുന്നവർക്കാണ് ടീമിന്റെ നായക സ്ഥാനം ലഭിക്കുന്നത്. ടീമിലുള്ളവരുടെ വിശ്വാസം ആർജിക്കുകയാണ് പ്രധാനം. നിരന്തരം കുറ്റം കണ്ടുപിടിക്കുന്ന വ്യക്തിക്ക് ടീം അംഗങ്ങളുടെ വിശ്വാസം നേടാനാവില്ല. തെറ്റുകൾ തിരുത്തുന്നതിനൊപ്പം എല്ലാം അംഗങ്ങളെയും മുൻനിരയിലേക്കു കൊണ്ടുവരുന്നതും ഉത്തരവാദിത്തത്തിന്റെ ഭാഗം തന്നെയാണ്. തെറ്റുകളേക്കാൾ ശരികൾക്കു പ്രാധാന്യം കൊടുക്കുന്ന വ്യക്തിയെ ആയിരിക്കും സ്ഥാപനത്തിനും താൽപര്യം. 

9. പ്രഫഷനലിസം
ജോലി ചെയ്യുന്നതിൽ മാത്രമല്ല, വേഷം, ഭാഷ, പെരുമാറ്റം എന്നിവയിലും പ്രഫഷനലിസം പ്രകടിപ്പിക്കുന്നവരെയാണ് മികച്ച ജീവനക്കാരായി കണക്കുകൂട്ടുന്നത്. അവരെ മറ്റുള്ളവർ ബഹുമാനിക്കുകയും വേഗം ശ്രദ്ധിക്കപ്പെടുകയും ചെയ്യും. 

10. കൃത്യനിഷ്ഠ
കൃത്യ സമയത്ത് ജോലിക്കെത്തുക വർക് എത്തിക്സിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ്. മീറ്റിങ്ങുകളിൽ സമയത്ത് എത്തുക, അനുവദിച്ച സമയത്തിനുള്ളിൽ സംസാരം പൂർത്തിയാക്കുക, അനുവദിച്ച സമയത്തിനും മുന്നേ ജോലി പൂർത്തിയാക്കുക എന്നതെല്ലാം കൃത്യനിഷ്ഠയുടെ ഭാഗമാണ്.

ഓഫിസ് റൂമറിനെ ഭയമാണോ – വിഡിയോ 


Content Summary : Master the Art of Career Advancement: The 10 Essential Work Values You Need to Know

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com