ഡിബിടി–റിസർച് അസോഷ്യേറ്റ്ഷിപ് : 47,000– 54,000 രൂപ പ്രതിമാസ സ്റ്റൈപൻഡും 50,000 രൂപ വാർഷിക കണ്ടിൻജൻസി ഗ്രാന്റും
Mail This Article
ബയോടെക്നോളജിയിലെയും ജൈവശാസ്ത്രശാഖകളിലെയും പുതിയ മേഖലകളിലെ ഗവേഷണ അസോഷ്യേറ്റ്ഷിപ്പിന് ഓൺലൈൻ അപേക്ഷ ഈമാസം 26 വരെ സ്വീകരിക്കും. ജനുവരി ഒന്നിനും ജൂലൈ ഒന്നിനും പ്രോഗ്രാം തുടങ്ങുംവിധം അപേക്ഷ ക്ഷണിച്ച് വർഷം 75 പേർക്കു ഫെലോഷിപ് നൽകുന്നു. ബയോളജി / ബയോടെക്നോളജി മേഖലയിൽ ശക്തമായ യുവശാസ്ത്രജ്ഞനിര രൂപപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇന്ത്യയിലെ പ്രമുഖ ഗവേഷണാലയങ്ങളിലും സർവകലാശാലകളിലും ഗവേഷണമാകാം. കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രാലയമാണു സാമ്പത്തികസഹായം നൽകുന്നത്. വെബ്: http://ra.dbtindia.gov.in.
അപേക്ഷകർക്കു സയൻസ് /എൻജിനീയറിങ് പിഎച്ച്ഡി അഥവാ എംഡി/എംഎസ് യോഗ്യത വേണം. മികച്ച അക്കാദമികചരിത്രവും ഈ മേഖലയിലെ ഗവേഷണത്തിൽ തീവ്രമായ താൽപര്യവുമുണ്ടായിരിക്കണം. പ്രാഥമിക സിലക്‌ഷനുള്ളവർക്കു നവംബറിൽ ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ വച്ച് പ്രസന്റേഷനും ഇന്റർവ്യൂവുമുണ്ട്. 47,000– 54,000 രൂപ പ്രതിമാസ സ്റ്റൈപൻഡും 50,000 രൂപ വാർഷിക കണ്ടിൻജൻസി ഗ്രാന്റും ലഭിക്കും. തീസിസ് സമർപ്പിച്ചവരെയും പരിഗണിക്കും. പിഎച്ച്ഡി/എംഡി/എംഎസ് നേടുംവരെ അവർക്കു 35,000 രൂപ പ്രതിമാസ സ്റ്റൈപൻഡ് നൽകും.
ഒക്ടോബർ 26നു 40 വയസ്സു കവിയരുത്. വനിതകൾക്കു 45 വരെയാകാം. ജോലിയിലിരിക്കുന്നവർക്കും അപേക്ഷിക്കാം. എന്നാൽ സിലക്‌ഷൻ കിട്ടി ഗവേഷണം ആരംഭിക്കാൻ, നിലവിലെ ജോലി ഉപേക്ഷിക്കേണ്ടിവരും. ഇന്ത്യയിൽ മാത്രമേ ഗവേഷണം അനുവദിക്കൂ. പിഎച്ച്ഡി അഥവാ എംഡി/എംഎസ് നേടിയ സ്ഥാപനത്തിൽ പഠനം പാടില്ല. മെന്ററുടെ കീഴിൽ 2 പേർക്കേ ഈ പദ്ധതിയിലെ ഗവേഷണം ചെയ്യാൻ കഴിയൂ. ലബോറട്ടറി ലഭ്യമാണെങ്കിൽ റിട്ടയർ ചെയ്തവർക്കും മെന്ററാകാം. 2 വർഷത്തേക്കാണ് അസോഷ്യേറ്റ്ഷിപ്. പ്രവർത്തനമികവു പരിഗണിച്ച് ഇതു വർഷം തോറും പുതുക്കി, 4 വർഷം വരെ നീട്ടാനും വ്യവസ്ഥയുണ്ട്. റഫറികൾ ശുപാർശക്കത്ത് ഒക്ടോബർ 26ന് അകം അപ്‌ലോഡ് ചെയ്യണം. ഒരിക്കൽ ഈ ഫെലോഷിപ് വാങ്ങിയവർ വീണ്ടും അപേക്ഷിക്കേണ്ട. പൂർണവിവരങ്ങൾ വെബ് സൈറ്റിൽ.സംശയപരിഹാരത്തിന് DBT-HRD Project & Management Unit, Regional Centre for Biotechnology, Faridabad, Haryana. ഫോൺ: 0129 2848540; ra.dbt@rcb.res.in.
Content Summary : DBT-RA Program in Biotechnology and life sciences