ഹോമിയോ എംഡി: അപേക്ഷ നാളെ 5 വരെ
Mail This Article
തിരുവനന്തപുരം, കോഴിക്കോട് സർക്കാർ ഹോമിയോപ്പതി മെഡിക്കൽ കോളജുകളിലെ എംഡി പ്രോഗ്രാമുകളിൽ പ്രവേശനത്തിനു നാളെ വൈകിട്ട് അഞ്ചു വരെ അപേക്ഷിക്കാം. www.cee.kerala.gov.in. അപേക്ഷാഫീ 900 രൂപ; പട്ടികവിഭാഗം 450 രൂപ.
സർവീസ് ക്വോട്ടക്കാരടക്കമുള്ള അപേക്ഷകർ ബിഎച്ച്‌എംഎസ് ബിരുദവും AIAPGET-2023 പ്രവേശനപരീക്ഷയിൽ യോഗ്യതയും നേടിയിരിക്കണം. ജനറൽ വിഭാഗക്കാർക്ക് 50–ാം പെർസെന്റൈൽ, പട്ടിക, പിന്നാക്ക വിഭാഗക്കാർക്ക് 40–ാം പെർസന്റൈൽ, ഭിന്നശേഷിക്കാർക്ക് 45–ാം പെർസന്റൈൽ എന്നിങ്ങനെ പ്രവേശനപരീക്ഷയിൽ സ്കോർ വേണം. എൻട്രൻസ് പരീക്ഷാ കമ്മിഷണർ തയാറാക്കിയ റാങ്ക്‌ലിസ്റ്റിൽ പേരുണ്ടായിരിക്കുകയും വേണം. 12 മാസത്തെ ഇന്റേൺഷിപ് ഒക്ടോബർ 31ന് എങ്കിലും പൂർത്തിയാക്കി, അലോട്മെന്റ് കിട്ടിയ കോളജിൽ നവംബർ ആറിന് അകം സർട്ടിഫിക്കറ്റ് സമർപ്പിക്കണം. ഉയർന്ന പ്രായപരിധിയില്ല.
ഒരു വർഷത്തെ ഹൗസ് ജോബ് അടക്കം കോഴ്‌സ് ദൈർഘ്യം മൂന്നു വർഷം. Materia Medica, Homeopathic philosophy, Repertory, Practice of Medicine എന്നീ നാലു സ്‌പെഷ്യൽറ്റിയും ചേർത്ത് എംഡിക്കു 2 കോളജുകളിലുമായി ആകെ 58 സീറ്റ്. ഇതിൽ ഓൾ ഇന്ത്യാ ക്വോട്ട 9 നീക്കി, ബാക്കി 49 സീറ്റ് ഈ പ്രവേശനത്തിലുണ്ട്. സംവരണം പാലിക്കും. കേരളത്തിൽ വേരുകളുള്ളവർക്കും കേരളത്തിലെ ഹോമിയോ കോളജിൽ പഠിച്ചു ജയിച്ചവർക്കുമായി 23 സീറ്റ് നീക്കിവച്ചിട്ടുണ്ട്.
വാർഷിക ട്യൂഷൻഫീ 10,500 രൂപ. മറ്റു ഫീസ് പുറമേ. അർഹതയുള്ള ജാതിവിഭാഗക്കാർക്ക് ഫീസിളവുണ്ട്. സർക്കാർ നിശ്‌ചയിക്കുന്ന ക്രമത്തിൽ എല്ലാവർക്കും പ്രതിമാസ സ്‌റ്റൈപൻഡുണ്ട്. സാധാരണഗതിയിൽ ഹോസ്‌റ്റൽ സൗകര്യം ലഭിക്കും. സർവീസ് ക്വോട്ടക്കാർക്കുള്ള വിശേഷ വ്യവസ്ഥകളടക്കമുള്ള വിവരങ്ങൾക്ക് പ്രോസ്പെക്ടസ് നോക്കുക.
വിജ്ഞാപനവും പ്രോസ്പെക്ടസും www.cee.kerala.gov.in എന്ന സൈറ്റിലെ PG Homeopathy 2023 ലിങ്കിലുണ്ട്. ഹെൽപ്‌ലൈൻ: 0471 2525300.