ടോഫൽ: പുതിയ ഫോർമാറ്റ് അറിയാം
Mail This Article
ചോദ്യം: വിദേശത്ത് ഉപരിപഠനം ആഗ്രഹിക്കുന്ന പ്ലസ്ടു വിദ്യാർഥികളാണു ഞങ്ങൾ. ടോഫൽ പരീക്ഷയിൽ വന്നിരിക്കുന്ന മാറ്റങ്ങൾ വിശദീകരിക്കാമോ ?
ഉത്തരം: ഉപരിപഠനത്തിനും ജോലിക്കും കുടിയേറ്റത്തിനും ഇംഗ്ലിഷ് ഭാഷയിലെ പ്രാവീണ്യം തെളിയിക്കാനുള്ള പ്രമുഖ യോഗ്യതാപരീക്ഷയാണ് ടോഫൽ (TOEFL: Test of English as a Foreign Language). ഇന്റർനെറ്റ് ആധാരമാക്കിയുള്ള ടെസ്റ്റിനെ സൂചിപ്പിക്കാൻ TOEFL iBT എന്നു പറയുന്നു.
160 രാജ്യങ്ങളിലെ സർവകലാശാലകളടക്കമുള്ള ഉദ്ദേശം 12,000 സ്ഥാപനങ്ങളിൽ ടോഫൽ സ്കോർ സ്വീകരിക്കുന്നു. വെബ്: www.ets.org/toefl.
ടോഫൽ പരീക്ഷയുടെ സമയം 3 മണിക്കൂറോളമായിരുന്നത് ഇക്കൊല്ലം ജൂലൈ 26നു വരുത്തിയ പരിഷ്കാരത്തോടെ ഒരു മണിക്കൂർ 56 മിനിറ്റായി കുറഞ്ഞു. ടെസ്റ്റിന്റെ ഘടനയിലും മാറ്റം വന്നു.
ഇംഗ്ലിഷ് പ്രാവീണ്യം നിർണയിക്കുന്ന പല ടെസ്റ്റുകളുണ്ടെങ്കിലും, യുഎസ് ഈ ടെസ്റ്റിനു മുൻഗണന നൽകുന്നു. യുകെ, യൂറോപ്പ്, കാനഡ, ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നിവിടങ്ങളിലെ സർവകലാശാലകളിൽ പഠിക്കാൻ ടോഫൽ സ്കോർ സഹായകമാണ്.
നാലു കാര്യങ്ങളിലെ പ്രാവീണ്യം പരിശോധിക്കും – Reading, Listening, Speaking, Writing. പുതിയ ടെസ്റ്റ് ഘടനയ്ക്കു ചാർട്ട് ശ്രദ്ധിക്കുക.
നാലു വിഭാഗങ്ങൾ
റീഡിങ്: അക്കാദമിക അന്തരീക്ഷത്തിലെ മാറ്റർ വായിച്ചു മനസ്സിലാക്കാനുള്ള കഴിവ് റീഡിങ്ങിൽ പരിശോധിക്കും. സർവകലാശാലാ തലത്തിലെ പുസ്തകങ്ങളിൽനിന്ന് 700 വാക്കോളമുള്ള രണ്ടു പാസേജുകൾ കാണും. ഓരോന്നും ആസ്പദമാക്കി 10 ചോദ്യം.
·ലിസനിങ്: അക്കാദമിക അന്തരീക്ഷത്തിലെ സംഭാഷണമോ ലക്ചറോ കേട്ടുമനസ്സിലാക്കുക, പറയുന്നയാളിന്റെ മനോഭാവം തിരിച്ചറിയുക, കേട്ട അറിവുകൾ സമന്വയിപ്പിക്കുക എന്നിവയിലെ പ്രാവീണ്യം പരിശോധിക്കും. 3 ലക്ചർ, തുടർന്ന് 3–5 മിനിറ്റ് ചർച്ച, ഓരോ ലക്ചറിനെയും ആസ്പദമാക്കി 6 ചോദ്യം. 3 മിനിറ്റ് നീളുന്ന 2 സംഭാഷണം, ഓരോന്നിനെയും ആസ്പദമാക്കി 5 ചോദ്യം.
സ്പീക്കിങ്: അക്കാദമിക പശ്ചാത്തലത്തിൽ ഫലപ്രദമായി സംസാരിക്കാനുള്ള ശേഷി വിലയിരുത്തും. ക്ലാസ്റൂമിലും പുറത്തും സാധാരണമായി അനുഭവപ്പെടുന്ന സാഹചര്യം ഒരുക്കിയിരിക്കും.
ഒന്നാം ടാസ്ക്: സ്വന്തം ആശയം അവതരിപ്പിച്ചു പ്രതികരിക്കുക.
2–4 ടാസ്കുകൾ: ക്ലാസ്മുറിക്കു പുറത്തു ചെയ്യാറുള്ളതുപോലെ, കേട്ടതും വായിച്ചതും പറയുന്നതുമെല്ലാം സമന്വയിക്കുന്നതിനുള്ള ഇംഗ്ലിഷ് ഭാഷാശേഷി പരിശോധിക്കും. ഓരോ ചോദ്യത്തിനും ഉത്തരം തീരുമാനിച്ചുറയ്ക്കാൻ 15–30 സെക്കൻഡും പറയാൻ 45–60 സെക്കൻഡും കിട്ടും. ശബ്ദം റിക്കോർഡ് ചെയ്ത് പരീക്ഷകർക്കു നൽകും. 16 മിനിറ്റിൽ ഇവയെല്ലാം തീരും.
റൈറ്റിങ്: പാസേജ് വായിച്ചോ ലക്ചർ കേട്ടോ മനസ്സിലാക്കി 20 മിനിറ്റിൽ എഴുതുന്നതാണ് ആദ്യ ടാസ്ക്. അക്കാദമിക് ചർച്ചയ്ക്കു വേണ്ടി 10 മിനിറ്റിൽ മാറ്റർ തയാറാക്കി, ഓൺലൈൻ ക്ലാസ്റൂം ചർച്ചയിൽ അഭിപ്രായം പറഞ്ഞ് അതു സ്ഥാപിക്കുന്നത് രണ്ടാമത്തെ ടാസ്ക്. കംപ്യൂട്ടർ കീബോർഡ് ഉപയോഗിച്ചു ടൈപ് ചെയ്തു ചേർക്കണം. 29 മിനിറ്റ്.
കൂടുതൽ വിവരങ്ങൾ
വെബ്സൈറ്റിൽ പരിശീലന സൗകര്യമുണ്ട്. എങ്കിലും ഗുരുമുഖത്തെ പരിശീലനം ഏറെ ഗുണകരമാകുമെന്നും ഓർക്കാം. കേരളത്തിലും ടോഫൽ എഴുതാം. ആണ്ടിൽ 50 തവണയോളം ടെസ്റ്റ് നടത്തും. തീയതിയും കേന്ദ്രവും നോക്കി റജിസ്റ്റർ ചെയ്യാം.
നാലു സ്ഥാപനങ്ങളിലേക്കു സ്കോർ റിപ്പോർട്ട് അയയ്ക്കും. കൂടുതൽ വേണമെങ്കിൽ ഓരോന്നിനും 20 ഡോളർ ഫീ നൽകണം. സ്കോറിന് പരീക്ഷത്തീയതി മുതൽ 2 വർഷത്തേക്കു സാധുതയുണ്ട്. പൂർണവിവരങ്ങൾ വെബ്സൈറ്റിൽ
Content Summary : Cracking the TOEFL Exam: Unveiling the New Structure and Timing