അവന്റെയൊപ്പം എത്തുന്നില്ല എന്ന അസൂയയും എന്റെയൊപ്പം ആരുമില്ല എന്ന അഹങ്കാരവും തോന്നാറുണ്ടോ?
Mail This Article
റോസാച്ചെടിയുടെ സൗന്ദര്യത്തെ മറ്റു ചെടികളെല്ലാം വാഴ്ത്തിപ്പാടി. അങ്ങനെ അവൾ അഹങ്കാരിയായി. കള്ളിമുൾച്ചെടിയോട് അവൾ പറഞ്ഞു: എന്തു വൃത്തികെട്ട രൂപമാണ് നിന്റേത്. ഓരോ ചെടിയുടെയും കുറ്റം കണ്ടുപിടിക്കുകയായിരുന്നു റോസാച്ചെടിയുടെ ജോലി. വേനൽക്കാലമെത്തിയപ്പോൾ റോസാച്ചെടി വരണ്ടു തുടങ്ങി. കുരുവികൾ കള്ളിമുൾച്ചെടിയിൽ വന്ന് കൊത്തി വെള്ളമെടുക്കാൻ തുടങ്ങി. അവരെല്ലാം ഉന്മേഷത്തോടെ പറന്നകന്നു. എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാകാതെ നിന്ന റോസാച്ചെടിക്ക് അടുത്തുനിന്ന മരം എല്ലാം വിശദീകരിച്ചു കൊടുത്തു. അവൾ ചോദിച്ചു: കൊത്തുമ്പോൾ ചെടിക്കു വേദനിക്കില്ലേ? മരം പറഞ്ഞു: തീർച്ചയായും. പക്ഷേ, കുരുവികൾ ദാഹിച്ചുവലയാൻ കള്ളിമുൾച്ചെടി അനുവദിക്കില്ല. റോസാച്ചെടിക്കു തന്റെ പെരുമാറ്റത്തിൽ ലജ്ജ തോന്നി.
ഓരോ ജീവിതത്തിനും ഓരോ നിയോഗമുണ്ട്. ചിലതു പുഷ്പിക്കും, ചിലതു കായ്ക്കും, മറ്റുചിലതു തണലേകും. പുല്ലും കുറ്റിച്ചെടിയും വൻമരവുമുണ്ട്. ആരാണു മെച്ചം, ആരാണു മോശം എന്ന ചോദ്യത്തിനുപോലും പ്രസക്തിയില്ല. പുല്ല് ചെയ്യുന്നതു ചെടികൾക്കു ചെയ്യാനാകില്ല. വള്ളിപ്പടർപ്പിനാകുന്നത് വൻവൃക്ഷങ്ങൾക്കാകില്ല. മരമാണ് മികച്ചതെന്നു വിധിച്ചാൽ ചുഴലിക്കാറ്റിനുശേഷം കുറ്റിച്ചെടികളോടുള്ള മനോഭാവം മാറ്റേണ്ടിവരും. ഫലങ്ങൾ തരുന്നവയെ മാത്രം ആദരിച്ചുശീലിച്ചാൽ തണൽമരങ്ങളെ പാഴ്മരങ്ങളെന്നു വിളിക്കാനാകുമോ? ഒരേ വർഗത്തിൽ പെട്ടവയാണെങ്കിലും ഒരു ജീവിതവും ഒരുപോലെയല്ല. എല്ലാവരും മുന്നോട്ടുനീങ്ങുന്നത് തങ്ങളുടേതായ ദൗത്യങ്ങളിലൂടെയാണ്. വരളുന്ന സമയവും വളരുന്ന സമയവും എല്ലാവർക്കുമുണ്ട്. ഇലപൊഴിയും കാലവും പൂക്കാലവുമുണ്ട്. അവന്റെയൊപ്പം എത്തുന്നില്ല എന്നത് അസൂയയും എന്റെയൊപ്പം ആരുമില്ല എന്നത് അഹങ്കാരവുമാണ്.
താനാരാണ് എന്നതിനെക്കാൾ പ്രാധാന്യമുണ്ട് താൻ എന്തിനൊക്കെ ഉപകരിക്കുന്നു എന്ന വിചിന്തനത്തിന്. വിരിഞ്ഞുനിൽക്കുന്ന എല്ലാ പൂക്കളും അലങ്കാരത്തിനുപയോഗിക്കുന്നില്ല.കായ്ചുനിൽക്കുന്ന എല്ലാ കനികളും ഭക്ഷ്യയോഗ്യവുമല്ല. പക്ഷേ, ഏതെങ്കിലുമൊക്കെ ജൈവദൗത്യം അവയോരോന്നും നിർവഹിക്കുന്നുണ്ട്. വിടവാങ്ങും മുൻപ് ഓരോരുത്തരും പൂർത്തിയാക്കേണ്ട കർമപദ്ധതികളുണ്ട്. അതവർക്കു മാത്രമേ പൂർണമാക്കാൻ കഴിയൂ.