ആദ്യ കാഴ്ചയിൽ ആളുകളോട് ഇഷ്ടവും വെറുപ്പും തോന്നാറുണ്ടോ?; അടുത്തറിയാതെ അളക്കാൻ ശ്രമിക്കരുത്
Mail This Article
തടിച്ച ആ സ്ത്രീ തന്റെ സീറ്റിനരികിൽ വന്നിരുന്നതേ അയാൾക്കിഷ്ടപ്പെട്ടില്ല. അവരുടെ ചോദ്യങ്ങൾക്കെല്ലാം ഒറ്റവാക്കിൽ ഉത്തരം പറഞ്ഞ് അയാൾ ഒഴിവായി. കുറച്ചുകഴിഞ്ഞപ്പോൾ അയാൾ ചോദിച്ചു: ഭാരം കുറയ്ക്കണമെന്നു താങ്കൾക്ക് ഒരിക്കലും തോന്നിയിട്ടില്ലേ? ഇല്ലെന്ന മറുപടി കേട്ട് അയാൾ വീണ്ടും ചോദിച്ചു: അമിതവണ്ണം എന്തൊക്കെ അസുഖങ്ങൾ ഉണ്ടാക്കുമെന്നറിയാമോ? അവർ പറഞ്ഞു: ഞാൻ വളരെ സന്തോഷവതിയാണ്. എന്റെ സന്തോഷം താങ്ങാൻ ഇത്രയും വലിയ ശരീരം വേണം. എല്ലാവരും എന്നെ അമിതവണ്ണക്കാരിയായി മാത്രമാണ് കാണുന്നത്. അവർക്കു ഞാൻ അലസയും തീരുമാനങ്ങൾ ഇല്ലാത്തവളുമാണ്. പക്ഷേ, ഉള്ളിൽ ഞാൻ വളരെ മെലിഞ്ഞ, ആവേശഭരിതയായ ആളാണ്. എന്നെ അന്വേഷിച്ചു വരുന്ന അനേകരുണ്ട്. ഞാൻ അവരുടെ പ്രശ്നങ്ങൾ കേട്ടാൽ മാത്രം മതി. വാഹനം നിർത്തി ഇറങ്ങുമ്പോൾ അവരെക്കാത്ത് അവർ ജോലി ചെയ്യുന്ന സ്കൂളിലെ കുട്ടികൾ നിൽപുണ്ടായിരുന്നു.
ആകാരം അളന്നാൽ സൗന്ദര്യപ്പട്ടികയിൽ സ്ഥാനംപിടിക്കുന്ന ചുരുക്കം ചിലരേ ഉണ്ടാകൂ. ആദ്യകാഴ്ചയിലെ അഭിപ്രായത്തിനും അനുരാഗത്തിനുമെല്ലാം പരിമിതിയുണ്ട്. അവിടെ പ്രദർശിപ്പിക്കപ്പെടുന്നവ മാത്രമേ ദൃശ്യമാകൂ. ഒറ്റനോട്ടത്തിൽ മനസ്സിലാക്കി എന്നതു തെറ്റിദ്ധാരണയും അസംബന്ധവുമാണ്. ആദ്യകാഴ്ചയിലെ അസ്വാഭാവികത കൊണ്ട് അകന്നുപോയവരും ആകർഷണീയതകൊണ്ട് അടുത്തുകൂടിയവരും ഒരുപോലെ കബളിപ്പിക്കപ്പെട്ടവരാണ്. എന്തിനോടും താദാത്മ്യപ്പെടാൻ അതിന്റേതായ സമയം വേണം. അവനവനു മാത്രം അവകാശമുള്ള ശരീരവും മനസ്സും താൽപര്യങ്ങളുമാണ് എല്ലാ ജീവിതങ്ങളെയും ക്രമീകരിക്കുന്നത്.
തിരുത്താനാകാത്ത പ്രകൃതങ്ങളെയും മാറ്റാനാകാത്ത ഇഷ്ടങ്ങളെയും കുറിച്ചുള്ള അനാവശ്യ വിമർശനം ആരെയും അസ്വസ്ഥരാക്കും. ആദ്യകാഴ്ചയിൽ ഇഷ്ടപ്പെടാത്ത ആരുടെയെങ്കിലുംകൂടെ അൽപനേരമൊന്നു ചെലവഴിച്ചാലറിയാം അവരിലെ അനുകരണീയ ജീവിതം. ഓരോരുത്തരും അനിഷേധ്യരും അവിഭാജ്യരുമാകുന്ന ചിലയിടങ്ങളുണ്ട്. അവിടെ അവർ സ്ഥിരപരിചിതരും പ്രസക്തരുമാണ്. അല്ലാത്തയിടങ്ങളിൽ അവർ ആൾക്കൂട്ടത്തിലെ ഒരാൾ മാത്രം. എല്ലാവരും അനുമോദിക്കുകയും അഭിവാദ്യമർപ്പിക്കുകയും ചെയ്യുന്ന ആളാകാൻ ശ്രമിക്കുന്നതിനെക്കാൾ നല്ലത് തങ്ങളുടെ സ്വകാര്യ ഇടങ്ങളിലെ അനുകരണീയ മാതൃകയാകുന്നതാണ്.